ADVERTISEMENT

തിരുവനന്തപുരം ∙ അവധി ദിവസമായിട്ടും ഞായറാഴ്ച വൈകിട്ടു സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 5412 മെഗാവാട്ട് എന്ന റെക്കോർഡിട്ടു. ഈയാഴ്ച ഇത് 5500 മെഗാവാട്ട് കടക്കും എന്നാണു കരുതുന്നത്. വിതരണ ശൃംഖല തകരാറിലാകാതെ വൈദ്യുതി എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് വൈദ്യുതി ബോർഡ്

മേയ് 31 വരെ വൈകിട്ട് 6 മുതൽ 12 വരെ 500 മെഗാവാട്ട് കൂടി വാങ്ങുന്നതിനു ബോർഡ് ടെൻഡർ വിളിച്ചു.11 കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വില 12ന് അറിയാം. ഞായറാഴ്ചത്തെ ആകെ വൈദ്യുതി ഉപയോഗം 10.3341 കോടി യൂണിറ്റ് ആയിരുന്നു. സാധാരണ അവധി ദിവസങ്ങളിൽ 10 കോടി കടക്കാറില്ല. വീടുകളിലെ ഉപയോഗം വർധിക്കുന്നതിന്റെ സൂചനയാണിത്. 

പീക് ലോഡ് സമയത്ത് ഉപയോഗം അമിതമാകുമ്പോൾ സബ് സ്റ്റേഷനുകളിലെ ട്രാൻസ്ഫോമറുകൾ കത്തിപ്പോകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. 10% വരെ അധിക ലോഡ് ട്രാൻസ്ഫോമറുകൾ വഹിക്കും. കൂടുതൽ ആകുമ്പോൾ അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തുകയോ വോൾട്ടേജ് കുറയ്ക്കുകയോ ആണ് പരിഹാരം. 

ചില പ്രദേശങ്ങളിൽ 6 മുതൽ‍‍ 12 വരെ വൈദ്യുതി തടസ്സമുണ്ടാകുന്നെന്ന പരാതി വ്യാപകമാണ്. വൈകിട്ട് 7നു ശേഷമാണ് ട്രാൻ‍‍‍സ്ഫോമറുകളുടെ ലോഡ് വർ‍‍ധിക്കുന്നത്. രാത്രി 8 മുതൽ പുലർച്ചെ 2 വരെ യൂണിറ്റിന് 10 രൂപ നൽകിയാണു പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നത്. മറ്റു സമയത്തു കേന്ദ്ര വിഹിതവും വിവിധ കരാറുകൾ അനുസരിച്ചുള്ള വൈദ്യുതിയും ആഭ്യന്തര ഉൽപാദനവും കൂടി ചേരുമ്പോൾ യൂണിറ്റിന് ശരാശരി 6 രൂപയാണു വില. ഞായറാഴ്ച ഉപയോഗിച്ച 10.33 കോടി യൂണിറ്റിൽ 8.27 കോടി യൂണിറ്റും പുറത്തു നിന്നു വാങ്ങിയതാണ്. ഡാമുകളിൽ 43% വെള്ളമാണ് ഉള്ളത്. 

അധിക ലോഡ് നേരിടാൻ നിർദേശങ്ങൾ
∙രാത്രി എസിയുടെ താപനില 25 ഡിഗ്രിയോ മുകളിലോ ആയി ക്രമീകരിക്കുക. 

∙വൈദ്യുതി ഉപയോഗിച്ചു പകൽ‍‍ ചെയ്യാവുന്ന ജോലികൾ‍‍ വൈകിട്ട് 6 മുതൽ‍ 11 വരെ ഒഴിവാക്കുക. 

∙വൈദ്യുത വാഹനങ്ങളുടെ ചാർജിങ് രാത്രി 12 നു ശേഷമോ പകലോ ആക്കുക. 

∙തുണി കഴുകുന്നതും ഇസ്തിരിയിടുന്നതും പമ്പ് സെറ്റുകളുടെ ഉപയോഗവും വൈകിട്ട് ഒഴിവാക്കണം. 

∙അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത ഉപകരണങ്ങളും 6 മുതൽ 12 വരെ ഓഫ് ചെയ്യുക 

∙ഓട്ടമാറ്റിക് വാട്ടർ‍‍ ഫില്ലിങ് സംവിധാനം ഒഴിവാക്കി പകൽ‍‍ വെള്ളം പമ്പ് ചെയ്യുക 

∙വൈദ്യുതി ഉപയോഗിച്ചുള്ള പാചകം വൈകിട്ട് ഒഴിവാക്കുക.

English Summary:

Record electricity consumption in Kerala on Sunday evening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com