ADVERTISEMENT

കൊച്ചി ∙ റെയിൽവേയിലെ ടിക്കറ്റ് എക്സാമിനർ കെ.വിനോദിനെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് എറണാകുളത്തെ സഹപ്രവർത്തകർ കേട്ടത്. സഹപ്രവർത്തകരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണു വിനോദ്. പിതാവ് വേണുഗോപാലൻനായർക്കും മാതാവ് ലളിതയ്ക്കുമൊപ്പം വർഷങ്ങളായി സൗത്തിലെ റെയിൽവേ ക്വാർട്ടേഴ്സിലായിരുന്നു താമസം. സൗത്തിലെ റെയിൽവേ ബംഗ്ലാവിലെ ജീവനക്കാരനായിരുന്നു വിനോദിന്റെ പിതാവ് വേണുഗോപാൽ നായർ. വിനോദിന്റെ സഹോദരി സന്ധ്യ എളമക്കരയിലാണ് താമസം.

ജനുവരി 28നു  മഞ്ഞുമ്മൽ മൈത്രി നഗറിൽ വച്ച പുതിയ വീടിന്റെ പാലുകാച്ചലിനു സഹപ്രവർത്തകരെയെല്ലാം വിളിച്ചിരുന്നു.ഫെബ്രുവരി  4 നാണ് താമസം തുടങ്ങിയത്. അമ്മയുടെ പേരു ചേർത്തു ലെയിൻ നമ്പർ സെവനിലെ വീടിനു ലളിതാനിവാസ് എന്നാണു പേരിട്ടത്. രണ്ടു വർഷമേ ആയുള്ളൂ വിനോദ് ടിടിഇയുടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അതുവരെ ഡീസൽ ലോക്കോ ഷെഡിലായിരുന്നു ജോലി. 

ടിടിഇ കെ.വിനോദ് നടൻ മോഹൻലാലിനൊപ്പം (ഫയൽ ചിത്രം).
ടിടിഇ കെ.വിനോദ് നടൻ മോഹൻലാലിനൊപ്പം (ഫയൽ ചിത്രം).

സിനിമാപ്രവർത്തകരുമായി അടുത്ത ബന്ധമുള്ള വിനോദ് മോഹൻലാൽ ചിത്രങ്ങളായ പുലിമുരുകൻ, എന്നും എപ്പോഴും എന്നിവയിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. എസ്ആർവി സ്കൂളിൽ സംവിധായകൻ ആഷിക് അബുവിന്റെ സഹപാഠിയാണു വിനോദ്. ആ ബന്ധമാണു സിനിമയിലേക്കു വഴി തുറന്നത്. ആഷിക് ചിത്രമായ ഗ്യാങ്സ്റ്ററിൽ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായി അഭിനയിച്ചു. വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്തു വിനോദ് കണ്ണൻ എന്നാണ് അറിയപ്പെട്ടിരുന്നത്. 

ടിക്കറ്റെടുക്കാതെ ഇതരസംസ്ഥാന യാത്രക്കാർ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന ട്രെയിനാണ് എറണാകുളം–പട്ന എക്സ്പ്രസ്. ആഴ്ചയിൽ 3 ദിവസമാണ് ഇൗ ട്രെയിനുള്ളത്.

പ്രതിയെ പിടിക്കാൻ കഞ്ഞിക്കുഴിക്കാരനും

പാലക്കാട് ∙ സഹപ്രവർത്തകനുണ്ടായ ആപത്തിനു മുന്നിൽ പകച്ചുനിൽക്കാതെ ജാർഖണ്ഡ് സ്വദേശി ദിനേശ് മാജിയും കോട്ടയം കഞ്ഞിക്കുഴി സ്വദേശി സഞ്ജു അഗസ്റ്റിനും നടത്തിയ ഇടപെടലാണു ഇന്നലെ തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പ്രതി രജനികാന്തയെ ഉടൻ പിടികൂടാൻ സഹായകമായത്. കൊല്ലപ്പെട്ട വിനോദിനൊപ്പം ഇതേ ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ദിനേശ് മാജിയും സഞ്ജു അഗസ്റ്റിനും. ഇവർ ഉൾപ്പെടെ 6 ടിടിഇമാരാണ് ട്രെയിനിലുണ്ടായിരുന്നത്. വിനോദ് ഡ്യൂട്ടിയിലുണ്ടായിരുന്നത് 11ാം നമ്പർ കോച്ചിലായിരുന്നു. ഇതിനു തൊട്ടടുത്ത 9ാം നമ്പർ കോച്ചിൽ ദിനേശ് മാജിയും ഏഴാം നമ്പർ കോച്ചിൽ സഞ്ജുവുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

സംഭവം നടന്നപ്പോൾ, പ്രതി കൂടുതൽ അക്രമകാരിയാകുമെന്നു ഭയന്ന് 11ാം നമ്പർ കോച്ചിലുണ്ടായിരുന്നവർ ഇരിപ്പിടത്തി‍ൽ നിന്ന് എഴുന്നേറ്റ് തൊട്ടടുത്ത കോച്ചിലേക്കു പോയിരുന്നു.

English Summary:

The relatives of deceased Ticket Examiner are in shock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com