അരുണാചലിൽ 3 മലയാളികൾ മരിച്ച സംഭവത്തിൽ സൂചന ‘അന്യഗ്രഹ’ത്തിലേക്ക്; വലകെട്ടി ദുരൂഹത

Mail This Article
തിരുവനന്തപുരം / കൊൽക്കത്ത ∙ അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽനിന്നു കണ്ടെത്തിയ ലാപ്ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ കണ്ടെത്തി. മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകൾ വീതമുള്ള പുസ്തകങ്ങൾ ലാപ്ടോപ്പിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ആയുർവേദ ഡോക്ടർമാരായിരുന്ന ഇരുവരുടെയും സുഹൃത്തായ അധ്യാപിക ആര്യയുടെയും ദുരൂഹ മരണങ്ങളുമായി ഇത്തരം താൽപര്യങ്ങൾക്കു ബന്ധമുണ്ടോയെന്നാണ് അന്വേഷണത്തിൽ കണ്ടെത്താനുള്ളത്. ഏതെങ്കിലും വ്യക്തികളുടെയോ സമൂഹമാധ്യമ കൂട്ടായ്മകളുടെയോ സ്വാധീനമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. മനോരോഗ വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. കടബാധ്യതകളില്ലെന്നും മരണത്തിനു മറ്റാരും ഉത്തരവാദികളല്ലെന്നുമാണ് മുറിയിൽനിന്നു ലഭിച്ച, മൂവരും ഒപ്പിട്ട കുറിപ്പിൽ പറയുന്നത്.
മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അരുണാചൽ പൊലീസ് അറിയിച്ചു. ഇവർ മരിച്ചുകിടന്നിരുന്ന ഹോട്ടൽ മുറിയിൽനിന്ന് അത്തരം മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്യ മകളാണെന്നു പറഞ്ഞാണ് ഇവർ മുറിയെടുത്തത്.
മൂവരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹങ്ങൾ ആംബുലൻസിൽ ഗുവാഹത്തിയിൽ എത്തിച്ചശേഷം ഇന്നു കൊൽക്കത്ത വഴി തിരുവനന്തപുരത്തേക്കു കൊണ്ടുവരും. 3 പേരും സഞ്ചരിച്ച കാർ ഇന്നലെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ കണ്ടെത്തി.
വലയിൽ കുരുങ്ങി നിയമം: അനാചാരങ്ങൾക്കെതിരായ കരടുബിൽ പിൻവലിച്ചശേഷം തുടർനടപടികളില്ല
തിരുവനന്തപുരം ∙ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുെടയും മറവിൽ സാമ്പത്തിക തട്ടിപ്പ് മുതൽ ക്രൂരമായ നരബലി വരെയുള്ള സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുമ്പോഴും ഇവ തടയാൻ കേരളത്തിൽ ശക്തമായ നിയമമില്ല. ഇലന്തൂർ നരബലിക്കേസിന്റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിച്ച ബിൽ കൂടുതൽ ചർച്ചകൾക്കും പരിശോധനകൾക്കുമെന്നു പറഞ്ഞ് കഴിഞ്ഞവർഷം ജൂലൈയിൽ പിൻവലിച്ചശേഷം തുടർനടപടികളൊന്നുമില്ല.
കൂടുതൽ പരിശോധന വേണമെന്നു മന്ത്രിസഭായോഗത്തിൽ ചില മന്ത്രിമാർ അഭിപ്രായപ്പെട്ടതോടെയാണ് കരടു ബിൽ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. എന്നാൽ, ഒരു പരിശോധനയും പിന്നീട് നടത്തിയില്ല. ചില നിർദേശങ്ങൾ മതപരമായ ആചാരങ്ങളെക്കൂടി ബാധിക്കുന്നതാണെന്ന വാദത്തെത്തുടർന്നാണ് ബിൽ മരവിപ്പിച്ചതെന്നറിയുന്നു.