ADVERTISEMENT

കൊച്ചി ∙ ക്ഷേമ പെൻഷനുകൾ അവകാശമായി കാണാനാകില്ലെന്നും സർക്കാരിന്റെ നയതീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് അതു വിതരണം ചെയ്യുന്നതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എപ്പോൾ, എത്ര തുക നൽകണമെന്നു തീരുമാനിക്കാനുള്ള അധികാരം സർക്കാരിനുണ്ട്. പെൻഷൻ നൽകാൻ സെസ് പിരിച്ചു എന്നുവച്ച് അതു നിയമം അനുശാസിക്കുന്നതാകുന്നില്ലെന്നും വിശദീകരിച്ചു. 

ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എ.എ.ഷിബി നൽകിയ പൊതുതാൽപര്യ ഹർജിയിലാണു ധനകാര്യ അണ്ടർ സെക്രട്ടറി ജോസ് വി. പേട്ടയുടെ വിശദീകരണം. പേര് പെൻഷൻ എന്നാണെങ്കിലും ദുർബല വിഭാഗങ്ങൾക്കുള്ള സർക്കാരിന്റെ സഹായമാണത്;. സ്റ്റാറ്റ്യൂട്ടറി, ഗ്രാറ്റുവിറ്റി പെൻഷനുകൾ പോലെയല്ലെന്നും സർക്കാർ അറിയിച്ചു. വയലത്ത് ജോസഫ് ജീവനൊടുക്കിയതു പെൻഷൻ കിട്ടാത്തതു കൊണ്ടാണെന്നു പറയുന്നത് ഉചിതമല്ലെന്നും പറഞ്ഞു. 

സർക്കാരിന്റെ സത്യവാങ്മൂലം 

1.ദേശീയ പദ്ധതികൾക്കു കീഴിലുള്ള വാർധക്യ, വിധവ, വികലാംഗ പെൻഷനുകൾക്കു തുച്ഛമായ തുക മാത്രമാണു കേന്ദ്രം അനുവദിക്കുന്നത്. ഒരു വ്യക്തിക്കുള്ള 1600 രൂപയിൽ പരമാവധി 500 രൂപയാണു കേന്ദ്രവിഹിതം. 

2 സംസ്ഥാനത്ത് 41 ലക്ഷത്തിലേറെ ഗുണഭോക്താക്കളുണ്ടെങ്കിലും കേന്ദ്ര മാനദണ്ഡങ്ങൾ ബാധകമായ, ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 7 ലക്ഷം പേർക്കു മാത്രമാണു കേന്ദ്ര സഹായം. 

3. ദേശീയ പദ്ധതിയിൽപെട്ട 3 പെൻഷനുകൾക്കു പുറമേ 3 ലക്ഷം കർഷക തൊഴിലാളികൾക്കും 50 കഴിഞ്ഞ 76,000 അവിവാഹിതർക്കും സംസ്ഥാനം പെൻഷൻ നൽകുന്നുണ്ട്. ഇതിനു കേന്ദ്ര സഹായമില്ല. 

4. ആകെ 5 വിഭാഗം ക്ഷേമ പെൻഷനുകളിൽ 45 ലക്ഷം ഗുണഭോക്താക്കൾക്കു വിതരണത്തിനു പ്രതിമാസം 900 കോടി രൂപ വേണം. കൂടാതെ ക്ഷേമനിധി പെൻഷനുകളുടെ വിതരണത്തിന് 90 കോടി രൂപയും വേണം. 

5. 2016 മാർച്ച് മുതൽ 2023 സെപ്റ്റംബർ വരെ സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയത് 52,862 കോടി രൂപയാണ്. സെസ് പിരിച്ചെടുത്തതിന്റെ 10 മടങ്ങ് പെൻഷൻ ആവശ്യത്തിനു വേണം. മദ്യത്തിന് സെസ് ഏർപ്പെടുത്തിയതു മുതൽ 2023 നവംബർ 30 വരെ 139.92 കോടി രൂപ പിരിച്ചു. ഇന്ധന സെസ് ഇനത്തിൽ 600.78 കോടിയും. രണ്ടും ചേർത്ത് നവംബർ 30 വരെ കിട്ടിയത് ഏകദേശം 740 കോടി. 

6. പെൻഷൻ പദ്ധതികളിലുള്ള 50 ലക്ഷം ഗുണഭോക്താക്കളിൽ അർഹതപ്പെട്ട 48.17 ലക്ഷം പേർക്കു സെപ്റ്റംബറിലെ തുക വിതരണം ചെയ്തു. ഇതിൽ 6.68 ലക്ഷം പേർ മാത്രമാണു ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത്. 

English Summary:

Welfare pension is not a right; government has the power to decide how much and when to pay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com