ബെംഗളൂരുവിലേക്കുള്ള വിമാനം വൈകിയതിൽ പ്രതിഷേധം; കരിപ്പൂരിൽ 2 സ്ത്രീകൾ അറസ്റ്റിൽ
Mail This Article
കരിപ്പൂർ (മലപ്പുറം) ∙ വിമാനം പുറപ്പെടാൻ വൈകിയതിനെത്തുടർന്നു കോഴിക്കോട് വിമാനത്താവളത്തിൽ പ്രതിഷേധിച്ച രണ്ടു വനിതാ യാത്രക്കാർ അറസ്റ്റിൽ. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു കരിപ്പൂർ പൊലീസിനു കൈമാറിയ ഇവരെ പിന്നീടു ജാമ്യത്തിൽ വിട്ടു. രാവിലെ 8.10നുള്ള ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കു പുറപ്പെടാൻ എത്തിയ കണ്ണൂർ സ്വദേശിനി സൗദ (54), കോഴിക്കോട് ഒഞ്ചിയം കണ്ണൂക്കര ഖദീജ (57) എന്നിവരെയാണ് സിഐഎസ്എഫ് കരിപ്പൂർ പൊലീസിനു കൈമാറിയത്.
രാവിലെ സാങ്കേതിക പ്രശ്നംമൂലം യാത്ര വൈകുമെന്ന അറിയിപ്പിനെത്തുടർന്ന്, യാത്രക്കാർ വിമാനത്തിൽ കാത്തിരിക്കുന്നതിനിടെ ഇൻഡിഗോയുടെ തന്നെ ബെംഗളൂരുവിലേക്കുള്ള മറ്റൊരു വിമാനം 10.40നു പുറപ്പെട്ടു. യാത്ര അത്യാവശ്യമാണെന്നും ഈ വിമാനത്തിൽ കൊണ്ടുപോകണമെന്നും സൗദയും ഖദീജയും ആവശ്യപ്പെട്ടു. ബഹളം വച്ച് ഇവർ മറ്റു യാത്രക്കാരെ തടഞ്ഞതായും സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിന്റെ ജോലി തടസ്സപ്പെടുത്തിയതായും സിഐഎസ്എഫ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസിനു കൈമാറുകയായിരുന്നു.