ADVERTISEMENT

കണമല ∙ കാട്ടാന ആക്രമണത്തിൽ വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജു (52) കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയിൽ വ്യാപക ജനരോഷം. കണമല ഫോറസ്റ്റ് സ്റ്റേഷൻ പരിസരം സ്തംഭിച്ചത് 3 മണിക്കൂർ. ബിജുവിന്റെ കുടുംബത്തിനുള്ള സഹായ നടപടികൾ വേഗത്തിലാക്കണം, വന്യമൃഗങ്ങളിൽനിന്നു ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജനകീയ സമിതി കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ചിൽ പമ്പാവാലി– ഏയ്ഞ്ചൽവാലി നിവാസികളായ സ്ത്രീകളടക്കമുള്ള നൂറുകണക്കിനു പേർ പങ്കെടുത്തു.

റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ ബിജുവിന്റെ വീടു സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് ആന്റോ ആന്റണി എംപി, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ്, എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബി സണ്ണി, ഡിസിസി ജനറൽ സെക്രട്ടറി സതീഷ് പണിക്കർ, ഡിസിസി വൈസ് പ്രസിഡന്റ് ടി.കെ.സാജു എന്നിവർ കണമല ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ 10 മണിയോടെ കുത്തിയിരിപ്പു സമരം തുടങ്ങി.

വട്ടപ്പാറ ജംക്‌ഷനിൽനിന്നു ജനകീയ സമിതി ആരംഭിച്ച മാർച്ച് 11 മണിയോടെ കണമല ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. ഇതിനിടെ എംപിയും പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. എംപി ഒഴികെ ആരെയും ഫോറസ്റ്റ് സ്റ്റേഷനിൽ പ്രവേശിപ്പിക്കില്ലെന്നു പൊലീസ് നിലപാടെടുത്തതോടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായി. എംപിയെ പൊലീസ് പിടിച്ചു തള്ളിയതായും ആരോപണമുണ്ടായി. 

ഡിഎഫ്ഒയെ കാണാതെ പിരിഞ്ഞു പോകില്ലെന്നു നിലപാടെടുത്ത പരിസരവാസികൾ എംപിക്കൊപ്പം റോഡിൽ കുത്തിയിരുന്നതോടെ കണമല– പമ്പ റൂട്ടിൽ ഗതാഗതം 2 മണിക്കൂറോളം സ്തംഭിച്ചു. അൽപ സമയത്തിനകം പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിയും സ്ഥലത്തെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ കണമല ഫോറസ്റ്റ് സ്റ്റേഷനിൽ കലക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി. അജിത്, ഡിഎഫ്ഒ എന്നിവരുമായി എംപിയും ജനപ്രതിനിധികളും ചർച്ച തുടങ്ങിയപ്പോഴും പരിസരവാസികൾ മുദ്രാവാക്യം വിളിയോടെ ഫോറസ്റ്റ് സ്റ്റേഷനു പുറത്തുതന്നെ കൂട്ടമായി നിന്നു. രണ്ടേകാലോടെ ചർച്ച പൂർത്തിയാക്കി പുറത്തിറങ്ങിയ നേതാക്കൾ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി വിശദീകരിച്ചതോടെയാണു ജനക്കൂട്ടം പിരിഞ്ഞുപോയത്.

protest-in-kanamala
പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിനു സർക്കാർ അടിയന്തരസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കണമല ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ എരുമേലി– പമ്പ റോഡ് നാട്ടുകാർ ഉപരോധിച്ചപ്പോൾ. ചിത്രം: മനോരമ

