ADVERTISEMENT

തിരുവനന്തപുരം ∙ ‘സേവന കരാറിന്റെ മറവിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡുമായി എക്സാലോജിക് കമ്പനി നടത്തിയ സംശയാസ്പദമായ പണമിടപാട് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുന്നതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണം’– ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസ്, കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ ശുപാർശയാണ് ഇ.ഡി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

3 മാസത്തിനിടെ നാലാമത്തെ അന്വേഷണമാണ് എക്സാലോജിക്– സിഎംആർഎൽ സാമ്പത്തിക ഇടപാടിൽ കേന്ദ്രം പ്രഖ്യാപിക്കുന്നത്. ഷോൺ ജോർജ് നൽകിയ പരാതിയിൽ ആദ്യം നടപടിയെടുക്കാതിരുന്ന കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയം, പരാതിക്കാരൻ കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിനു നീക്കം തുടങ്ങിയത്. 

ജനുവരിയിലായിരുന്നു ബെംഗളൂരുവിലെയും കൊച്ചിയിലെയും റജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫിസുകളുടെ പ്രാഥമികാന്വേഷണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് ഇ.ഡിയും അഴിമതി നിരോധന നിയമം അനുസരിച്ച് സിബിഐയും അന്വേഷിക്കേണ്ട കാര്യങ്ങളുണ്ടെന്നും കമ്പനി നിയമത്തിന്റെ ഒട്ടേറെ ലംഘനങ്ങളുണ്ടെന്നും കണ്ടെത്തി. 

എന്നാൽ, കമ്പനി നിയമത്തിലെ വകുപ്പ് 210 (1) പ്രകാരം ആർഒസിയിലെ 3 ഇൻസ്പെക്ടർമാരുടെ അന്വേഷണമാണു കേന്ദ്രം പ്രഖ്യാപിച്ചത്. കമ്പനി നിയമത്തിലെ വകുപ്പ് 447 പ്രകാരം ഗൗരവമുള്ള നിയമലംഘനം നടന്നതായി ആർഒസി റിപ്പോർട്ടിലുണ്ടെന്നും വേണ്ടത് എസ്എഫ്ഐഒ അന്വേഷണമാണെന്നും വാദിച്ചു ഷോൺ ഹൈക്കോടതിയെ സമീപിച്ചു.

കോടതി അഭിപ്രായം ആരാഞ്ഞപ്പോഴാണു 211, 212 വകുപ്പുകൾ പ്രകാരം കേന്ദ്രം എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. കമ്പനികളുടെ സാമ്പത്തികത്തട്ടിപ്പ് അന്വേഷിക്കാൻ 2015ൽ രൂപീകരിച്ചതാണ് എസ്എഫ്ഐഒ. എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി തുടങ്ങിയവ ഇവരുടെ നേരിട്ടുള്ള അന്വേഷണത്തിൽ വരില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ച് കേസ് അന്വേഷിക്കേണ്ട കേന്ദ്ര ഏജൻസി ഇ.ഡിയാണ്. 

മുഖ്യമന്ത്രിക്കു നിയന്ത്രണാധികാരമുള്ള കെഎസ്ഐഡിസി ഓഹരി പങ്കാളിയായ സിഎംആർഎൽ, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് ആർഒസിയുടെ കണ്ടെത്തൽ. ‘റിലേറ്റഡ് പാർട്ടി’യുമായി നടത്തിയ ഇടപാടിന് അഴിമതിയുടെ സ്വഭാവമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നുമാണു റിപ്പോർട്ടിലുള്ളത്. സിബിഐ കൂടി അന്വേഷണരംഗത്തു വരാനുള്ള പഴുത് ഇതിലുണ്ട്.

English Summary:

Exalogic-CMRL money transfer: loophole for CBI to investigate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com