തപാൽവോട്ട്: പട്ടികയിൽ അനർഹർ; ക്രമക്കേട് സാധ്യത
Mail This Article
കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായി ഭിന്നശേഷിക്കാരുടെയും 85 വയസ്സിനു മുകളിലുള്ളവരുടെയും പട്ടിക തയാറാക്കിയതിൽ വ്യാപക പിഴവ്. ഭിന്നശേഷിക്കാർ അല്ലാത്തവരും പ്രായം കുറഞ്ഞവരും പട്ടികയിൽ ഉൾപ്പെട്ടതായി ബൂത്ത് ലെവൽ ഓഫിസർമാരുടെ (ബിഎൽഒ) പരിശോധനയിൽ കണ്ടെത്തി. കലക്ടറേറ്റിൽ പട്ടിക തിരക്കിട്ടു തയാറാക്കിയതാണു പിഴവിനു കാരണമെന്നാണു സംശയം.
പട്ടികയിലുള്ളവരിൽ നിന്ന് ബിഎൽഒമാർ അപേക്ഷ ഫോം (12 ഡി) സ്വീകരിക്കുകയും ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ച് പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി തിരിച്ചു വാങ്ങുകയുമാണു രീതി. ഇന്നലെയായിരുന്നു തപാൽവോട്ടിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ഓരോ ബൂത്തിലും തപാൽ വോട്ട് ചെയ്യാൻ അർഹതയുള്ള 85 വയസ്സ് പിന്നിട്ടവർ, 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുള്ളവർ, ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിവരുടെ പട്ടിക ഏതാനും ദിവസം മുൻപാണ് കലക്ടറേറ്റിൽ നിന്നു ബിഎൽഒമാർക്കു കൈമാറിയത്. ഈ പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ ബിഎൽഒമാർ നേരിട്ടു ചെന്നപ്പോഴാണ് പലർക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്നും പട്ടികയിലെ 90 വയസ്സ് രേഖപ്പെടുത്തിയ ഒരു വോട്ടർക്ക് യഥാർഥത്തിൽ 35 വയസ്സേ ഉള്ളൂ എന്നും കണ്ടെത്തിയത്. വനിതാ വോട്ടറെ ട്രാൻസ്ജെൻഡർ വോട്ടർമാരുടെ കൂട്ടത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ ബൂത്തുകളിൽ സമാന പ്രശ്നമുണ്ട്. പട്ടികയിലെ പിഴവ് കണ്ടെത്തിയതോടെ ഇക്കാര്യം പ്രത്യേക റിപ്പോർട്ടാക്കി ബിഎൽഒമാർ അധികൃതർക്കു കൈമാറി.
നേരത്തെ ബിഎൽഒമാർ തയാറാക്കി നൽകിയ പട്ടിക തള്ളി മറ്റൊരു പട്ടികയാണ് ഇവർക്കു കൊടുത്തത്. അർഹരായ പലരെയും ഒഴിവാക്കിയതായും അനർഹർ ഉൾപ്പെട്ടതായും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും റവന്യു അധികൃതർ ഗൗരവമായി ഉൾക്കൊണ്ടില്ല എന്നാണ് ബിഎൽഒമാർ പറയുന്നത്. അതേസമയം പട്ടികയിൽ പിഴവുള്ളതായി ബൂത്ത് ലെവൽ ഓഫിസർമാർ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു കോഴിക്കോട് ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ പറഞ്ഞു.
കുന്നമംഗലത്ത് ബൂത്ത് ലെവൽ ഓഫിസറും ഭിന്നശേഷി പട്ടികയിൽ
കുന്നമംഗലം മണ്ഡലത്തിലെ 103–ാം ബൂത്ത് ലെവൽ ഓഫിസറായ അബ്ദുൽ റസാഖ് ഭിന്നശേഷിക്കാരുടെ പട്ടികയിൽ തന്റെ പേര് കണ്ടു ഞെട്ടി. 104–ാം ബൂത്തിലാണ് ഇദ്ദേഹത്തിന് വോട്ട്. അവിടത്തെ ബൂത്ത് ലെവൽ ഓഫിസർ വിളിച്ചറിയിക്കുമ്പോഴാണ് താൻ ഭിന്നശേഷി പട്ടികയിൽ ഉൾപ്പെട്ട വിവരം ഇദ്ദേഹം അറിയുന്നത്. ഇദ്ദേഹം ഇതു സംബന്ധിച്ച് ഒരു അപേക്ഷയും നേരത്തെ നൽകിയിരുന്നില്ല. കുന്നമംഗലം, പയ്യോളി, ചേളന്നൂർ, കീഴരിയൂർ, മേപ്പയൂർ തുടങ്ങി വിവിധ മേഖലകളിലും സമാന പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്.