ADVERTISEMENT

കൊച്ചി ∙ പാനൂരിൽ ബോംബ് സ്ഫോടനത്തെത്തുടർന്നു പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഓടിക്കൂടിയവരിൽ ഡിവൈഎഫ്െഎ പ്രവർത്തകരുമുണ്ടാകാമെന്നും അവരെ പ്രതികളാക്കി അറസ്റ്റ് ചെയ്യുന്ന സമീപനമാണു പൊലീസ് സ്വീകരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഫോടനവുമായി സിപിഎമ്മിനു ബന്ധമില്ല. ആരെങ്കിലും ബോംബ് നിർമിച്ചു മരിച്ചെങ്കിൽ അതു പാർട്ടിക്കുമേൽ കെട്ടിവയ്ക്കരുത്. പാർട്ടിക്കു പങ്കുണ്ടോ എന്നു പൊലീസ് അന്വേഷിക്കട്ടെ. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീട് ആക്രമിച്ചവരാണു പ്രതികളിൽ രണ്ടുപേർ. സിപിഎം പ്രവർത്തകരെ ആക്രമിച്ചതിനു പ്രതികൾക്കെതിരെ പാനൂർ പൊലീസിൽ വേറെയും കേസുകളുണ്ട്.

ആക്രമിക്കുന്നവരെ പോലും സായുധരായി നേരിടില്ലെന്ന് 22–ാം പാർട്ടി കോൺഗ്രസിൽ സിപിഎം തീരുമാനിച്ചതാണ്. അതിനു ശേഷം 27 പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടു. ആർഎസ്‍എസും കോൺഗ്രസും ലീഗുമാണ് അതിനു പിന്നിൽ. എന്നിട്ടും സമാധാനം നിലനിർത്താൻ ഉത്തരവാദപ്പെട്ട പാർട്ടി എന്ന നിലയിൽ സംയമനം പാലിച്ച സിപിഎമ്മിനെ പാനൂർ സ്ഫോടനത്തിന്റെ പേരിൽ പ്രതിസ്ഥാനത്തു നിർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിനും കമ്യൂണിസ്റ്റുകൾക്കും മുസ്‍ലിങ്ങൾക്കും എതിരെയുള്ള ഒരു മൂല്യവുമില്ലാത്ത തറ സിനിമയാണു ‘കേരള സ്റ്റോറി’യെന്ന് അദ്ദേഹം പറഞ്ഞു. സിനിമ സർക്കാർ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നതിനെയാണ് എതിർത്തത്. സിനിമ കാണുന്നതു വിലക്കാനാവില്ല. തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി തൃശൂരിൽ വന്നു താമസിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. 

സ്ഫോടനത്തിൽ ഡിവൈഎഫ്ഐക്ക് പങ്കില്ല: സനോജ് 
കണ്ണൂർ ∙ പാനൂർ സ്ഫോടനത്തിൽ ഡിവൈഎഫ്ഐക്കു പങ്കില്ലെന്നും ഉത്തരവാദിത്തമില്ലെന്നും സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കേസിൽപെട്ടവരിൽ ചിലർ, സ്ഫോടനം നടന്നപ്പോൾ ഓടിക്കൂടിയവർക്കൊപ്പമുണ്ടായിരുന്ന പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കളാണ്. സംഭവത്തിൽ ഡിവൈഎഫ്ഐയിലെ ആർക്കെങ്കിലും ബന്ധമുണ്ടെന്നു ബോധ്യപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. കേസിൽപെട്ടവർ സിപിഎമ്മുമായി നിരന്തരം സംഘർഷത്തിലേർപ്പെട്ടവരാണ്. ഡിവൈഎഫ്ഐക്കും സിപിഎമ്മിനുമെതിരായ കുപ്രചാരണത്തിൽ കൃത്യമായ അജൻഡയുണ്ട് – സനോജ് പറ‍ഞ്ഞു.

മരണവീട്ടിൽ പോകുന്നത് വലിയ പാതകമല്ല: ബിനോയ് വിശ്വം
കണ്ണൂർ ∙ ഒരാൾ മരണവീട്ടിൽ പോകുന്നതു വലിയ പാതകമാണെന്നു കരുതുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബോംബ് രാഷ്ട്രീയം ഇടതുപക്ഷ നയമല്ല. ബോംബ് രാഷ്ട്രീയം പ്രചരിപ്പിച്ച് സ്വന്തം പരാജയത്തിൽ നിന്നു രക്ഷപ്പെടാനാണ് കോൺ‌ഗ്രസ് ശ്രമം. മനുഷ്യകക്ഷി രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റേത്. പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 

പൗരത്വ നിയമത്തിൽ കോൺഗ്രസ് പ്രകടനപത്രിക മൗനം പാലിക്കുകയാണ്. ബിജെപി ഭീഷണിയല്ലാത്ത മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിന്റെ രാഷ്ട്രീയം കോൺഗ്രസ് വ്യക്തമാക്കണം. ഇടതുപക്ഷമാണോ ആർഎസ്എസ് ആണോ മുഖ്യ എതിരാളിയെന്നു കോൺഗ്രസ് പറയണം. കോൺഗ്രസിന്റെ ഒരുകൈ നേരത്തേതന്നെ ബിജെപിയുടെ ചുമലിലാണ്. ഇപ്പോൾ മറ്റേ കൈ എസ്ഡിപിഐയുടെ ചുമലിലുമായി. എസ്ഡിപിഐയെ തള്ളിപ്പറഞ്ഞതു കോൺഗ്രസിന്റെ നാടകമാണ്. ചങ്ങാത്തം പരസ്യമായി വേണ്ട, രഹസ്യമായി മതി എന്നാണു നിലപാട് – ബിനോയ് വിശ്വം പറഞ്ഞു. 

