ADVERTISEMENT

കണ്ണൂർ ∙ ഞായറാഴ്ച രാത്രിയുണ്ടായ കടൽക്ഷോഭത്തിൽ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിന്റെ ഒരുഭാഗം വേർപെട്ടു. തുടർന്നു ഡിടിപിസിയുടെ മേൽനോട്ടത്തിൽ ബ്രിജ് അഴിച്ചുമാറ്റി. ശക്തമായ തിരയിൽ ബ്രിജിന്റെ പല ഭാഗങ്ങളും വേർപെട്ടുപോയെന്നാണു പരിസരവാസികൾ പറയുന്നത്. ബ്രിജിന്റെ ഭാഗങ്ങൾ ബീച്ചിൽ കയറ്റിയിട്ടിരിക്കുകയാണ്. ഒരുഭാഗം കടലിൽ തന്നെയുണ്ട്. ബ്രിജിന്റെ ഭാഗങ്ങളൊന്നും കടലിൽ നഷ്ടപ്പെട്ടില്ലെന്നാണു ബന്ധപ്പെട്ട ഏജൻസിയിലെ ജീവനക്കാർ പറയുന്നത്.

2023 ജനുവരിയിലാണു മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഒരു കോടി രൂപയോളം ചെലവാക്കി 100 മീറ്റർ ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിച്ചത്. ഒരേസമയം 100 പേരെ ഉൾക്കൊള്ളാൻ കഴിയും. കടൽക്ഷോഭം മാറിയാൽ ബ്രിജ് പുനഃസ്ഥാപിക്കുമെന്നും ഇതിനു 2 ലക്ഷത്തോളം രൂപ ചെലവു വരുമെന്നും ബ്രിജ് സ്ഥാപിച്ച താനൂർ തൂവൽതീരം ഏജൻസി അധികൃതർ പറഞ്ഞു. 

മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിജ് (ഫയൽ ചിത്രം)
മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിജ് (ഫയൽ ചിത്രം)

അതേസമയം, മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിജ് തകർന്നതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു ടൂറിസം വകുപ്പ്. സംസ്ഥാനത്തെ വിവിധ ബീച്ചുകളിലെ ഫ്ലോട്ടിങ് ബ്രിജുകൾ ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയുമായി അഴിച്ചുമാറ്റുകയായിരുന്നു. ബേക്കൽ, ബേപ്പൂർ, താനൂർ തൂവൽതീരം, ചാവക്കാട്, എറണാകുളം കുഴുപ്പിള്ളി എന്നിവിടങ്ങളിലെ ബ്രിജുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായും ടൂറിസം വകുപ്പ് അറിയിച്ചു.

English Summary:

Natives say Muzhappilangad floating bridge is broken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com