ADVERTISEMENT

തിരുവനന്തപുരം∙ കിഫ്ബിയും പെൻഷൻ‌ കമ്പനിയും മറ്റും ബജറ്റിനു പുറത്തുനിന്നെടുക്കുന്ന കടം സംസ്ഥാനത്തിന്റെ കടമായി കണക്കാക്കരുതെന്ന മുഖ്യ ആവശ്യം സുപ്രീംകോടതി തള്ളിയതോടെ വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളത്തിട്ട അവസ്ഥയിലായി സംസ്ഥാന സർക്കാർ. കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന്റെ കടമാണെന്നു മുൻപ് സിഎജി ചൂണ്ടിക്കാട്ടിയപ്പോഴും പിന്നീട് അതിന്റെ പേരിൽ‌ കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചപ്പോഴും അതിശക്തമായ എതിർപ്പാണു കേരളം ഉന്നയിച്ചത്.

ഇതടക്കമുള്ള കേന്ദ്ര നിലപാടുകൾ ജനങ്ങളെ ബോധ്യപ്പെടുത്താനാണു മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിച്ചതും. ഒടുവിൽ, കേരളം സമർപ്പിച്ച ഹർജിയിൽ കേരളത്തിനെതിരെ തന്നെ തീർപ്പുവന്നത് ഇൗ വിഷയം ഇനി ഉയർത്തിക്കാട്ടാൻ കഴിയാത്ത തരത്തിലുള്ള തിരിച്ചടിയാണു സംസ്ഥാനത്തിനു നൽകിയിരിക്കുന്നത്. ഒരുവശത്ത് കേന്ദ്രത്തോട് അധിക കടമെടുപ്പിന് അനുമതി തേടുകയും മറുവശത്ത് കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്യുന്നതിൽ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽത്തന്നെ രണ്ടഭിപ്രായം ഉണ്ടായിരുന്നു.

ഒടുവിൽ കേസിനു പോകാം എന്ന വാദത്തിനാണു മുൻതൂക്കം ലഭിച്ചത്. കോടതിയിൽ പോയില്ലായിരുന്നെങ്കിൽ 2 മാസം മുൻപുതന്നെ കേരളത്തിനു ലഭിക്കേണ്ടതായിരുന്നു അവകാശപ്പെട്ട 13,608 കോടി രൂപ. ഇൗ തുക വൈകിയതു കാരണം സർക്കാർ ജീവനക്കാർക്കു കഴിഞ്ഞ മാസം ശമ്പളം സമയത്തിനു നൽകാനും കഴിഞ്ഞില്ല. കേരളം കോടതിയിലെത്തിയതോടെ കേന്ദ്രം ഇൗ തുക കടമെടുക്കുന്നതിനു വിലക്കേർപ്പെടുത്തി. ഒടുവിൽ സുപ്രീം കോടതി ഇടപെട്ടതോടെയാണ് ഇൗ തുക കടമെടുക്കാനായത്. അധിക കടമെടുപ്പിന് അനുമതി ലഭിച്ചുമില്ല.

എന്നാൽ, കേന്ദ്രത്തിനെതിരായ കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടതു സംസ്ഥാന സർക്കാരിനു നേട്ടമായി. കാരണം, ഹർജി സമർപ്പിച്ചതിനു പിന്നാലെ ജനുവരിയിൽ നടന്ന ആദ്യ ഹിയറിങ്ങിൽ തന്നെ കേരളം ആവശ്യപ്പെട്ടത് കേസ് ഭരണഘടനാ ബെഞ്ചിനു വിടണമെന്നായിരുന്നു. അന്ന് ഇൗ ആവശ്യത്തോടു പ്രതികരിക്കാതിരുന്ന കോടതി ഒടുവിൽ‌ വിധിയിൽ‌ ഇൗ ആവശ്യം അംഗീകരിച്ചതാണ് സംസ്ഥാന സർക്കാരിനു പിടിവള്ളിയാകുന്നത്.

ഭരണഘടനയിലെ 293(3) അനുച്ഛേദമനുസരിച്ച്, സംസ്ഥാനങ്ങൾക്കു വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. എന്നാൽ, കേന്ദ്ര സർക്കാരിൽനിന്നു സംസ്ഥാനങ്ങൾ കൈപ്പറ്റിയതോ ഗാരന്റി നിന്നതോ ആയ ഏതെങ്കിലും വായ്പ സംസ്ഥാനങ്ങൾ തിരിച്ചടയ്ക്കാനുണ്ടെങ്കിൽ മാത്രമേ ഇൗ അനുമതിയുടെ ആവശ്യമുള്ളൂ എന്നും ഭരണഘടന വ്യക്തമാക്കുന്നു.

ഭരണഘടനയിലെ ഇൗ വ്യവസ്ഥ ദുരുപയോഗിച്ചുകൊണ്ടാണു സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കേന്ദ്രം നിയന്ത്രിക്കുന്നതെന്നാണു കേരളത്തിന്റെ മുഖ്യ വാദം. കേരളം എടുക്കുന്ന വായ്പകളെല്ലാം പൊതുവിപണിയിൽ നിന്നാണ്. കേന്ദ്രത്തിൽനിന്നു സ്വീകരിച്ചിട്ടുള്ള വായ്പകൾ വളരെ കുറച്ചുമാത്രം. അതിനാൽ കേന്ദ്രത്തിൽ നിന്നുള്ള വായ്പകൾ തിരിച്ചടയ്ക്കുമ്പോൾ കടമെടുപ്പിനുള്ള ഇപ്പോഴത്തെ കേന്ദ്ര നിയന്ത്രണം ഒഴിവാക്കിക്കിട്ടണമെന്നാണു കേരളത്തിന്റെ ആവശ്യം.

English Summary:

Borrowing case in Supreme Court updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com