എന്തിലും പോരിനു തയാർ; കൗതുക വർത്തമാനങ്ങളുമായി എറണാകുളത്തെ സ്ഥാനാർഥികൾ
Mail This Article
കൊച്ചി ∙ ‘ഞാനൊരു നല്ല കുക്കാണ്. ആരെങ്കിലുമുണ്ടോ പാചക മത്സരത്തിന് ? – ഡോ.കെ.എസ്.രാധാകൃഷ്ണന്റെ ചോദ്യത്തിന് ഉടൻ വന്നു കെ.ജെ.ഷൈനിന്റെ മറുപടി: ‘ഞാൻ റെഡി മാഷേ.’ ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഹൈബി ഇൗഡനും നിലപാടു വ്യക്തമാക്കി: ‘നിങ്ങൾ മത്സരിക്കൂ. ആരാണു വിജയി എന്നു പരിശോധിക്കാൻ ഞാൻ വരാം.’
എറണാകുളത്തെ മുന്നണി സ്ഥാനാർഥികളെ പങ്കെടുപ്പിച്ചു ‘മലയാള മനോരമ’ നടത്തിയ ‘പോൾ കഫെ’യിലാണു ചിരിച്ചും ചിരിപ്പിച്ചുമുള്ള നിമിഷങ്ങൾ അരങ്ങേറിയത്.
‘രുചി’യിൽ മുന്നണിയില്ല
‘ചൂടുകാലമാണ്. പ്രചാരണത്തിനിടെ ചിക്കനൊന്നും കഴിക്കരുതെന്നു പലരും പറഞ്ഞിരുന്നു. പക്ഷേ, ഞാൻ കഴിക്കും. ചിക്കൻ മാത്രമല്ല, എല്ലാ നോൺ വിഭവങ്ങളും’ – ഹൈബി പറയുന്നതു കേട്ടപ്പോൾ ഡോ.രാധാകൃഷ്ണനും വാചാലനായി: ‘ഞാൻ ഒരു ‘ഫിഷേറിയൻ’ ആണ്. തികഞ്ഞ മത്സ്യഭുക്ക്! കഴിക്കാൻ മാത്രമല്ല, പാചകം ചെയ്യാനും അറിയാം.’. ആഹാര കാര്യത്തിൽ താനും വിട്ടുവീഴ്ചയ്ക്കില്ലെന്നു ഷൈനും വെളിപ്പെടുത്തി: ‘പറവൂർ മുനിസിപ്പൽ കൗൺസിൽ യോഗം ഉച്ച കഴിഞ്ഞും നീളുമ്പോൾ ആഹാരം കഴിക്കണമെന്നു പറഞ്ഞു സ്ഥിരം ബഹളമുണ്ടാക്കുന്നതു ഞാനാണ്. ഷൈൻ ടീച്ചർ ഇല്ലാത്തതിനാൽ ഇപ്പോൾ യോഗം മൂന്നു മണിവരെ നീളുന്നു എന്ന് ഒരു കൗൺസിലർ പറയുകയും ചെയ്തു.’
നടപ്പിൽ ഒരുമിച്ച്
തിരഞ്ഞെടുപ്പു കാലത്തെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചു ൈഷൻ പറഞ്ഞതു ‘രാവിലെ കുറച്ചു നടക്കും, പറ്റിയാൽ യോഗ ചെയ്യും’ എന്നാണ്. യോഗ തന്റെ ശരീരത്തിനു പറ്റിയതല്ലെന്നു പ്രഖ്യാപിച്ച ഹൈബിയാകട്ടെ ‘എപ്പോഴെങ്കിലുമുള്ള നടപ്പോ സൈക്ലിങ്ങോ ആണു വ്യായാമ രീതിയെന്നാണു പറഞ്ഞത്. വ്യായാമം അനാവശ്യമായ സംഗതിയാണെന്നു തന്നെ പഠിപ്പിച്ചത് ഒരു വ്യായാമവുമില്ലാതെ 88 വയസ്സു വരെ ജീവിച്ച നിരൂപകൻ പ്രഫ. എം കൃഷ്ണൻ നായരാണെന്നു പറഞ്ഞു ഡോ.രാധാകൃഷ്ണൻ.
