സുപ്രീംകോടതി മുന്നറിയിപ്പ് ഫലിച്ചു; 2012 റാങ്ക് ലിസ്റ്റിലെ 4 പേർക്ക് വയനാട്ടിൽ സ്കൂൾ നിയമനം
Mail This Article
തിരുവനന്തപുരം ∙ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി നിലപാട് കടുപ്പിച്ചതോടെ 2012 ലെ പിഎസ്‌സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട 4 പേർക്കു വയനാട്ടിലെ സർക്കാർ ഹൈസ്കൂളുകളിൽ മലയാളം അധ്യാപക തസ്തികകളിൽ നിയമനം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇവർക്ക് ഒരു മാസത്തിനകം നിയമനം നൽകണമെന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവു പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിലടയ്ക്കുന്നതടക്കം കടുത്ത നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകിയത്.
തുടർന്ന് സർക്കാർ അടിയന്തര നിയമന ഉത്തരവിറക്കി. നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും നൽകിയ ഹർജികൾ തള്ളിയതോടെയാണ് സുപ്രീം കോടതിയിലെത്തി അനുകൂല വിധി സമ്പാദിച്ചത്. പിഎസ്‌സി അഡ്വൈസ് മെമ്മോ പോലും നൽകാത്തവർക്കാണു കോടതി ഉത്തരവ് അനുസരിച്ച് നിയമനം നൽകേണ്ടി വന്നതെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ റിവ്യൂ ഹർജി തള്ളിയതിൽ നീതികേടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
‘ആ റാങ്ക് പട്ടികയിൽ തന്നെ ഉയർന്ന റാങ്കുള്ള ഉദ്യോഗാർഥികളോടുള്ള നീതികേടാണെങ്കിലും പരമോന്നത കോടതി വിധി നടപ്പാക്കേണ്ടതിനാലാണ് ഉത്തരവിറക്കിയത്. എന്നാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉള്ള വിധിയായതിനാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ നിയമ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും’– മന്ത്രി പറഞ്ഞു.