കോടിയേരി തള്ളിയവരെ സിപിഎം രക്തസാക്ഷിയാക്കി: സതീശൻ

തിരുവനന്തപുരം∙ പാനൂരിൽ ബോംബ് ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞു മാറാനാകില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബോംബ് നിർമിച്ചതും പൊട്ടിത്തെറിച്ച് മരിച്ചതും സിപിഎമ്മുകാരനാണ്. പരുക്കേറ്റതും ആശുപത്രിയിൽ കൊണ്ടു പോയതും പാർട്ടിക്കാർ. സംസ്‌കാരത്തിലും പങ്കെടുത്തു. തിരഞ്ഞെടുപ്പായതു കൊണ്ടാണ് ബന്ധമില്ലെന്നു സിപിഎം ആണയിടുന്നത്. 

ഇപ്പോൾ സ്‌ഫോടനമുണ്ടായതിന്റെ 5 കിലോമീറ്റർ അടുത്ത് ഈസ്റ്റ് ചെറ്റക്കണ്ടിയിലും 2015-ൽ ബോംബ് പൊട്ടി 2 പേർ മരിച്ചിരുന്നു. പാർട്ടിക്ക് ബന്ധമില്ലെന്നാണ് അന്നു ക‌ോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. പിന്നീട് തൃശൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ 577 രക്തസാക്ഷിക്കൊപ്പം ബോംബ് പൊട്ടിത്തെറിച്ച് മരിച്ച 2 പേരുടെ ചിത്രവും ഉണ്ടായിരുന്നവെന്നും സതീശൻ പറഞ്ഞു. 

ഇഡിയെ കൊണ്ടു വന്നത് പ്രതിപക്ഷ നേതാവാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. താൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടാണ് സ്വർണക്കള്ളക്കടത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ എത്തിയതെന്ന് ഗമ പറഞ്ഞിരുന്ന ആളാണ് മുഖ്യമന്ത്രി. ഇല്ലാത്ത കള്ളപ്പരാതി ഒരു സ്ത്രീയിൽ നിന്നും എഴുതി വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട മാന്യനാണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പ്രതിപക്ഷത്തെ കുറ്റം പറയുന്നത്–സതീശൻ പറഞ്ഞു.

മനുഷ്യത്വം പറയുന്ന പിണറായി പഴയ നിലപാട് മറന്നോ: അബ്ദുല്ലക്കുട്ടി
കണ്ണൂർ ∙ ബോംബ് പൊട്ടി മരിച്ച സിപിഎം പ്രവർത്തകന്റെ വീട്ടിൽ സിപിഎം നേതാക്കൾ പോയത് മനുഷ്യത്വത്തിന്റെ പേരിലാണെന്നു ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പഴയ നിലപാട് മാറ്റിയോയെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്ന് കെ.കെ.രമയെ കാണാൻ വി.എസ്.അച്യുതാനന്ദൻ പോയപ്പോൾ അതിനെ തള്ളിപ്പറഞ്ഞയാളാണ് പിണറായി. കണ്ണൂർ എംപി കെ.സുധാകരൻ കഴിഞ്ഞ 5 വർഷം പാർലമെന്റിൽ ഇടപെട്ടിട്ടില്ലെന്നും പുറത്ത് മുദ്രാവാക്യം വിളിക്കാൻ പോലും ഉണ്ടായിരുന്നില്ലെന്നും അബ്ദുല്ലക്കുട്ടി പരിഹസിച്ചു. 

പാനൂർ ബോംബ് സ്‌ഫോടനം സിബിഐ അന്വേഷിക്കണം: യൂത്ത് ലീഗ്
കോഴിക്കോട് ∙ പാനൂർ ബോംബ് സ്ഫോടനം സിബിഐ അന്വേഷിക്കണമെന്നു മുസ്‍ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രതികളെ പിന്തുണയ്ക്കുന്ന നിലപാട് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തിൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു.

ബോംബ് നിർമാണത്തിന്റെ മുഖ്യസൂത്രധാരൻ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ പാർട്ടി സംരക്ഷണത്തിലാണ് ഒളിവിൽ കഴിയുന്നതെന്ന് ഉറപ്പാണ്. മൊഴിയടക്കം പഠിപ്പിച്ച ശേഷമേ ഇനി പൊലീസിനു മുന്നിൽ ഹാജരാക്കൂ. യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലുക്കര മൻസൂർ കൊല്ലപ്പെട്ടതിന്റെ മൂന്നാം വാർഷികത്തിലാണു പാനൂർ സ്ഫോടനം ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പു സമാധാനപരമായി നടക്കാതിരിക്കാനും യുഡിഎഫിനു വേണ്ടി പ്രവർത്തിക്കുന്നവരെ പിന്തിരിപ്പിക്കാനുമുള്ള ശ്രമമാണ്. 

2015ൽ പാനൂരിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ മരിച്ച ഷൈജു, സുബീഷ് എന്നിവരെ സിപിഎം പിന്നീടു രക്തസാക്ഷികളാക്കിയെന്നു മാത്രമല്ല, വർഷം തോറും അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുമുണ്ട്. എം.വി.ജയരാജനും കെ.കെ.ശൈലജയും അടക്കം അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാറുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദലി, എംഎസ്എഫ് സംസ്ഥാന ജന.സെക്രട്ടറി സി.കെ.നജാഫ് എന്നിവർ പറഞ്ഞു. 

English Summary:

Panoor bomb blast: Those who came to rescue are made accused says M.V. Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com