ADVERTISEMENT

ന്യൂഡൽഹി ∙ കടമെടുപ്പു പരിധി വർധിപ്പിക്കണമെന്ന അടിയന്തര ആവശ്യത്തിൽ തിരിച്ചടി നേരിട്ടപ്പോഴും കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ നിയമസാധുത ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നതിൽ കേരള സർക്കാരിന് ആശ്വസിക്കാം. കാരണം, കേന്ദ്ര സർക്കാർ നടത്തുന്ന കൈകടത്തലുകൾ ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന കേരളത്തിന്റെ വാദമാണ് ഭരണഘടനാ ബെഞ്ച് പരിശോധിക്കുക. സാമ്പത്തിക വികേന്ദ്രീകരണം ഇന്ത്യയുടെ ഫെഡറൽ തത്വങ്ങളുടെ ഭാഗമാണോയെന്നതാണ് ബെഞ്ചിനു മുന്നിലുള്ള ചോദ്യം. 

കടമെടുപ്പുപരിധി വിഷയത്തിൽ കേന്ദ്രത്തിന്റെ നടപടികൾ തുല്യത സംബന്ധിച്ച ഭരണഘടനാവകുപ്പിന് വിരുദ്ധമാണോ, ആർബിഐയുടെ അധികാര പരിധിയിലേക്ക് കടന്നുള്ള നടപടികളാണോ സർക്കാർ സ്വീകരിച്ചത്, ധനകാര്യ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കും മുൻപ് സംസ്ഥാന സർക്കാരുകളുമായി ആശയവിനിമയം നടത്തേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ബെഞ്ച് ഭരണഘടനാ ബെഞ്ചിനു വിട്ടു. 

സംസ്ഥാനങ്ങളുടെ കടമെടുപ്പു സംബന്ധിച്ച 293–ാം വകുപ്പ്, ഇക്കാര്യത്തിൽ സുപ്രീം കോടതിക്കുള്ള അധികാരം സംബന്ധിച്ച 131–ാം വകുപ്പ് തുടങ്ങിയവയുടെ വ്യാഖ്യാനവും കോടതി നടത്തും. ഫലത്തിൽ, സംസ്ഥാനങ്ങൾക്ക് യഥേഷ്ടം വായ്പയെടുക്കാമോ, കേന്ദ്രത്തിന് എത്രത്തോളം പരിധിവയ്ക്കാം തുടങ്ങിയ വിഷയങ്ങൾ ബെഞ്ചിന്റെ പരിഗണനയിൽ വരും.  

കേരളം അവകാശപ്പെടുന്ന തുകയുടെ കാര്യത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നു കോടതി നിരീക്ഷിച്ചു. ഇടക്കാലാശ്വാസം നൽകുന്നതു രാജ്യത്തിന്റെ സാമ്പത്തികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ഇക്കാര്യത്തിൽ സംസ്ഥാനങ്ങളെ നിയന്ത്രിക്കാതിരിക്കുന്നത് സാമ്പത്തിക വളർച്ചയിൽ വിപരീത ഫലം സൃഷ്ടിക്കുമെന്നുമുള്ള കേന്ദ്രത്തിന്റെ വാദവും കോടതി കണക്കിലെടുത്തു.

കെടുകാര്യസ്ഥത മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ആശ്വാസം തേടാൻ കഴിയുകയില്ലെന്ന് കോടതി വ്യക്തമാക്കി. കടമെടുപ്പുപരിധി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നും കേന്ദ്ര സർക്കാരിൽനിന്നുള്ള വായ്പയുടെ കാര്യത്തിൽ മാത്രമേ നിയന്ത്രണത്തിന് അധികാരമുള്ളുവെന്നുമാണ് കേരളം വാദിച്ചത്. പൊതു സമ്പത്ത് ദേശീയ വിഷയമായതിനാൽ കേന്ദ്രത്തിന് അധികാരമുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. 

‘കടമെടുപ്പിൽ കേന്ദ്രത്തിന് നിയന്ത്രണാധികാരമുണ്ട്’

ഒരു സംസ്ഥാനം പരിധിയിൽ കവിഞ്ഞ് കടമെടുത്താൽ പിന്നീടുള്ള വർഷത്തിൽ ഇതിൽ കുറവു വരുത്താൻ കേന്ദ്രത്തിന് അധികാരമുണ്ടാകുമെന്നാണ് രണ്ടംഗ സുപ്രീം കോടതി ബെഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ. ആവശ്യത്തിനു പണം കോടതി ഇടപെടലിനെത്തുടർന്നു കേരളത്തിനു ലഭിച്ചുവെന്നും ന്യായം കേന്ദ്രത്തിന്റെ ഭാഗത്താണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

സംസ്ഥാനം നേരിടുന്ന ഗുരുതര പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് അധികം കടമെടുക്കാൻ കേരളം അനുമതി തേടിയത്. കോടതി നിർദേശിച്ചതു പ്രകാരം, കർശന ഉപാധികളുടെ അടിസ്ഥാനത്തിൽ 5,000 കോടി രൂപയുടെ അധിക പരിധി അനുവദിക്കാമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും കേരളം വഴങ്ങിയില്ല. തുടർന്നു വാദം കേട്ട കോടതി, കേന്ദ്ര സർക്കാർ നടപടിയോടു യോജിച്ചാണ് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്.

English Summary:

Borrowing case: Argument will continue on important questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com