5000 ക്ഷേത്ര ജീവനക്കാർക്ക് പരിശീലനം; ക്ലാസ് എടുക്കുന്നത് തിരു. ദേവസ്വം ബോർഡ്
Mail This Article
തിരുവനന്തപുരം∙ ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർക്ക് മുഖപ്രസാദത്തോടെയുള്ള സ്വീകരണം ജീവനക്കാർ ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദർശനത്തിനെത്തുന്നവരോട് സൗമ്യവും സൗഹൃദപരവുമായ പെരുമാറ്റം ഉറപ്പാക്കാൻ ബോർഡ് പഠനക്ലാസ് നൽകും. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ എം.നന്ദകുമാറിനാണ് ചുമതല.
നെയ്യാറ്റിൻകര മുതൽ വടക്കൻ പറവൂർ വരെ ദേവസ്വം ബോർഡ് ഓഫിസുകളിലെയും ക്ഷേത്രങ്ങളിലെയും അയ്യായിരത്തോളം ജീവനക്കാരെ 20 ഗ്രൂപ്പുകളാക്കി 10 വീതം ക്ലാസുകളാണു നൽകുക. പെരുമാറ്റ മര്യാദ, ക്ഷേത്രസംസ്കാരം, അതത് ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെയും പൂജയുടെയും പ്രത്യേകതകൾ, ക്ഷേത്ര ആചാരങ്ങൾ, പൊതു ആത്മീയ വിഷയങ്ങൾ എന്നിവയാണ് സിലബസിലുള്ളത്. പുരാതന ക്ഷേത്രങ്ങളുടെ ചരിത്രം പൊതുവിഷയമാണ്.
മറ്റു നാടുകളിൽ നിന്നെത്തുന്ന ഭക്തർക്ക് ക്ഷേത്ര ചരിത്രവും വിവരങ്ങളും പറഞ്ഞുകൊടുക്കാൻ പ്രത്യേക ജീവനക്കാരെ നിയമിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ബോർഡിന്റെ ഭരണവേഗം വർധിപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐഎംജി) സഹകരണത്തോടെ ഓഫിസ് നിർവഹണത്തിലും ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ടെന്നു ബോർഡ‍് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.