ADVERTISEMENT

കോഴിക്കോട്∙ വയനാട് സുഗന്ധഗിരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരം മുറി നടന്ന സംഭവത്തിൽ രണ്ട് വനം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മുട്ടിൽ മരംമുറിയെ വെല്ലുന്ന വനംകൊള്ളയാണു നടന്നതെന്നാണ് വിലയിരുത്തൽ. മുട്ടിലിൽ റവന്യു ഭൂമിയിലെ മരങ്ങളാണ് വെട്ടിക്കടത്തിയതെങ്കിൽ സുഗന്ധഗിരിയിൽ വനഭൂമിയിലെ തന്നെ മരങ്ങളാണ് കൊള്ളയടിച്ചത്.

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കൂടിയായ കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ഇതേ സംഘടനയിൽ അംഗമായ ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ എന്നിവർക്കെതിരെയാണ് നടപടി. ചന്ദ്രനെ സിസിഎഫ് ഇന്നലെ സസ്പെൻഡ് ചെയ്യുകയും ജോൺസനെതിരെ നടപടി സ്വീകരിക്കാൻ ഡിഎഫ്ഒയെ ചുമതലപ്പെടുത്തുകയുമായിരുന്നു. സംഘടനയിലെ അംഗങ്ങൾ കൂടിയായ മറ്റു ചില വനം ജീവനക്കാർക്കും മരം മുറിയിൽ ബന്ധമുള്ളതായി സൂചനയുണ്ട്. ചെതലയം റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ 6 അംഗ സംഘത്തെ തുടരന്വേഷണത്തിന് ചുമതലപ്പെടുത്തി.

വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു കടത്തിയതായാണ് ഇന്നലെ വരെ കണ്ടെത്തിയത്. മണ്ണിട്ടു മൂടിയതും കത്തിച്ചതുമായ കൂടുതൽ മരക്കുറ്റികൾ ഓരോ ദിവസവും കണ്ടെത്തുകയായിരുന്നു. മുപ്പതോളം ജീവനക്കാർ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന പ്രദേശത്താണ് വനംകൊള്ള. 4 പേർ കൈകോർത്താൽ വരെ ചുറ്റെത്താത്ത വണ്ണമുള്ള മരങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സുഗന്ധഗിരിയിൽ ഭൂരഹിതരായ ആദിവാസികൾക്ക് 5 ഏക്കർ വീതം പതിച്ചു കൊടുക്കാൻ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് മരംകൊള്ള നടന്നത്. പതിച്ചു കൊടുത്തെങ്കിലും ഭൂമി ഇപ്പോഴും വനം വകുപ്പിന്റെ അധീനതയിലാണ്.

കഴിഞ്ഞ ജനുവരി – മാർച്ച് മാസങ്ങളിലായി അൻപതോളം ലോഡ് മരങ്ങൾ ചുരമിറങ്ങിയിട്ടുണ്ടെന്നാണ് സൂചന.  ലക്കിടി ചെക്പോസ്റ്റിൽ വേണ്ടത്ര പരിശോധനയില്ലാതെ മരങ്ങൾ കൊണ്ടു പോകാൻ സാധിച്ചതും പരാതികൾ കിട്ടിയിട്ടും ഫ്ലയിങ് സ്ക്വാഡ് അന്വേഷിക്കാതിരുന്നതും ദുരൂഹമാണ്. ഫെബ്രുവരി 27, 29 തീയതികളിൽ കൽപറ്റ റേഞ്ചിൽ മരംമുറിക്കെതിരെ രണ്ടു കേസുകൾ ബുക്ക് ചെയ്തിരുന്നു. 

എന്നാൽ, അതിനു ശേഷവും ഇതേ കരാറുകാരൻ ദിവസങ്ങളോളം മരങ്ങൾ കടത്തി എന്നാണു വിവരം. മരം കടത്താൻ ഉപയോഗിച്ചതായി അവകാശപ്പെടുന്ന ചെറിയ വാഹനത്തിൽ കൂറ്റൻ തടിക്കഷണങ്ങൾ കയറ്റാൻ സാധിക്കില്ലെന്നും വാഹനം മാറ്റിയതാണെന്നും വനം ജീവനക്കാർ സൂചന നൽകുന്നുണ്ട്.

വനഭൂമിയിൽ നിന്ന് മരം മുറിക്കാൻ ഡിഎഫ്ഒ ആണ് ലൈസൻസ് നൽകേണ്ടത്. ഫ്ലയിങ് സ്ക്വാഡിന്റെ നിരീക്ഷണത്തിൽ വേണം മരം പരിശോധിക്കാനും മുറിക്കാനും. വീടിനു ഭീഷണിയായ മരം മുറിക്കാൻ നൂറുകണക്കിന് അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്. ഇതിൽ 20 അപേക്ഷകൾ അനുവദിച്ചതിന്റെ മറവിലാണ് ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചത്.

∙ സർക്കുലറിന്റെ ലംഘനം

പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട് പ്രകാരം സ്വകാര്യ ഭൂമിയിൽ നിന്ന് ഭീഷണിയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുമ്പോഴും ഡിഎഫ്ഒയുടെ കർശന പരിശോധന വേണമെന്നും മരം മുറിച്ചാൽ ഫ്ലയിങ് സ്ക്വാഡ് പരിശോധിക്കണമെന്നും വിജിലൻസ് മേധാവി പുറപ്പെടുവിച്ച സർക്കുലർ നിലവിലുണ്ടായിരിക്കെയാണ് സുഗന്ധഗിരിയിലെ മരംകൊള്ള.

English Summary:

Two forest department officials suspended in Sugandhagiri Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com