ADVERTISEMENT

കൊച്ചി∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ മരണത്തിലേക്കു നയിച്ച ക്യാംപസിലെ സാഹചര്യങ്ങൾ വൈസ് ചാൻസലർ അറിയാതിരിക്കാൻ സാധ്യതയില്ലെന്നും നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായതിന്റെ പേരിലാണു സസ്പെൻഡ് ചെയ്തതെന്നും ചാൻസലർ കൂടിയായ ഗവർണർ ഹൈക്കോടതിയെ അറിയിച്ചു.

സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ക്യാംപസിൽ ഏറെക്കാലമായി വിദ്യാർഥികൾ പേടിച്ചരണ്ടു കഴിയുകയായിരുന്നുവെന്ന് ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിലുണ്ട്. സഹപാഠികൾക്കു നേരെയുള്ള ക്രൂരത ചോദ്യം ചെയ്യാൻ പോലുമാകാതെ വിദ്യാർഥികൾക്കു കഴിയേണ്ടി വന്നത് ക്യാംപസിലെ അച്ചടക്കപാലനത്തിൽ വിസിക്കും ടീമിനും ഉണ്ടായ പരാജയമാണെന്ന് ചാൻസലർക്കു വേണ്ടി പി. ശ്രീകുമാർ വാദിച്ചു.

വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ. ശശീന്ദ്രനാഥ് സസ്പെൻഷൻ ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിൽ ഇന്നും വാദം തുടരും. കോളജിന്റെ കാര്യങ്ങൾ നോക്കുന്നതു ഡീൻ ആണെന്നും അവിടെ നടക്കുന്ന സംഭവങ്ങളിൽ വിസിക്കു നേരിട്ടു ബന്ധമില്ലെന്നുമാണു ഹർജിക്കാരന്റെ വാദം.

അതേസമയം, സർവകലാശാലയ്ക്കു മേധാവി ഇല്ലാതെ പോകുന്നതിൽ സർക്കാരിന് ആശങ്കയുണ്ടെന്നും പകരം നിയമിച്ച വിസി പദവിയൊഴിഞ്ഞു പോയെന്നും സർക്കാർ വിശദീകരിച്ചു. മാത്രമല്ല, വ്യക്തിപരമായി അഴിമതി, ഫണ്ട് തിരിമറി, ഔദ്യോഗിക പെരുമാറ്റദൂഷ്യം തുടങ്ങി ആരോപണങ്ങളുടെ പേരിലല്ലാതെ വിസിക്കെതിരെ നടപടി സാധിക്കില്ലെന്നും വാദിച്ചു.

മതിയായ കാരണമുണ്ടെങ്കിൽ വിസിക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്ന് ചാൻസലർക്കു വേണ്ടി രാജ്ഭവൻ ഡപ്യൂട്ടി സെക്രട്ടറി ആർ. കെ. മധു സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സസ്പെൻഷൻ അനിവാര്യമായ സാഹചര്യമാണു ക്യാംപസിലുണ്ടായത്.

മറ്റു വിദ്യാർഥികൾക്കു മുന്നിൽ വച്ച് ദിവസങ്ങളോളം ക്രൂരമായി ആക്രമിക്കപ്പെട്ട സിദ്ധാർഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ടും വിസി അന്വേഷണത്തിന് ഉത്തരവിട്ടില്ല. ആന്റി റാഗിങ് സെല്ലിന്റെ പരാതി കിട്ടിയ ശേഷം മാത്രമാണു നടപടിക്കു മുതിർന്നത്. വിസിയുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയെ കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണു സസ്പെൻഡ് ചെയ്തു മാറ്റിനിർത്തുന്നതെന്നും വിശദീകരിച്ചു.

English Summary:

Governor informed High court about reason to suspend Vice chancellor on siddharthan's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com