പി.ജയരാജനെതിരെ കോടതിയലക്ഷ്യം: ആവശ്യം ഹൈക്കോടതി തള്ളി

Mail This Article
കൊച്ചി∙ പി. ജയരാജൻ വധശ്രമക്കേസിന്റെ അപ്പീലിൽ വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിക്കെതിരെ ഫെയ്സ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിനു ജയരാജനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ ഹൈക്കോടതി റജിസ്ട്രാർക്കു നിർദേശം നൽകണമെന്ന ആവശ്യമുന്നയിച്ച അപ്പീൽ ഹൈക്കോടതി തള്ളി. റജിസ്ട്രാറാണു നടപടിയെടുക്കേണ്ടതെന്നും ഇതിനു പ്രത്യേകം ഉത്തരവിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കിയിരുന്നു. തുടർന്നാണ് അപ്പീൽ നൽകിയത്.
കൊച്ചി മരട് സ്വദേശി എൻ. പ്രകാശൻ നൽകിയ അപ്പീലാണു ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. റജിസ്ട്രാർ ജനറൽ ഇതുസംബന്ധിച്ച് നിയമപരമായി പ്രവർത്തിക്കുമെന്നും ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വധശ്രമക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ചവരിൽ ഒരാളൊഴികെ പ്രതികളെയെല്ലാം വിട്ടയച്ച വിധിയുടെ പശ്ചാത്തലത്തിലായിരുന്നു പി. ജയരാജന്റെ പോസ്റ്റ്.