ADVERTISEMENT

കാളികാവ് (മലപ്പുറം) ∙ ഉദിരംപൊയിലിൽ രണ്ടര വയസുകാരി ഫാത്തിമ നസ്റീനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസിനെ (24) കാളികാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊലപാതകത്തിനുളള വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. തിങ്കളാഴ്ച കസ്‌റ്റഡിയിലെടുത്ത മുഹമ്മദ് ഫായിസിന്റെ അറസ്‌റ്റ് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമാണ് രേഖപ്പെടുത്തിയത്. 

നസ്‌റീനെ ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെ കാളികാവിലെയും വണ്ടൂര്രിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പോസ്‌റ്റ് മോര്‍ട്ടത്തിന് അയയ്ക്കുകയായിരുന്നു. കുട്ടിയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതാണെന്ന പിതാവിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾ കാളികാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 

മഞ്ചേരി മെഡിക്കൽ കോളജിൽ നടന്ന പോസ്‌റ്റുമോർട്ടത്തിനുശേഷമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പത്തു ദിവസത്തോളം തുടർച്ചയായി നടന്ന മർദനത്തെത്തുടർന്ന് ഫാത്തിമ നസ്റീന്റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും വാരിയെല്ലുകൾ പൊട്ടി ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിക്കുകയും ചെയ്തെന്ന് കണ്ടെത്തി. പ്രതിയെ ഇന്നലെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. ഇന്നലെ കുട്ടിയുടെ മാതാവിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തി. സിഐ എം.ശശിധരൻപിള്ള, എസ്ഐമാരായ വി.ശശിധരൻ, പി.സുബ്രഹ്മണ്യൻ, എഎസ്ഐ സാബിറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

ഹൈക്കോടതി നേരിട്ട് ഇടപെടും 

കൊച്ചി ∙ മലപ്പുറം കാളികാവ് ഉദിരംപൊയിലിൽ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റീൻ ക്രൂരമർദനത്തെ തുടർന്നു മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. കേസെടുക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാൻ ഹൈക്കോടതി റജിസ്ട്രിക്കു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. കേരളത്തിൽ ഇത്തരം സംഭവം നടന്നെന്നു പറയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നു കോടതി പറഞ്ഞു. സമാനമായ കേസ് തൊടുപുഴയിൽ നേരത്തെ റിപ്പോർട്ട് ചെയ്തതും കോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ചയോളം നീണ്ട മർദനത്തെ തുടർന്നാണു ഫാത്തിമ മരിച്ചതെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

English Summary:

Two and half year old girl's death: Father arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com