ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തെ ഭാവചലനങ്ങൾക്കു പോലും റോബട്ടിക് കൺട്രോളിന്റെ കൃത്യതയുണ്ടെന്ന് ചിലപ്പോൾ തോന്നും. ഒരു ചിരി ചുണ്ടിൽ വിരിഞ്ഞാൽ അതു മായുന്നതും ഒരു ദേഷ്യം പുരികം കടന്നു മറയുന്നതും കൃത്യമായ നിമിഷാർധങ്ങളിലാണ്. ഫൊട്ടോഗ്രഫർമാർ സെക്കൻഡുകളുമായി മത്സരിക്കേണ്ടിവരും അതു പകർത്താൻ. എറണാകുളം ബോട്ട് ജെട്ടിയിലെ ടി.കെ.രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിന്റെ പൂമുഖത്ത് പത്രസമ്മേളനത്തോടെയാണ് മുഖ്യമന്ത്രിയുടെ എറണാകുളം മണ്ഡലയാത്രയുടെ തുടക്കം. തിരഞ്ഞെടുപ്പു കാലമായതിനാൽ സർക്കാർ വാഹനങ്ങളുടെ കാർണിവലൊന്നുമില്ല. വേദിയിൽ ഒരു കസേര മാത്രം. കൃത്യമായ അകലം പാലിച്ച് ഫ്രെയിമിനുപുറത്ത് പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഇരുന്നു. കായൽ കടന്നുവരുന്ന കാറ്റിനു പോലും കാലത്തിന്റെ ചൂട്. ടവർ കൂളറുകൾക്ക് നടുവിൽ മുഖ്യമന്ത്രി കോൺഗ്രസിനുനേരെ ആദ്യ അമ്പെയ്തു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ്ഷോയിൽ കോൺഗ്രസിന്റെ പതാക മുക്കി. 

ലീഗിന്റെ പതാക ഉയർത്തിയപ്പോൾ പാക്കിസ്ഥാൻ പതാകയാണെന്ന വിവാദം ബിജെപി ഉയർത്തിയതുകൊണ്ടാണ് ആർജവമില്ലാത്ത കോൺഗ്രസ് സ്വന്തം പതാക പോലും  മൂടിവച്ചതെന്നു മുഖ്യമന്ത്രി. കോൺഗ്രസിന്റെ പതാകയുടെ ചരിത്രം പറഞ്ഞപ്പോൾ കയ്യിലെ ചെറുകുറിപ്പിലേക്ക് നോട്ടം. സഖാവ് പി.കൃഷ്ണപിള്ളയും ഹർകിഷൻ സിങ് സുർജിത്തും സ്വാതന്ത്ര്യസമരകാലത്ത് ഉയർത്തിയ ത്രിവർണപതാകയെക്കുറിച്ച് ആവേശംകൊണ്ടു മുഖ്യമന്ത്രി. കരുവന്നൂർ കേസിൽ മുൻ എംപി പി.ബിജു കൊച്ചിയിൽ ഇ.ഡി. മുൻപാകെ ഹാജരായെന്ന വാർത്ത ഇതിനിടെ റിപ്പോർട്ടർമാരെ തേടിയെത്തി. ചോദ്യം കൊച്ചികടന്ന് കരുവന്നൂരിലേക്ക്. കരുവന്നൂരിൽ പാർട്ടിക്കു രഹസ്യ അക്കൗണ്ടില്ലെന്നു വ്യക്തമാക്കിയ പിണറായി ഇ.ഡിയുടെ വേട്ടയാടലിനു കോൺഗ്രസ് ഇവിടെ ചൂട്ടുപിടിക്കുകയാണെന്നു വിമർശിച്ചു. മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ് നൽകിയ സന്ദർശകഡയറിയിൽ ജനകീയ നേതാവ് ടി.കെ.രാമകൃഷ്ണനെ അനുസ്മരിച്ച് ചെറിയ കുറിപ്പെഴുതി മുഖ്യമന്ത്രി എഴുന്നേറ്റു. അടുത്ത വേദി വൈപ്പിനിലെ ചെറായി. ഗൗരീശങ്കരക്ഷേത്രമൈതാനമാണ്. തീവെയിൽ കത്തുന്ന ക്ഷേത്രമുറ്റത്ത് വലിയ പന്തലൊരുക്കി സ്ഥലം എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചവാദ്യസഹിതം സ്വീകരണം. എല്ലാവരുടെയും കൈകളിൽ സ്ഥാനാർഥി ഷൈൻ ടീച്ചറുടെ ചിത്രമുള്ള വിശറി. ബനിയനിൽ, തൊപ്പിയിൽ, കീ ചെയിനിൽ എല്ലാം സമരപുളകങ്ങളുടെ സിന്ദൂരമുദ്രകൾ... മംഗലാംകുന്ന് കർണനും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമുൾപ്പെടെ ഗജരാജാക്കൻമാർ തലപ്പൊക്കമത്സരത്തിൽ പങ്കെടുക്കുന്ന ക്ഷേത്രമുറ്റത്തേക്ക് കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവിന്റെ വരവ്.

