ADVERTISEMENT

കൽപറ്റ ∙ പൂക്കോട് വെറ്ററിനറി ക്യാംപസിൽ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായവരെ തിരിച്ചെടുത്തതിൽ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും ഉൾപ്പെട്ടതിൽ വിവാദം. റാഗിങ് നടന്ന ഹോസ്റ്റലിലെ താമസക്കാരല്ലാത്ത ഒന്നാം വർഷ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ വിസി നൽകിയ കുറിപ്പിനെ തുടർന്നു 33 പേരെ തിരിച്ചെടുത്തതിലാണു വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ അസി.റജിസ്ട്രാറുടെ മകനും മകന്റെ സുഹൃത്തും ഉൾപ്പെട്ടത്. വിസിയുടെ കുറിപ്പിന്റെ മറവിൽ, നാലാം വർഷക്കാരായ രണ്ടു പേരെക്കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തി സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. 

സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിടാനുള്ള നിർദേശം വിസിയുടെ കുറിപ്പു സഹിതം ഡീനിന് അയച്ചതും പ്രൈവറ്റ് സെക്രട്ടറിയാണ്. സസ്പെൻഷൻ നേരിടേണ്ടിവന്ന 90 പേരിൽ സീനിയർ ബാച്ചുകാരായ 57 പേർ വേറെയുമുണ്ടായിട്ടും പ്രൈവറ്റ് സെക്രട്ടറിയുടെ മകനെയും സുഹൃത്തിനെയുമൊഴികെ മറ്റാരെയും തിരിച്ചെടുത്തുമില്ല. സസ്പെൻഷൻ റദ്ദാക്കിയ നടപടി പിന്നീടു ഗവർണർ ഇടപെട്ടു പിൻവലിച്ചിട്ടുണ്ട്. ഏപ്രിൽ 4 വരെ അതുവഴി സസ്പെൻഷനു പ്രാബല്യമായി. 

സസ്പെൻഷനിലായ വിദ്യാർഥികളെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവിമുക്തരാക്കുന്നതിലെ നിയമവിരുദ്ധത പല ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് അധികൃതർ വഴങ്ങുകയായിരുന്നുവെന്നാണു വിവരം. സർവകലാശാല ലോ ഓഫിസറുടെ നിയമോപദേശം തേടാതെയുമാണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയത്. സിദ്ധാർഥനു പീഡനമേൽക്കേണ്ടിവന്ന ഹോസ്റ്റലിലെ അസിസ്റ്റന്റ് വാർഡനെ സ്വാധീനിച്ച്, സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളുടെ പട്ടികയിൽ നിന്ന് ഈ 2 വിദ്യാർഥികളുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഇതു സംബന്ധിച്ച മെയിൽ വിസിക്ക് അയയ്ക്കുമ്പോൾ അസി.വാർഡനും സസ്പെൻഷനിലായിരുന്നു. 

സർവകലാശാല ലീഗൽ സെല്ലിന്റെ ചുമതലയും വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഇതേ അസിസ്റ്റന്റ് റജിസ്ട്രാർക്കാണ്. സിദ്ധാർഥൻ കേസിൽ റിമാൻഡിലായ പ്രതികൾ സസ്പെൻഷൻ ഉത്തരവു റദ്ദാക്കാൻ കോടതിയെ സമീപിക്കുമ്പോൾ കാര്യവിവരണ പത്രിക നൽകേണ്ടതും ഈ ചുമതല വഹിക്കുന്നയാളാണ്.

അതേസമയം, വൈസ് ചാൻസലറുടെ നിർദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണു പ്രൈവറ്റ് സെക്രട്ടറി കെ. ഷീബയുടെ വിശദീകരണം. സീനിയർ ബാച്ചിലെ 2 വിദ്യാർഥികളുടെ പേര് തെറ്റായി ഉൾപ്പെട്ടുവെന്നാണ് ആന്റി റാഗിങ് സ്ക്വാഡ് അറിയിച്ചതെന്ന് സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രനും പറഞ്ഞു.

മുൻ ജഡ്ജി ഇന്ന് ഗവർണറെ കാണും

തിരുവനന്തപുരം∙ വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ രാജ്ഭവൻ കണ്ടെത്തിയ മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇന്ന് കാണും. അദ്ദേഹവുമായി ഗവർണർ നടത്തുന്ന ചർച്ചയ്ക്കു ശേഷമായിരിക്കും അന്വേഷണത്തിന്റെ വിഷയങ്ങൾ  അടങ്ങുന്ന വിജ്ഞാപനം ഇറക്കുക.  

ഇന്ന്  അവധിയാണെങ്കിലും ഗവർണറുടെ ഓഫിസ് പ്രവർത്തിക്കും. ഉത്തരവ് ഇറക്കുന്നതിനു തടസ്സമില്ല. അന്വേഷണ കമ്മിഷനായി നിയമിക്കുന്നതിന് ഹൈക്കോടതി നൽകിയ മുൻ ജഡ്ജിമാരുടെ പാനലിൽ നിന്നാണ് ഹരിപ്രസാദിനെ തിരഞ്ഞെടുത്തത്. വയനാട് സ്വദേശിയായ മുൻ എസ്പിയെയും കമ്മിഷനിൽ ഉൾപ്പെടുത്തും.

English Summary:

Siddharthan case: name of the vice chancellor's private secretary's son was inserted in the list to save him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com