ADVERTISEMENT

തിരുവനന്തപുരം ∙ സുപ്രീംകോടതി ഇടപെട്ടിട്ടും ഫലമുണ്ടായില്ല; വൈസ് ചാൻസലറായതിന്റെ പേരിൽ അച്ചടക്ക ലംഘനം ആരോപിച്ച് ഡോ.സിസ തോമസിന് സർക്കാർ തടഞ്ഞു വച്ച പെൻഷൻ ഇനിയും അനുവദിച്ചില്ല. വൈസ് ചാൻസലർ പദവി സംബന്ധിച്ച് ഗവർണറും സർക്കാരും തമ്മിലെ പോരിന്റെ ഇരയാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറും ബാർട്ടൺഹിൽ ഗവ.എൻജിനീയറിങ് കോളജ് പ്രിൻസിപ്പലുമായി വിരമിച്ച ഡോ.സിസ തോമസ്. 2023 മാർച്ച് 31 ന് വിരമിച്ച സിസ തോമസിന് ഒരു വർഷമായിട്ടും പെൻഷൻ ലഭിച്ചു തുടങ്ങിയില്ല.

സർക്കാരിന്റെ അനുമതി കൂടാതെ വിസി പദവി ഏറ്റെടുത്ത സിസ തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് അയച്ചെങ്കിലും ഈ നീക്കം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ മാസം 5 ന് ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളി. ഗവർണർ – സർക്കാർ പോരിൽ സർക്കാർ ജീവനക്കാരെ ബലിയാടാക്കരുതെന്നു താക്കീതും നൽകി. അതുകഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പെൻഷൻ സംബന്ധിച്ച് ഒരറിയിപ്പും ഡോ.സിസയ്ക്കു ലഭിച്ചിട്ടില്ല.

സമാന അനുഭവമാണ് കാസർകോട് ഗവ. കോളജ് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ. എം.രമയ്ക്കും ഉണ്ടായത്. കോളജിലെ എസ്എഫ്ഐ അക്രമങ്ങൾക്കെതിരെ സംസാരിച്ചതിനാണ് രമയെ സർക്കാർ വേട്ടയാടി, അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. ഈ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കി.

കെടിയു വിസി: സേർച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം ∙ ചാൻസലറായ ഗവർണറെ അവഗണിച്ച്, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനു സേർച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ്. ഗവർണറാണ് സേർച് കമ്മിറ്റി രൂപീകരിക്കേണ്ടത്. ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ മാറ്റാനുള്ള സംസ്ഥാനത്തിന്റെ വാഴ്സിറ്റി ബിൽ ഗവർണർ പിടിച്ചുവയ്ക്കുകയും പിന്നീട് രാഷ്ട്രപതി തടയുകയും ചെയ്തിരുന്നു.

യുജിസി ചെയർമാൻ, കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) എന്നിവയുടെ നോമിനികളെയും സർക്കാരിന്റെ 2 നോമിനികളെയും ഉൾപ്പെടുത്തിയാണ് സർക്കാർ സേർച് കം സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി അംഗങ്ങളുടെ പേര് മറ്റൊരു ഉത്തരവിലൂടെ പുറത്തുവിടുമെന്നും ഉത്തരവിൽ പറയുന്നു.

English Summary:

Pension not granted to Ciza Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com