1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ
Mail This Article
കടുത്തുരുത്തി ∙ വൈദ്യുതിച്ചാർജ് അടയ്ക്കാനെന്നപേരിൽ 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസിന്റെ പിടിയിലായി. ഞീഴൂർ വില്ലേജ് ഓഫിസർ ജോർജ് ജോൺ (52) ആണ് അറസ്റ്റിലായത്. കുറവിലങ്ങാട് സ്വദേശിയായ യുവാവ് ജനന റജിസ്ട്രേഷൻ നടത്താൻ പാലാ ആർഡിഒ ഓഫിസിൽ അപേക്ഷ കൊടുത്തിരുന്നു. പരിശോധന നടത്തി അന്വേഷണ റിപ്പോർട്ട് ആർഡിഒ ഓഫിസിൽ സമർപ്പിക്കാൻ കൈക്കൂലിയായി 1300 രൂപ വില്ലേജ് ഓഫിസർ ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസിലെ വൈദ്യുതിച്ചാർജ് അടയ്ക്കാനെന്ന പേരിലാണു പണം ആവശ്യപ്പെട്ടത്.
കോട്ടയം വിജിലൻസ് ഓഫിസിൽ പരാതി നൽകിയതോടെ കിഴക്കൻ മേഖലാ വിജിലൻസ് എസ്പി വി.ജി.വിനോദ്‌കുമാറിന്റെ നിർദേശാനുസരണം ഡിവൈഎസ്പി രവികുമാറും സംഘവുമാണു പ്രതിയെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വിജിലൻസ് ഏൽപിച്ച പണം പരാതിക്കാരനിൽ നിന്നു വില്ലേജ് ഓഫിസർ വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ എസ്.പ്രദീപ്, എസ്ഐമാരായ സ്റ്റാൻലി തോമസ്, വി.എം.ജയ്മോൻ, കെ.പ്രദീപ്കുമാർ, കെ.സി.പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.