ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസുകൾ ഏറ്റുമുട്ടുന്ന കോട്ടയം മണ്ഡലത്തിൽ ഇരുവിഭാഗവും കെ.എം.മാണി അനുസ്മരണത്തിൽ കാണിച്ച മത്സരബുദ്ധി പാർട്ടിയുടെ പൈതൃകം സ്ഥാപിച്ചെടുക്കാനുള്ള മത്സരത്തിലേക്ക് നീങ്ങുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ സിറ്റിങ് എംപി തോമസ് ചാഴികാടനെതിരെ കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ യുഡിഎഫ് മുന്നണിയുടെ ഭാഗമായാണ് തോമസ് ചാഴികാടൻ മത്സരിച്ചത്. 

കേരള കോൺഗ്രസ് (എം) തിരുനക്കരയിൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ സ്മൃതിസംഗമം നടത്തിയപ്പോൾ, ചെയർമാൻ പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ കെ.എം.മാണിയുടെ പാലായിലെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചാണ് അനുസ്മരണം നടത്തിയത്. 

ഇതിനിടെ, യുഡിഎഫ് ജില്ലാ കൺവീനർ സ്ഥാനവും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ച സജി മഞ്ഞക്കടമ്പിൽ പാർട്ടിയെയും മുന്നണിയെയും ഞെട്ടിച്ചു. കൺവീനറായി മുതിർന്ന നേതാവ് ഇ.ജെ.ആഗസ്തിയെ പെട്ടെന്നു നിയോഗിച്ച് പ്രചാരണവേഗം യുഡിഎഫ് നിലനിർത്തി. അതേസമയം, ജില്ലാ സെക്രട്ടറി പ്രസാദ് ഉരുളികുന്നം ഇന്നലെ രാജിവച്ചത് കേരള കോൺഗ്രസിനെ വീണ്ടും സമ്മർദത്തിലാക്കി. 

മറുവശത്ത് കേരള കോൺഗ്രസ് (എം) നേതാവും മുൻ എംഎൽഎയുമായ പി.എം.മാത്യു മരങ്ങാട്ടുപിള്ളിയിൽ നടന്ന യുഡിഎഫ് കൺവൻഷനിൽ പങ്കെടുത്തതും ചർച്ചയായി. പാലായിൽ നവകേരളസദസ്സിൽ റബർ വിഷയം ഉന്നയിച്ച തോമസ് ചാഴികാടനെ മുഖ്യമന്ത്രി വിമർശിച്ചതിനെതിരെ കേരള കോൺഗ്രസിൽ (എം) നിന്ന് ഉയർന്ന ഏക പ്രതിഷേധ ശബ്ദവും അദ്ദേഹത്തിന്റേതായിരുന്നു.

എന്നാൽ, മാത്യുവിനെ ഒരു വർഷം മുൻപു പാർട്ടിയിൽ നിന്നു പുറത്താക്കിയതാണെന്നു കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. കെ.എം.മാണി അനുസ്മരണത്തിനുശേഷം കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ് പാലായിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയമ്മയെ കണ്ടതും ചർച്ചയായി. എന്നാൽ, ബന്ധുവായ കുട്ടിയമ്മയെ കണ്ടതിൽ രാഷ്ട്രീയമില്ലെന്നു പി.സി.തോമസ് പ്രതികരിച്ചു.

English Summary:

Loksabha elections 2024: Kottayam constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com