അംഗീകരിച്ച ആവശ്യങ്ങൾ

∙ ബിജുവിന്റെ കുടുംബത്തിനു കേന്ദ്ര സർക്കാരിൽനിന്നു ലഭിക്കേണ്ട നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ ലഭ്യമാക്കും. ഇതിനു പുറമേ 50 ലക്ഷം രൂപ നഷ്ടപരിഹാരം കുടുംബത്തിനു നൽകാൻ സംസ്ഥാന സർക്കാരിനോടു ശുപാർശ ചെയ്യും. കുടുംബാംഗങ്ങളിൽ ഒരാൾക്ക് കണമല ഫോറസ്റ്റ് സ്റ്റേഷനിൽ താൽക്കാലിക ജോലി. സ്ഥിരം സർക്കാർ ജോലിക്കുള്ള ശുപാർശ. ബിജുവിന്റെ മരണത്തിനു കാരണക്കാരനായ ഒറ്റയാനെ വെടിവച്ചുകൊല്ലാൻ ശുപാർശ ചെയ്യും. വനാതിർത്തികളിൽ പ്രതിരോധ മാർഗങ്ങളായ കിടങ്ങുകൾ, സൗരോർജ വേലികൾ, ക്രാഷ് ബാരിയറുകൾ എന്നിവ സജ്ജീകരിക്കും. ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഏതൊക്കെ മേഖലകളിൽ എന്തൊക്കെ വേണമെന്നു വനം വകുപ്പു പരിശോധന നടത്തും. 

‘ഉള്ളു കിടുങ്ങിപ്പോയി’

തുലാപ്പള്ളി ∙ ‘ഇത്ര വലുപ്പമുള്ള കൊമ്പനെ ഈ പ്രദേശത്ത് കാണുന്നത് ആദ്യമായാണ്. ഉള്ളു കിടുങ്ങിപ്പോയി’– ബിജുവിന്റെ വീടിനു സമീപം പതിഞ്ഞ കാട്ടാനയുടെ വലിയ കാൽപ്പാട് ചൂണ്ടി കുന്നുംപുറത്തു ഷാജിയും ഭാര്യ ലിസ്സിയും പറഞ്ഞു. സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ ഇരുവരും ഒറ്റയാനെ നേരിൽ കണ്ടിരുന്നു. കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യ ഡെയ്സി അലറിക്കരഞ്ഞു കൊണ്ടാണ് ഫോൺ വിളിച്ച് സംഭവം പറഞ്ഞത്. 

ഇരുവരുടെയും വീടുകൾ തമ്മിൽ കഷ്ടിച്ചു 100 മീറ്റർ മാത്രമാണ് അകലം. വീട്ടിൽനിന്ന് ഇറങ്ങി ഓടി എത്തിയ ഷാജിയും ലിസിയും കാണുന്നത് ചലനമറ്റു നിലത്തു കിടന്ന ബിജുവിനെയാണ്. ഭയന്ന് വിറച്ച മൂവരും അലറി വിളിച്ചപ്പോഴേക്കും ആന കാടിന്റെ ഭാഗത്തേക്ക് അൽപം കൂടി മാറി. ഈ സമയം അയൽവാസികളെ വിവരം ഫോണിൽ വിളിച്ച് അറിയിക്കാൻ ശ്രമിച്ചപ്പോൾ പലരും കരുതിയത് ഏപ്രിൽ ഫൂൾ ആണെന്നായിരുന്നു. ഡെയ്സിയുടെ അലമുറ ശബ്ദം കൂടി കേട്ടപ്പോഴാണ് മിക്കവരും വിശ്വസിച്ചത്. ഇതിനു ശേഷമാണ് സ്ഥലവാസികൾ ഓടിയെത്തുന്നത്. 

∙ വന്യജീവി ആക്രമണത്തിൽ നിരപരാധികളുടെ ചോര വീഴുന്നത് അനുദിനം വർധിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവർ തുടരുന്ന നിസ്സംഗത ആശങ്കാജനകം. കൊല്ലപ്പെടുന്ന ഓരോ മനുഷ്യജീവനും കേവലം ചില നഷ്ടപരിഹാരത്തുക നൽകി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുന്ന രീതി തിരുത്താൻ സർക്കാർ തയാറാവണം. വന്യജീവികൾ നാട്ടിലിറങ്ങി നിരപരാധികളെ കൊല്ലുന്നതു തടയാനുളള നടപടികളാണു വേണ്ടത്. – ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

∙ മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണം. സമാനമായ ആക്രമണങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും നിസ്സംഗത പുലർത്തുന്നതു നീതിനിഷേധമാണ്. തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരത്തുക കൊണ്ടു മാത്രം കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന നഷ്ടം നികത്താനാവില്ല. –മാർ ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്

