പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഖർഗെയും

Mail This Article
തിരുവനന്തപുരം ∙ കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഒൻപതും പ്രിയങ്ക ഗാന്ധിയുടെ ഏഴും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നാലും പരിപാടികൾ കെപിസിസി ആവശ്യപ്പെട്ടു. 3 നേതാക്കളും എത്തേണ്ട മണ്ഡലങ്ങളുടെ പട്ടികയും എഐസിസിക്കു കൈമാറി.
പരിപാടി തീരുമാനിക്കുന്നത് എഐസിസിയാണെങ്കിലും ഘടകകക്ഷികൾ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി, കൊല്ലം, കോട്ടയം മണ്ഡലങ്ങളിൽ നിർബന്ധമായും ഇവരിൽ ഒരാൾ എത്തണമെന്ന അഭ്യർഥന കെപിസിസി വച്ചിട്ടുണ്ട്. വയനാട് ഒഴികെയുള്ള മണ്ഡലങ്ങൾക്കായി രാഹുൽ രണ്ടും ഖർഗെ ഒന്നും പ്രിയങ്ക രണ്ടും ദിവസങ്ങൾ കേരളത്തിനായി മാറ്റിവയ്ക്കുമെന്നാണു ഡൽഹിയിൽനിന്ന് കെപിസിസിയെ അറിയിച്ചിരിക്കുന്നത്.
സ്റ്റാർ ക്യാംപെയ്നറായി ഇവരുൾപ്പെടെ 40 പേരുടെ പട്ടികയാണു കെപിസിസി കൈമാറിയിരിക്കുന്നത്. അനാരോഗ്യം മൂലം പ്രചാരണരംഗത്തിറങ്ങുമോ എന്നുറപ്പില്ലെങ്കിലും കേരളത്തിൽനിന്നുള്ള സ്റ്റാർ ക്യാംപെയ്നർമാരുടെ പട്ടികയിൽ എ.കെ.ആന്റണിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. തെലങ്കാനയിലെ ആദിവാസി വിഭാഗത്തിൽനിന്നുള്ള മന്ത്രി ഡി.അനസൂയ എന്ന സീതക്ക ഉൾപ്പെടെ പല ‘സർപ്രൈസിങ്’ പേരുകളും കെപിസിസി ആവശ്യപ്പെട്ട കൂട്ടത്തിലുണ്ട്.