ADVERTISEMENT

തിരുവനന്തപുരം ∙ കാണാതായ അധ്യാപികയെയും അവരുടെ സുഹൃത്തുക്കളായ ദമ്പതികളെയും അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരാണു മരിച്ചത്. ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്; ദേവി മുൻപ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. 

മാർച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. ‌കഴിഞ്ഞദിവസങ്ങളിൽ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു. മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയിൽ  മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു.  ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം.

നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തി. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന കുറിപ്പും നാട്ടിൽ വിവരം അറിയിക്കേണ്ടവരുടെ ഫോൺ നമ്പറും മേശയിലുണ്ടായിരുന്നു. സിസിടിവിയിൽ സംശായസ്പദമായൊന്നും കണ്ടെത്തിയില്ല. 

ഇന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെയും ക്രൈസ്റ്റ് നഗർ സ്കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്സ് റിട്ട. ഉദ്യോഗസ്ഥൻ അനിൽകുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ.

ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താൻ നിശ്ചയിച്ചിരുന്നതാണ്. 27 മുതൽ കാണാനില്ലെന്നു പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. 

English Summary:

Malayali couple and woman found dead in Arunachal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com