ADVERTISEMENT

കണ്ണൂർ ∙ വോട്ടിങ് യന്ത്രത്തിലും പോസ്റ്റൽ ബാലറ്റിലും യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ പേരിനൊപ്പം അച്ഛന്റെ പേരുകൂടി ചേർക്കാനുള്ള നീക്കത്തെത്തുടർന്ന് തർക്കം. കെ.സുധാകരൻ എന്ന പേരിൽ 2 സ്വതന്ത്ര സ്ഥാനാർഥികൾ കൂടി മത്സരരംഗത്തു വന്നതോടെ എല്ലാവരുടെയും പേരിനു ശേഷം അവരുടെ അച്ഛന്റെ പേരുകൂടി ചേർക്കാൻ വരണാധികാരി തീരുമാനിക്കുകയായിരുന്നു.

യുഡിഎഫ് സ്ഥാനാർഥിയായ കെ.സുധാകരന്റെ പേര് കെ.സുധാകരൻ s/o രാമുണ്ണി വി എന്നാക്കാനായിരുന്നു തീരുമാനം. എന്നാൽ, അറിയപ്പെടുന്ന പേര് മാറ്റാനുള്ള ശ്രമം സുധാകരൻ അംഗീകരിച്ചില്ല. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗളിനെ ഉൾപ്പെടെ വിളിച്ച് യുഡിഎഫ് പരാതിപ്പെട്ടതോടെ കെ.സുധാകരന്റെ പേര് മാറ്റമില്ലാതെ നിലനിർത്തി. മറ്റൊരു ജയരാജ‌ൻ എം.വിയും ജയരാജ് ഇ.പി.യും മത്സരിക്കുന്ന തിനാൽ എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ തന്റെ പേരിനൊപ്പം അഡ്വ. എന്ന് കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടത് വരണാധികാരി ആദ്യം അംഗീകരിച്ചെങ്കിലും പിന്നീട് തിരുത്തി. എൽഡിഎഫ് സ്ഥാനാർഥിയുടെ പേര് എം.വി.ജയരാജൻ എന്നുതന്നെ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തും. 

12 മണ്ഡലങ്ങളിൽ അപരർ

12 മണ്ഡലങ്ങളിൽ മുന്നണിസ്ഥാനാർഥികൾക്ക് അപരരുണ്ട്.

∙കാസർകോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന് അപരനായി എൻ.ബാലകൃഷ്ണൻ.

∙കണ്ണൂരിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്ക് അപരന്മാരുണ്ട്. എൽഡിഎഫിലെ എം.വി.ജയരാജന്റെ അപരന്മാർ ജയരാജ്.ഇ.പി., ജയരാജൻ എം.വി. s/o വേലായുധൻ എന്നിവരാണ്. യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന് അപരന്മാരായി കെ.സുധാകരൻ s/o കൃഷ്ണൻ, കെ.സുധാകരൻ s/o പി.ഗോപാലൻ എന്നിവർ രംഗത്തുണ്ട്.

∙വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്ക് 3 അപരരുണ്ട്; പി.ശൈലജ, ഷൈലജ, കെ.കെ.ഷൈലജ. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി ഷാഫി, ടി.പി.ഷാഫി എന്നിവർ പട്ടികയിലുണ്ട്.

∙കോഴിക്കോട്ട് എൽഡിഎഫിലെ എളമരം കരീമിന് 3 അപരന്മാരുണ്ട്. 3 പേരുടെയും പേര് ഒന്നുതന്നെ: അബ്ദുൽ കരീം. യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനും 3 അപരന്മാർ: എൻ.രാഘവൻ, രാഘവൻ, ടി.രാഘവൻ.

∙മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥി ഡോ. അബ്ദുൽ സലാമിന് അപരനുണ്ട്; അബ്ദുൽ സലാം s/o മുഹമ്മദ് ഹാജി. എൽഡിഎഫിലെ വി.വസീഫിന്റെ അപരനായി നസീഫ് അലി മുല്ലപ്പള്ളിയുണ്ട്.

∙പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിയുടെ അപരനായി അബ്ദുസമദ് മലയാംപള്ളി രംഗത്തുണ്ട്. എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയ്ക്ക് 2 അപരന്മാർ: ഹംസ s/o മൊയ്തുട്ടി, ഹംസ കടവണ്ടി.

∙തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന് അപരനായി സുനിൽകുമാറുണ്ട്.

∙മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ അപരന്റെ പേര് കൊഴുവശ്ശേരിൽ സുരേഷ്.

∙പത്തനംതിട്ടയിൽ എൽഡിഎഫിലെ ടി.എം.തോമസ് ഐസക്കിന് അപരനായി കെ.സി.തോമസ് പട്ടികയിലുണ്ട്.

∙കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ അപരന്റെ പേര് പ്രേമചന്ദ്രൻ നായർ.

∙ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന് 2 അപരന്മാർ: പ്രകാശ് പി.എൽ., പ്രകാശ് എസ്.

∙തിരുവനന്തപുരത്ത് യുഡിഎഫിലെ ശശി തരൂരിനും അപരനുണ്ട്; ശശി കൊങ്ങപ്പള്ളി.

സ്ഥാനാർഥികൾ കുറഞ്ഞു

2009 മുതലുള്ള 4 ലോക്സഭാ 

തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറവു സ്ഥാനാർഥികൾ 

ഇത്തവണ.  

25 വനിതകൾ മത്സരിക്കുന്നു. കഴിഞ്ഞതവണ 24.  കൂടുതൽ 

വടകരയിൽ– 4. കാസർകോട്, ആലപ്പുഴ 3 വീതം.

2019ൽ  ഒരു ട്രാൻസ്ജെൻഡർ;

ഇത്തവണ ആരുമില്ല.

സ്ഥാനാർഥികളുടെ 

എണ്ണം ഇങ്ങനെ

2009

∙പുരുഷന്മാർ: 202

∙വനിതകൾ:15

∙ആകെ: 217

2014

∙പുരുഷന്മാർ: 242

∙വനിതകൾ: 27

∙ആകെ: 269

2019

∙പുരുഷന്മാർ: 202

∙വനിതകൾ: 24

∙ട്രാൻസ്ജെൻഡർ: 1

∙ആകെ: 227

2024

∙പുരുഷന്മാർ: 169

∙വനിതകൾ: 25

∙ട്രാൻസ്ജെൻഡർ: 0

∙ആകെ: 194 

ഇൻപുട്സ്: മനോരമ 

എഡിറ്റോറിയൽ റിസർച്

English Summary:

Dispute over K. Sudhakaran's name and MV Jayarajan has no adv. salutation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com