കാട്ടുപന്നി ആക്രമണം: 2 പേർക്ക് പരുക്ക്

കടമ്പനാട് (പത്തനംതിട്ട) ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ കടമ്പനാട് വടക്ക് മുണ്ടപ്പള്ളിവിളയിൽ ജോൺസൺ (62), മുണ്ടപ്പള്ളിത്തറയിൽ എം.കോശി (64) എന്നിവർക്ക് പരുക്കേറ്റു. രണ്ടു കാലുകളിലും സാരമായി പരുക്കേറ്റ ജോൺസനെ ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോശി അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഒൻപതോടെ വീടിനു സമീപത്തെ കൃഷിയിടത്തിലേക്ക് നടന്നു പോവുകയായിരുന്ന കോശിയെ ആദ്യം പന്നി കുത്തി. കോശിയുടെ ഇടതു തുടയിലും ചുണ്ടിലും കയ്യിലും പരുക്കേറ്റു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി ജോൺസനെയും പന്നി കുത്തുകയായിരുന്നു.

കാട്ടുപന്നി ഇടിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

എരുമേലി ∙ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്നു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു ബൈക്ക് യാത്രികനു ഗുരുതര പരുക്ക്. അരയാഞ്ഞിലിമണ്ണ് ഇളങ്കാട് ഇ.ടി.ബിബിനാണു (33) പരുക്കേറ്റത്. കഴുത്തിന്റെ അസ്ഥി ഒടിഞ്ഞു. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. പെയ്ന്റിങ് തൊഴിലാളിയായ ബിബിൻ ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പാൽ വാങ്ങാനായി കടയിലേക്കു പോകുമ്പോഴാണു സംഭവം.

കണമല ഡപ്യൂട്ടി റേഞ്ച് ഓഫിസർക്ക് നിർബന്ധിത അവധി

കണമല ∙ സർക്കാർ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി കണമല ഫോറസ്റ്റ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ വനംവകുപ്പ് അധികൃതരോടു പൊട്ടിത്തെറിച്ച് ജനപ്രതിനിധികൾ. പരിസരവാസികളിൽ ചിലരും ജനപ്രതിനിധികൾക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു. മേഖലയിൽ കഴിഞ്ഞ വർഷം കാട്ടുപോത്തിന്റെ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടിരുന്നു. 

കാട്ടുപോത്തിനെ വെടിവയ്ക്കാൻ കോട്ടയം കലക്ടർ ഉത്തരവിട്ടിട്ടും 2 പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ തിരിച്ചറിയാനാകില്ലെന്ന വാദം നിരത്തി വനം വകുപ്പ് അധികൃതർ ഉത്തരവു നടപ്പാക്കിയില്ലെന്നു ചിലർ ആരോപിച്ചു. രാത്രി 8 മണിയോടെ ഒറ്റയാൻ ഇറങ്ങിയ വിവരം ആളുകൾ വിളിച്ചു പറഞ്ഞിട്ടും വനം വകുപ്പ് അധികൃതർ കാട്ടിയ നിസംഗതയാണു ബിജുവിന്റെ ജീവൻ നഷ്ടമാകുന്നതിൽ കലാശിച്ചതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

കണമല ഡപ്യൂട്ടി റേഞ്ച് ഓഫിസറെ അടിയന്തരമായി സ്ഥലം മാറ്റണമെന്നു പരിസരവാസികൾ പറഞ്ഞപ്പോൾ അധികൃതർ തിരഞ്ഞെടുപ്പു ചട്ടം ചൂണ്ടിക്കാട്ടിയതോടെ തർക്കമായി. തുടർന്നാണ് ഉദ്യോഗസ്ഥനോടു നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടാനുള്ള നിർദേശം വന്നത്. അല്ലാത്ത പക്ഷം സ്റ്റേഷനിലെ ഒരാളെപ്പോലും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നു പറഞ്ഞതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

English Summary:

Wild Elephant attack: Protest in front of Kanmala Forest Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com