ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക വർഷം അവസാനിക്കാൻ നാലുനാൾ മാത്രം ശേഷിക്കെ, സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പാതിവഴിയിൽ. സംസ്ഥാന, കേന്ദ്ര, തദ്ദേശ പദ്ധതികൾക്കായി ആകെ 38,629 കോടി രൂപ ബജറ്റിൽ‌ മാറ്റിവച്ചിരുന്നെങ്കിലും ഇന്നലെ വരെ 25,237 കോടി മാത്രമാണ് ചെലവിടാനായത്. ഇനിയുള്ള 4 ദിവസത്തിൽ അദ്ഭുതമൊന്നും സംഭവിക്കാനില്ല. 13,392 കോടി രൂപ കൂടി ചെലവിടേണ്ടതുണ്ടെങ്കിലും ഖജനാവിൽ പണമില്ലാത്തതിനാൽ അടുത്ത വർഷത്തേക്കു മാറ്റിവയ്ക്കുകയാണ്. 

ഇൗ മാസം 19 വരെ ട്രഷറികളിൽ ലഭിച്ച 1,211 കോടി രൂപയുടെ ബില്ലുകൾ പാസാക്കാൻ നിർദേശിച്ചിരുന്നു. പുറമേ 22 വരെ ലഭിച്ച ബില്ലുകൾക്കും പണം നൽകും. അതു കഴിഞ്ഞുള്ളവയുടെ പണം ഏപ്രിൽ‌ 1 മുതലുള്ള അടുത്ത സാമ്പത്തിക വർഷം നൽകാനാണു തീരുമാനം. 

പ്രഖ്യാപിച്ച പദ്ധതിച്ചെലവുകൾ അതതു വർഷം നിറവേറ്റാൻ കഴിയാത്തതു ബജറ്റിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുകയണ്. കൃഷി (49.51%), ഗ്രാമവികസനം (65.99%), ജലസേചനം (46.89%), വ്യവസായം (44.45%) തുടങ്ങിയ മുഖ്യ മേഖലകളിൽ പോലും പകുതിയോളം തുക മാത്രമേ ചെലവിട്ടിട്ടുള്ളൂ. എന്നാൽ, ആരോഗ്യം (72%), ഗതാഗതം (72%), ഉൗർജം (79.64%) എന്നീ മേഖലകളിൽ ചെലവു കൂട്ടാനായി. 

വിധി വന്നില്ല; കടമെടുപ്പിൽ കുടുങ്ങി 

തിരുവനന്തപുരം ∙ ഇൗ വർഷം കടമെടുക്കാനുള്ള അവസാന നാൾ ഇന്നലെ കഴിഞ്ഞതോടെ ആ വഴി അടഞ്ഞു. നേരത്തെ സുപ്രീം കോടതി ഇടപെട്ട് അനുവദിച്ച 13,608 കോടി രൂപയിൽ ബാക്കിയുള്ള 4,866 കോടി രൂപ ഇന്നലെ റിസർവ് ബാങ്കു വഴി കടമെടുത്തു. 10,000 കോടി കൂടി ഇൗ വർഷം എടുക്കാൻ അനുവദിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ, 5,000 കോടി കർശന വ്യവസ്ഥകളോടെ അനുവദിക്കാമെന്നു കേന്ദ്രം നിലപാടെടുത്തു. ഇതു കേരളം തള്ളിയതോടെ കേസിൽ വിശദമായി വാദം കേട്ട കോടതി വിധി പുറപ്പെടുവിക്കാനായി മാറ്റി. കടമെടുക്കാനുള്ള അവസാന നാൾ പിന്നിട്ടിട്ടും വിധി വരാത്തത് കേരളത്തിനു തിരിച്ചടിയുമായി. 

പദ്ധതിച്ചെലവ് ‍വിനിയോഗം ഇങ്ങനെ

∙സംസ്ഥാന പദ്ധതി 

ബജറ്റിൽ: 22,112 കോടി 

ചെലവിട്ടത്: 14,736 (66.64%) 

ചെലവിടാനുള്ളത്: 7,376 കോടി 

∙കേന്ദ്ര പദ്ധതി 

ബജറ്റിൽ: 8,259 കോടി 

ചെലവിട്ടത്: 4,915 (59.52%) 

ചെലവിടാനുള്ളത്: 3,344 കോടി 

∙തദ്ദേശ പദ്ധതി 

ബജറ്റിൽ: 8,258 കോടി 

ചെലവിട്ടത്: 5,586 കോടി (67.64%) 

ചെലവിടാനുള്ളത്: 2,672 കോടി 

∙ "സംസ്ഥാനത്തു ട്രഷറി നിയന്ത്രണമില്ല. ലക്ഷക്കണക്കിനു ബില്ലുകൾ ഒരേസമയം വരുന്നതു കൊണ്ടാണു തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകൾ മാറാത്തത്. കേന്ദ്രം നികുതിവിഹിതം വെട്ടിക്കുറച്ചതിനാലാണു കേരളം കടമെടുക്കാൻ നിർബന്ധിതമായത്. 10,000 കോടിയിൽ പരമാണ് ഇപ്പോൾ വിഹിതത്തിലെ കുറവ്. 3 വർഷം മുൻപ് 47% വരെ നികുതിവിഹിതം കേന്ദ്രം നൽകിയിരുന്നു. അടുത്ത വർഷം ഇത് 25% ആയി കുറയും" - മന്ത്രി കെ.എൻ.ബാലഗോപാൽ. 

English Summary:

Four days to end the financial year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com