ADVERTISEMENT

ന്യൂഡൽഹി ∙ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി. സുപ്രീം കോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ ആവണി ബൻസൽ ആണ് തിരഞ്ഞെടുപ്പ് ഓഫിസറായ തിരുവനന്തപുരം ജില്ലാ കലക്ടർക്കു പരാതി നൽകിയത്. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാൽ രാജീവിന്റെ പത്രിക തള്ളണമെന്നാണ് ആവശ്യം. എന്നാൽ, രാജീവിന്റേതടക്കമുള്ള പത്രികകൾ ഇന്നലെ സ്വീകരിച്ചു.

2018 ൽ രാജ്യസഭാ സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും രാജീവ് ചന്ദ്രശേഖർ യഥാർഥ സ്വത്തുവിവരം മറച്ചു വച്ചതായി പരാതിയിലുണ്ട്. ഇതു സംബന്ധിച്ചു ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 2018ലെ പരാതി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് അയച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നെങ്കിലും തുടർന്ന് എന്തെങ്കിലും നടപടി ഉണ്ടായതായി അറിയില്ലെന്നും ആവണി പറഞ്ഞു.

14.40 കോടിയുടെ സ്ഥാവര വസ്തുക്കളിൽ അദ്ദേഹം താമസിക്കുന്ന ബെംഗളൂരുവിലെ സ്വന്തം പേരിലുള്ള വീട് കാണിച്ചിട്ടില്ല. 2021–22 ൽ 680 രൂപയും 2022–23 ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി കാണിച്ചിരിക്കുന്നത്. ഏറ്റവും സമ്പന്നനായ രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖർ എന്ന വിവരം പുറത്തു വന്നിരിക്കുമ്പോഴാണിതെന്നു പരാതിയിൽ പറയുന്നു.

English Summary:

Complaint that Rajeev Chandrasekhar gave false information in affidavit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com