പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി; പിന്നാലെ അമ്മ കൈ ഞരമ്പുകൾ മുറിച്ച് വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങിമരിച്ചു

Mail This Article
ബോവിക്കാനം (കാസർകോട്) ∙ പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ കൈ ഞരമ്പുകൾ മുറിച്ചു തൂങ്ങിമരിച്ചു. തൊടുപുഴയിലെ ശരത്തിന്റെ ഭാര്യയും മുളിയാർ കോപ്പാളംകൊച്ചി സ്വദേശിനിയുമായ ബിന്ദുവാണ് (30) 4 മാസം പ്രായമായ മകൾ ശ്രീനന്ദനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കുഞ്ഞിനെ അവശനിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തി. ഉടനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടിൽ നിന്നു 2 ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
മൃതദേഹങ്ങൾ കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശ്രീഹരിയാണ് ശരത്–ബിന്ദു ദമ്പതികളുടെ മറ്റൊരു കുട്ടി. കോപ്പാളംകൊച്ചിയിലെ രാമചന്ദ്രന്റെയും ലളിതയുടെയും മകളാണു ബിന്ദു. സഹോദരങ്ങൾ: സിന്ധു, രമ്യ.