ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഐടി സർവീസ് കമ്പനിയായ എക്സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎൽ അടക്കമുള്ള 12 സ്ഥാപനങ്ങളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം തുടങ്ങി.  

ഇതേ കേസിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്.

കമ്പനി നിയമപ്രകാരം 10 ലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്കുള്ള സാമ്പത്തിക തട്ടിപ്പുകൾ വെളിപ്പെട്ടാൽ 10 വർഷംവരെ ജയിൽശിക്ഷ ലഭിക്കാവുന്ന 447–ാം വകുപ്പ് ചുമത്താവുന്നതാണ്. ഈ വകുപ്പ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം (പിഎംഎൽഎ) ഇ.ഡിക്കും അന്വേഷണം നടത്താനുള്ള വഴി തുറക്കുന്നതാണ്. 

സാധാരണ കമ്പനി കേസുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയാൽ അതു സംബന്ധിച്ച് മറ്റ് ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ നിർത്തിവയ്ക്കണമെന്നാണു ചട്ടം.

എന്നാൽ, പ്രത്യേകിച്ച് ഐടി സേവനങ്ങളൊന്നും നൽകാതെ 12 സ്ഥാപനങ്ങൾ എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ടിലേക്കു ലക്ഷങ്ങൾ നിക്ഷേപിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. ഈ 12 സ്ഥാപനങ്ങൾക്കും എസ്എഫ്ഐഒ നോട്ടിസ് നൽകി. ഇങ്ങനെ നൽകിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ഈ സ്ഥാപനങ്ങൾക്കോ എന്തിനാണു തുക ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റിയതെന്നു വ്യക്തമാക്കാൻ എക്സാലോജിക് കമ്പനിക്കോ കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണു കേസന്വേഷണത്തിൽ ഇ.ഡിയെ ഉൾപ്പെടുത്താനുള്ള ശുപാർശ എസ്എഫ്ഐഒ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു നൽകിയത്. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കേസിൽ 447–ാം വകുപ്പും ഉൾപ്പെടുത്തിയതോടെ അതിനുള്ള സാഹചര്യവും ഒരുങ്ങി.

രേഖകളിൽ കൃത്രിമം നടത്തിയതിനുള്ള 448–ാം വകുപ്പും എസ്എഫ്ഐഒ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേ കേസിൽ ആദ്യ അന്വേഷണം നടത്തിയ ബെംഗളൂരുവിലെ റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിലും ഇ.ഡി അന്വേഷണത്തിനു ശുപാർശ ചെയ്തിരുന്നു.

1.72 കോടിയിൽ തുടക്കം

ആദായനികുതി തർക്കപരിഹാര ബോർഡ് മുൻപാകെ സിഎംആർഎൽ കമ്പനി സമർപ്പിച്ച രേഖകൾ പ്രകാരം 135 കോടി രൂപ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും നിയമവിരുദ്ധമായി കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ഇതിൽ 1.72 കോടി രൂപ ലഭിച്ചത് എക്സാലോജിക് കമ്പനിക്കാണ്. ഇതാണ് അന്വേഷണങ്ങളുടെ തുടക്കം.

English Summary:

Exalogic: Enforcement Directorate primary research in financial transactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com