ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന താരപ്രചാരകരുടെ പട്ടിക പാർട്ടികൾ തയാറാക്കി നൽകുന്നുണ്ടാകാം; പക്ഷേ യഥാർഥ താരപ്രചാരകർക്കായി കേരളത്തിലെ പാർട്ടികൾ പ്രയാസപ്പെടുകയാണ്. വേദികളെ ഇളക്കിമറിക്കാനും വോട്ടർമാരുടെ മനം തൊടാനും കഴിയുന്ന ശബ്ദങ്ങൾ സംസ്ഥാനത്തെ പ്രചാരണവേദികളിൽ കുറഞ്ഞു വരുന്നു. 

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കായി ജനങ്ങളെ കയ്യിലെടുത്ത വി.എസ്.അച്യുതാനന്ദൻ പ്രായാധിക്യത്താൽ പൂർണവിശ്രമത്തിലാണ്. യുഡിഎഫിനു വേണ്ടി 2019 ൽ കാസർകോടു മുതൽ തിരുവനന്തപുരം വരെ അനവധി പൊതുയോഗങ്ങളിൽ ശബ്ദിച്ച എ.കെ.ആന്റണി പൊതുപരിപാടികൾ തലസ്ഥാനത്ത് ഒതുക്കിയിരിക്കുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ എങ്കിലും പ്രചാരണത്തിന് ഇറങ്ങണമെന്ന നേതാക്കളുടെ ആവശ്യം ആന്റണി നിരസിച്ചിട്ടില്ല. 

കോടിയേരി ബാലകൃഷ്ണന്റെയും കാനം രാജേന്ദ്രന്റെയും വിയോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ‘പ്രചാരണ ഭാരം’ ഇരട്ടിപ്പിക്കുന്നു. 20 മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നതു കൊണ്ടാണ് 22 ദിവസം നീണ്ട പര്യടനത്തിന് പിണറായി തയാറായത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സഹായിക്കാനുണ്ട്.

കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിലായി സിപിഎം പ്രചാരണത്തിന് മുൻനിരയിൽ ഉണ്ടായിരുന്ന മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള ഇത്തവണ തിരുവനന്തപുരത്തു കേന്ദ്രീകരിക്കുന്നു. മറ്റൊരു പിബി അംഗം എം.എ.ബേബി സജീവമാണ്. സിപിഐയിൽനിന്ന് എല്ലാവർക്കും വേണ്ട പന്ന്യൻ രവീന്ദ്രൻ സ്ഥാനാർഥിയായതോടെ പുറത്തേക്കില്ല. വയനാട് സ്ഥാനാർഥി കൂടിയായതിനാൽ രാഹുൽ ഗാന്ധി കേരളത്തിൽ മറ്റു മണ്ഡലങ്ങളിലും എത്തുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ.

പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനുമാണ് കോൺഗ്രസിന്റെ പ്രധാന പ്രചാരകർ. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രവർത്തകസമിതി അംഗം ശശി തരൂരും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും മുൻ പ്രസിഡന്റ് കെ.മുരളീധരനും പ്രചാരണ വേദികളിലെ ആകർഷണങ്ങളാണെങ്കിലും 4 പേരും സ്ഥാനാർഥികൾ. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെയും ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യവും മുന്നണി സ്ഥാനാർഥികൾ ആഗ്രഹിക്കുന്നു. 

ബിജെപിയുടെ ജനകീയ മുഖമായ മുതിർന്ന നേതാവ് ഒ.രാജഗോപാലിനും പ്രായവും അനാരോഗ്യവും ഇത്തവണ തടസ്സമാണ്. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സ്ഥാനാർഥികളായതിന്റെ പരിമിതി എൻഡിഎക്കുമുണ്ട്. 

ഓർമയായി ഉമ്മൻ ചാണ്ടി, കോടിയേരി, കാനം 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വരെ പ്രചാരണത്തിനു നേതൃത്വം കൊടുക്കുകയും തന്ത്രങ്ങൾ രാകി ഉറപ്പിക്കുകയും ചെയ്ത 3 നേതാക്കൾ കാലയവനികയ്ക്കു പിന്നിൽ മറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും വിയോഗം തീർത്ത വിടവ് ആ പാർട്ടികളും കേരള രാഷ്ട്രീയവും തൊട്ടറിയുന്നു. കേരള കോൺഗ്രസുകളുടെ മുടിചൂടാമന്നനായ കെ.എം.മാണി വിടവാങ്ങിയത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണകാലത്താണ്.

English Summary:

VS Achuthanandan at full rest; AK Anthony is inactive in loksabha election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com