കരുവന്നൂർ ബാങ്കിലെ രഹസ്യ അക്കൗണ്ടുകൾ: പിടി മുറുകുന്നു; ആദായ നികുതി വകുപ്പ് പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ

Mail This Article
ന്യൂഡൽഹി∙ തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ട്, സിപിഎം വെളിപ്പെടുത്താത്ത 25 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന ഇ.ഡിയുടെ ആരോപണം ആദായ നികുതി വകുപ്പ് പരിശോധിക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടതായി കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
കരുവന്നൂർ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യത്തിൽ റിസർവ് ബാങ്ക്, കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിലപാടു ചോദിച്ചതായും ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ബാങ്ക് എന്ന രീതിയിൽ പ്രവർത്തിക്കുന്ന മറ്റു സഹകരണ സംഘങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടിക്ക് വിവിധ സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമുള്ള അക്കൗണ്ടുകളിലെ പണത്തിന്റെ വിവരം സിപിഎമ്മിന്റെ കേന്ദ്ര അക്കൗണ്ടിൽ കാണിച്ചിട്ടില്ലെന്നാണ് ഇ.ഡി തിരഞ്ഞെടുപ്പു കമ്മിഷനോടു വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ നവംബർ 30ലെ കണക്കനുസരിച്ച് തൃശൂർ ജില്ലയിലെ 17 ഏരിയ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകളിൽ മൊത്തം 1.73 കോടി രൂപയുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതേ അക്കൗണ്ടുകളിൽതന്നെ 63.98 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമുണ്ടെന്നും കഴിഞ്ഞ 10 വർഷത്തിൽ 25 കോടിയുടെ ഇടപാടുകൾ നടന്നെന്നുമുള്ള മറ്റൊരു കണക്കും ഇ.ഡി പറയുന്നു. ഇവ പാർട്ടി തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കുകളിൽ കാണിക്കാതിരുന്നതു ജനപ്രാതിനിധ്യ നിയമത്തിലെ 29സി വകുപ്പിന്റെ ലംഘനമാണ്.
ഒൗദ്യോഗിക കണക്കിൽ കാണിക്കാത്ത അക്കൗണ്ടുകളിലെ പണം പാർട്ടിക്കായി സ്ഥലവും കെട്ടിടവും വാങ്ങാനുൾപ്പെടെ ഉപയോഗിച്ചിട്ടുണ്ടെന്നും ആദായ നികുതി ഇളവു മാത്രമല്ല പാർട്ടിയുടെ അംഗീകാരംതന്നെ പിൻവലിക്കുന്നതു പരിഗണിക്കണമെന്നാണ് ഇ.ഡിയുടെ വാദം. രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ഒൗദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് സമ്മതിച്ചിട്ടുണ്ടെന്നും ഇ.ഡി അവകാശപ്പെടുന്നു.
പറയാൻ മറന്ന അക്കൗണ്ട്
2016–17ലെ ആദായ നികുതി റിട്ടേണിൽ ഒരു ബാങ്ക് അക്കൗണ്ട് പരാമർശിക്കാതിരുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും ആദായ നികുതി വകുപ്പും തമ്മിൽ ഡൽഹി ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. അക്കൗണ്ട് പരാമർശിക്കാൻ വിട്ടുപോയതാണെന്നും അതിലെ തുകകൂടി ഉൾപ്പെടുത്തിയാണ് റിട്ടേൺ ഫയൽ െചയ്തെന്നും ആദായ നികുതി വകുപ്പിനു സിപിഎം മറുപടി നൽകിയിരുന്നു. ഇത് അംഗീകരിക്കാതിരുന്ന വകുപ്പ്, 2016–17ലെ നികുതി ഇളവ് പിൻവലിച്ചു; 15.59 കോടി നികുതി നൽകാൻ ഉത്തരവിട്ടു. ഇതു ചോദ്യം ചെയ്ത് പാർട്ടി ഹൈക്കോടതിയെ സമീപിച്ചു. കേസ് തീർപ്പാകുംവരെ തുടർനടപടി പാടില്ലെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.