തിരഞ്ഞെടുപ്പു കാലത്തെ തിരക്കിൽ നഷ്ടമായ ഹോബികളെക്കുറിച്ചുള്ള ചോദ്യത്തിന് ‘ആടുജീവിതം’ എന്നായിരുന്നു ഹൈബിയുടെ മറുപടി. ഏറെ ആഗ്രഹിച്ചിട്ടും ‘ആടുജീവിതം’ കാണാനായില്ലെന്ന ഹൈബിയുടെ വിഷമത്തിനിടെ ഷൈൻ ഇടപെട്ടു: ‘ഞാനതു കണ്ടു.’ പതിവു പോലെ പുലർച്ചെ മൂന്നരയ്ക്ക് എഴുന്നേറ്റാലും പതിവുള്ള വായനയും എഴുത്തും ഇപ്പോൾ നടക്കുന്നില്ലെന്ന നഷ്ടബോധമാണു ഡോ. രാധാകൃഷ്ണൻ പങ്കുവച്ചത്.
പാട്ടിൽ മഞ്ഞണിപ്പൂനിലാവ്
പാട്ടുകളെക്കുറിച്ചു പറയവേ, ഷൈൻ പതുക്കെ പാടി: ‘‘മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ മഞ്ഞളരച്ചുവച്ചു നീരാടുമ്പോൾ...’ ഒപ്പം പതിയെ മൂളിയ രാധാകൃഷ്ണൻ ‘ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗ ഗംഗയായ്’ എന്നതാണു തന്റെ ഇഷ്ട ഗാനമെന്നു വെളിപ്പെടുത്തിയപ്പോൾ, തൊണ്ട വേദനയ്ക്കിടയിലും ഹൈബിക്കു മൂളാതിരിക്കാനായില്ല – ‘ബഡേ അഛേ ലഗ്തേ ഹേ, യേ ധർത്തി, യേ നദിയാം...’ പാചക മത്സരത്തിനില്ലെങ്കിലും തൊണ്ട ശരിയായാൽ സ്ഥാനാർഥികളുമായി പാട്ടു മത്സരത്തിനു തയാറാണെന്നു ഹൈബി പറഞ്ഞു.
സ്നേഹനൂലിൽ
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടു മുൻപു താൻ പഠിപ്പിക്കുന്ന സ്കൂളിനു ബസ് ലഭിക്കാനായി െഹെബിയെ കണ്ടതും അദ്ദേഹം സഹായിച്ചതും നന്ദിയോടെ െഷെൻ ഓർത്തു. ഡോ.രാധാകൃഷ്ണനെപ്പോലെ അറിയപ്പെടുന്ന പ്രമുഖനൊപ്പം വേദിപങ്കിടുന്നതിന്റെ സന്തോഷവും പങ്കുവച്ചു.
‘ഹൈബി എനിക്കു മകനെപ്പോലെയാണ്. അച്ഛൻ ജോർജ് ഇൗഡൻ അടുത്ത സുഹൃത്തായിരുന്നു. എന്റെ മക്കളാകട്ടെ ഹൈബിയുടെ സുഹൃത്തുക്കളുമാണ്.’ – ഡോ.രാധാകൃഷ്ണൻ പറഞ്ഞു. ഉടൻ ഹൈബിയുടെ പഞ്ച് ഡയലോഗ്: ‘അവരുടെ വോട്ടും എനിക്കായിരിക്കും.’ ഡോ.രാധാകൃഷ്ണന്റെ കൗണ്ടർ അതിലും വേഗമെത്തി: ‘അത് അതിമോഹമാണു മോനേ!’