മസാല ബോണ്ട്: തൽസ്ഥിതി തുടരണമെന്ന് ഹൈക്കോടതി

Mail This Article
കൊച്ചി ∙ കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ ഇ.ഡി വീണ്ടും സമൻസ് അയച്ചതിനെതിരെ മുൻ മന്ത്രി തോമസ് ഐസക് നൽകിയ ഉപഹർജി പരിഗണിച്ച ഹൈക്കോടതി നിലവിലെ സ്ഥിതി തുടരാൻ നിർദേശം നൽകി. ഹർജി 5ന് പരിഗണിക്കുന്നതുവരെയാണിത്. ഉപഹർജിയിൽ എതിർസത്യവാങ്മൂലം നൽകുമെന്ന് ഇ.ഡി അറിയിച്ചു.ജസ്റ്റിസ് ടി.ആർ.രവിയാണു ഹർജി പരിഗണിച്ചത്.
മസാല ബോണ്ട് വഴിയുള്ള ഫണ്ട് കിഫ്ബി വിനിയോഗിച്ചതിൽ പൊരുത്തക്കേടുകളുണ്ടെന്നും ഇതു സംബന്ധിച്ച് തോമസ് ഐസക്കിന്റെ മൊഴി രേഖപ്പെടുത്തണമെന്നും ഇ.ഡി നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. തോമസ് ഐസക് ഹാജരാകാത്തതു നിയമത്തിന്റെ ലംഘനമാണെന്നും വിശദീകരിച്ചു. തുടർന്നു സമൻസ് നൽകി. ഇത് ചോദ്യം ചെയ്തായിരുന്നു ഹർജി.
ലോക്സഭ തിരഞ്ഞെടുപ്പ് കഴിയും വരെ സമൻസും ചോദ്യം ചെയ്യലും തടയണമെന്നാണ് തോമസ് ഐസക് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാനാവില്ലേയെന്നു കോടതി വാക്കാൽ ആരാഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പുമായി നടപടികൾക്കു ബന്ധമില്ലെന്നും അന്വേഷണം നേരത്തെ തുടങ്ങിയതാണെന്നും തോമസ് ഐസക് സഹകരിക്കാത്തതിനാലാണ് നീണ്ടുപോകുന്നതെന്നും പ്രത്യേക പരിഗണന അർഹിക്കുന്നില്ലെന്നും ഇ.ഡി അറിയിച്ചു. തുടർന്ന് മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ടുള്ള സമൻസുകൾക്കെതിരെ കിഫ്ബി നൽകിയ ഹർജിക്കൊപ്പം ഉപഹർജി 5 ന് പരിഗണിക്കാൻ കോടതി മാറ്റി.