മന്ത്രി പി.രാജീവും സ്ഥാനാർഥി കെ.ജെ.ഷൈനും വേദിയിലുണ്ട്. ദേശീയരാഷ്ട്രീയത്തിൽ തുടങ്ങി 20–ാം മിനിറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ച് വിഷയം കിഫ്ബിയിലെത്തി. കേരളത്തിനു വികസനം കൊണ്ടുവരാൻ ശ്രമിച്ച തോമസ് ഐസക്കിനെ ഇ.ഡി വേട്ടയാടുന്നു. വാക്കിനു ചൂടേറുന്നു. പുറത്ത് ചൂടിനൊരു കനിവുമില്ല. നജീബിന്റെ ആടുജീവിതത്തിലേതുപോലെ തീക്കാറ്റ് ഇടക്കിടെ പൊള്ളിക്കുന്നു–വോട്ട് ലൈഫ്.

‘മല്ലികപ്പൂവിൻ മധുരഗന്ധം നിൻ മന്ദസ്മിതം പോലും ഒരു വസന്തം’ എന്ന പ്രണയസുന്ദര ഈണങ്ങളുടെ ശിൽപി എം.കെ.അർജുനന്റെ പേരിലുള്ള ഗ്രൗണ്ടിലാണ് പള്ളുരുത്തിയിലെ പരിപാടി. മന്ദസ്മിതം പൊഴിച്ച് സെറ്റ്സാരിയിൽ സ്മാർട്ടായി ഷൈൻ ടീച്ചർ മുൻസീറ്റിൽ. പ്രസംഗത്തിന്റെ ചേരുവ പുതിയ സദസ്സിനു മുന്നിലും മുഖ്യമന്ത്രി മാറ്റിപ്പിടിച്ചില്ല. അവിടെയും  ഇ.ഡിയെ വീണ്ടും ചവിട്ടിക്കൂട്ടി. മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞിട്ടും വേദി വിട്ടില്ല. ‘‘എനിക്കാവതില്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ കണിക്കൊന്നയല്ലേ ...’’ ഷൈൻ ടീച്ചറുടെ പ്രസംഗത്തിൽ കവിതയുടെ മഴവില്ല്. മടക്കയാത്രയിൽ മുഖ്യമന്ത്രിയുടെ കാർ വെണ്ടുരുത്തിപ്പാലം കടന്നപ്പോൾ വേനൽമഴയുടെ ദുന്ദുഭി. മറൈൻഡ്രൈവിലെ അവസാനവേദിയിൽ മഴയുടെ നൃത്തം. മേയർ അനിൽകുമാർ സ്വാഗതം പറയാനാഞ്ഞപ്പോഴേക്കും മഴയെത്തി. ഓപ്പൺ സ്റ്റേജ് നനഞ്ഞു കുതിർന്നു. വേദിയിൽ നിന്നു ഗോപി കോട്ടമുറിക്കൽ മുഖ്യമന്ത്രിയെ വിളിച്ചു വിവരമറിയിച്ചു. പരിപാടി മാറ്റിയതായി അറിയിപ്പുവന്നു. ചൂടത്ത് നൽകിയ വിശറി കുടയാക്കി പ്രവർത്തകരും പിരിഞ്ഞു. നനഞ്ഞൊട്ടിയ ഷർട്ടിലേക്ക് നോക്കി കോട്ടമുറിക്കൽ പറഞ്ഞു ‘‘ഷർട്ടിപ്പോൾ എയർകണ്ടീഷനായി’’.

English Summary:

A day of Chief Minister Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com