ADVERTISEMENT

കോഴിക്കോട്∙ സുഗന്ധഗിരിയിൽ അനധികൃതമായി മുറിച്ച മരങ്ങൾ ഏതു തരം പാസ് ഉപയോഗിച്ചാണു കടത്തിയിരിക്കുന്നതെന്നു കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം  ലക്കിടി ചെക്പോസ്റ്റിലെ രേഖകൾ പരിശോധിക്കും. ചെക്പോസ്റ്റ് ജീവനക്കാർക്കും കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും പരിശോധിക്കും. വീടിനു ഭീഷണിയായ മരങ്ങൾ മുറിക്കാൻ സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കു 106 അപേക്ഷകളാണു ലഭിച്ചിരുന്നത്.

 അവ പരിശോധിച്ച്, 20 മരങ്ങൾ അടിയന്തരമായി മുറിക്കാനായിരുന്നു അനുമതി. മുറിച്ചിട്ട മരങ്ങൾ പരിശോധിച്ചു റിപ്പോർട്ട് തയാറാക്കിയതു സെക്‌ഷൻ ഫോറസ്റ്ററാണ്. അദ്ദേഹത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് 5 ഫോം –3 പാസുകൾ (വനം വകുപ്പ് ലേലം കൊള്ളുന്ന മരങ്ങൾ കൊണ്ടു പോകാനുള്ള പാസ്) നൽകിയത്. അവ സാക്ഷ്യപ്പെടുത്തിയതു രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരും.

എന്നാൽ, തുടർപരിശോധനകളോ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യമോ ഇല്ലെന്നു കണ്ടതോടെ വനം വകുപ്പു ജീവനക്കാരൻ തന്നെ വ്യാപകമായി മരം വെട്ടാൻ നേതൃത്വം നൽകി. യൂണിഫോമിട്ട ജീവനക്കാരനാണ് മരം വെട്ടാൻ നേതൃത്വം കൊടുത്തതെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണു ക്രെയിൻ ഉപയോഗിച്ചു വാഹനത്തിലേക്കു മരങ്ങൾ കയറ്റിയതെന്നുമാണു കരാറുകാരുടെ മൊഴി. വൻതുക ഈ ഉദ്യോഗസ്ഥനു കൈമാറിയിട്ടുണ്ടെന്നും മൊഴി നൽകിയതായാണു സൂചന.

നിയമാനുസൃതം വെട്ടിയ 20 മരങ്ങൾ 5 ലോഡുകളിലായാണു ചെക്പോസ്റ്റ് കടന്നത്. ഇതിനു പുറമേ, 102 കൂറ്റൻ മരങ്ങൾ കൂടി വെട്ടിയെന്നാണു കണ്ടെത്തൽ. അവ ചെക് പോസ്റ്റ് കടത്താൻ ഫോം–4 പാസുകൾ (സ്വകാര്യ ഡിപ്പോകളിൽ നിന്നു തടി മറ്റൊരു ഡിപ്പോയിലേക്കു കൊണ്ടു പോകാനുള്ളത്) ദുരുപയോഗം ചെയ്തെന്നാണു സൂചന. അങ്ങനെയെങ്കിൽ ബന്ധപ്പെട്ട മില്ലുടമയുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കേണ്ടി വരും.

അതിനിടെ, ഫോം–3 പാസുകൾ സാക്ഷ്യപ്പെടുത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി.സജി പ്രസാദ്, എം.കെ.വിനോദ് കുമാർ എന്നിവർ തെറ്റുകാരല്ലെന്നും അച്ചടക്ക നടപടികൾ സ്വീകരിക്കരുതെന്നും കൽപറ്റ റേഞ്ച് ഓഫിസർ കെ.നീതു സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിനു വെള്ളിയാഴ്ച റിപ്പോർട്ട് നൽകി. രണ്ടു പേരെയും നോർത്ത് വയനാട് ഡിഎഫ്ഒ കെ.ജെ.മാർട്ടിൻ ലോവൽ അതേ ദിവസം തന്നെ സസ്െപൻഡ് ചെയ്തിരുന്നു.

English Summary:

Sugandhagiri : range officer's report says that suspended officers are innocent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com