ADVERTISEMENT

തിരുവനന്തപുരം ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാ‍ർഥന്റെ മരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്വേഷണ കമ്മിഷനെ നിയമിച്ചു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനാണു ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി.ജി.കുഞ്ഞൻ അന്വേഷണത്തിൽ കമ്മിഷനെ സഹായിക്കും. 3 മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ചാൻസലർ കൂടിയായ ഗവർണർക്കു നൽകണം. 

സംഭവത്തിൽ വൈസ് ചാൻസലറുടെയും ഡീനിന്റെയും ഭാഗത്തുണ്ടായ വീഴ്ചകൾ അന്വേഷണ പരിധിയിലുണ്ട്. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സർവകലാശാല സ്വീകരിച്ച നടപടികളിലും ക്യാംപസിലെ അക്രമം, റാഗിങ് എന്നിവയെക്കുറിച്ചും വിശദമായ അന്വേഷണമുണ്ടാകും. സർവകലാശാല ഫണ്ടിൽ നിന്നാണ് കമ്മിഷന്റെ പ്രവർത്തനച്ചെലവ്. നിയമനത്തിനു മുൻപായി ജസ്റ്റിസ് ഹരിപ്രസാദ് ഇന്നലെ വൈകിട്ട് ഒരു മണിക്കൂറോളം ഗവർണറുമായി കൂടിക്കാഴ്ച നടത്തി. അവധി ദിനമായിരുന്നെങ്കിലും ഗവർണറുടെ ഓഫിസ് ഇന്നലെ പ്രവർത്തിച്ചു. 

സിബിഐ അന്വേഷണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം വരും മുൻപാണ് ഗവർണർ അന്വേഷണ കമ്മിഷനെ നിയമിച്ചത്. അന്വേഷണം സിബിഐക്കു കൈമാറാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് ഈ മാസം 9ന് ആയിരുന്നു. 16ന് ആണ് ആമുഖ കത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു വിജ്ഞാപനം അയച്ചത്. പക്ഷേ 8 പേജുള്ള പെർഫോമ സംസ്ഥാന സർക്കാർ കൈമാറാത്തത് വിവാദമായതിനെ തുടർന്ന്, കഴിഞ്ഞ ദിവസമാണ് പ്രത്യേക ഉദ്യോഗസ്ഥൻ വഴി കേന്ദ്രത്തിനു കൈമാറിയത്.

ഉചിതമായ തീരുമാനം: സിദ്ധാർഥന്റെ പിതാവ്

സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷണ കമ്മിഷനെ നിയോഗിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി ഉചിതമായ തീരുമാനമെന്ന് സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ്. കമ്മിഷന്റെ അന്വേഷണത്തോടൊപ്പം സിബിഐ അന്വേഷണവും നടക്കണം. സിബിഐ അന്വേഷണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ്.

English Summary:

Siddharthan's death: Governor appoints inquiry commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com