ഭരണം മാറിയാൽ അദ്ഭുതം വേണ്ട: കെ.പി.ഉണ്ണികൃഷ്ണൻ

Mail This Article
കോഴിക്കോട് ∙ ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം 1962 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുമ്പോൾ കെ.പി.ഉണ്ണികൃഷ്ണന് പ്രായം 26. 1971 ൽ വടകരയിൽ ഇന്ദിരാ കോൺഗ്രസ് സ്ഥാനാർഥിയായെത്തിയ ഉണ്ണികൃഷ്ണൻ, തുടർച്ചയായി 6 തവണ അവിടെനിന്നു ലോക്സഭയിലേക്കു വിജയിച്ചു ചരിത്രം സൃഷ്ടിച്ചു.
കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) മേൽവിലാസങ്ങളിലും വിജയം ആവർത്തിച്ച് 25 കൊല്ലം വടകരയുടെ എംപിയായി; വി.പി.സിങ് സർക്കാരിൽ കാബിനറ്റ് മന്ത്രിയുമായി. 87-ാം വയസ്സിൽ പന്നിയങ്കരയിലെ ‘പത്മാലയ’ത്തിൽ വിശ്രമജീവിതം നയിക്കുമ്പോഴും രാജ്യത്തിന്റെ രാഷ്ട്രീയസപ്ന്ദനങ്ങൾ ഉണ്ണികൃഷ്ണന്റെ ഉള്ളിലുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹം ‘മനോരമ’യോടു മനസ്സു തുറക്കുന്നു:
Qഈ തിരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു ?
A മോദിയുടെ ഭരണം മാറിയാൽ അദ്ഭുതപ്പെടാനൊന്നുമില്ല. ദക്ഷിണേന്ത്യയിൽ ഒരു ചലനവുമുണ്ടാക്കാൻ അവർക്കാവില്ല. കേരളത്തിൽ അക്കൗണ്ട് തുറക്കുമോ എന്നതിലൊന്നുമല്ല കാര്യം. 10 സീറ്റ് തികയ്ക്കാവുന്നൊരു സംസ്ഥാനമില്ല ഇവിടെയൊന്നും. മഹാരാഷ്ട്രയിലും മോശമാണ് അവരുടെ സ്ഥിതി. ജാതിസമവാക്യങ്ങൾ ബിജെപിക്കു കനത്ത തിരിച്ചടി നൽകും. ബ്രാഹ്മണരുടെയും ഉയർന്ന ജാതിക്കാരുടെയും മാത്രം പാർട്ടിയായെന്ന പരാതി ശക്തമാണ്. യുപി, ജാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലെല്ലാം ബിജെപിക്കു തിരിച്ചടി നേരിടേണ്ടിവരുമെന്നുറപ്പാണ്.
Qഅന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ?
A ഇ.ഡിയെ ഉപയോഗിച്ചു നടത്തുന്ന നീക്കങ്ങൾ ബിജെപിക്കു മറ്റൊരു തിരിച്ചടിയാകും. പ്രധാനമന്ത്രിക്ക് ആരാണ് ഈ ഉപദേശം നൽകുന്നതെന്നു മനസ്സിലാകുന്നില്ല. കേജ്‌രിവാളിനെ ജയിലിലടച്ചത് ഡൽഹിയിൽ ഉപരി, മധ്യവർഗക്കാരുടെ വോട്ട് നഷ്ടപ്പെടുത്തും.
Qദേശീയ രാഷ്ട്രീയത്തിലേക്കു വഴി തുറന്നുകിട്ടിയത് ?
A ഡൽഹിയിലെത്തിയ കാലം മുതൽ ഇന്ദിരാഗാന്ധിയുമായി അടുത്തു പ്രവർത്തിക്കാൻ അവസരമുണ്ടായി. ദേശീയ വിദ്യാർഥി യൂണിയൻ ഭാരവാഹിയെന്ന നിലയിൽ എഐസിസിയുമായി നിരന്തര ബന്ധവുമുണ്ടായിരുന്നു. 1967ൽതന്നെ എന്നെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു.
പാർലമെന്ററി ബോർഡിലും ഒറ്റക്കെട്ടായ തീരുമാനമുണ്ടായി, ഒരാൾ മാത്രം വിയോജിച്ചു–മൊറാർജി ദേശായി. ഞാൻ കമ്യൂണിസ്റ്റ് ചായ്‌വുള്ള വ്യക്തിയാണെന്നും മദ്യപിക്കുന്ന ശീലമുണ്ടെന്നും മറ്റുമായിരുന്നു വാദം. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡി.പി.മിശ്ര അന്നെനിക്ക് മധ്യപ്രദേശിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അന്നവിടെനിന്നു മത്സരിച്ചു ജയിച്ചാൽ എന്റെ ഭാവി മറ്റൊന്നാകുമായിരുന്നു.
Qപുതിയ വടകരയെക്കുറിച്ച്, മത്സരത്തെക്കുറിച്ച് ?
A ഷാഫി പറമ്പിൽ നല്ലൊരു പ്രതീക്ഷയാണ്. വടകരയിൽ ജയിക്കുമെന്നുറപ്പാണ്. അദ്ദേഹത്തെ ജയിപ്പിക്കണമെന്നു പറയാൻ എനിക്കു ബാധ്യതയുണ്ട്.
പത്മജ, അനിൽ: കേരളത്തിൽ തിരിച്ചടിയല്ല
പത്മജയും അനിൽ ആന്റണിയും പോയതു കോൺഗ്രസിനോ യുഡിഎഫിനോ കേരളത്തിൽ തിരിച്ചടിയല്ലെന്നു കെ.പി.ഉണ്ണികൃഷ്ണൻ പറഞ്ഞു. പക്ഷേ, ബിജെപി ഇവരുടെ പേരുകൾ ഇന്ത്യയിൽ മറ്റിടങ്ങളിൽ ഉപയോഗിക്കും– അദ്ദേഹം കൂട്ടിച്ചേർത്തു.