ADVERTISEMENT

തിരുവനന്തപുരം∙ മുല്ലപ്പെരിയാറിൽ പുതിയ ഡാം നി‍ർമിക്കുന്നതിന്റെ ഭാഗമായി വിശദ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നത് അന്തിമഘട്ടത്തിൽ. ഒന്നര മാസത്തിനകം ഡിപിആർ പൂർത്തിയാക്കാനാണ് ജലവിഭവ വകുപ്പ് തീരുമാനം. തമിഴ്നാടിന്റെ അനുമതി ലഭിച്ചാൽ 5 വർഷത്തിനകം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകുമെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. 1300 കോടി രൂപയാണ് പുതിയ ഡാമിന്റെ എസ്റ്റിമേറ്റ് കണക്കാക്കുന്നത്.

ഡിപിആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. ആദ്യ ഡിപിആർ 2011ൽ ആണ് തയാറാക്കിയത്. പ്രളയ ഭീഷണിയും ഭൂചലനവും പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലുള്ള പുതിയ ഡാമിന്റെ രൂപകൽപന ഇറിഗേഷൻ വകുപ്പ് ഇന്റർ സ്റ്റേറ്റ് വാട്ടേഴ്സ് (ഐഎസ്ഡബ്ല്യു) ചീഫ് എൻജിനീയറുടെ നേതൃത്വത്തിലാണ് തയാറാക്കിയത്. എസ്റ്റിമേറ്റ്, അണക്കെട്ടിലെ പ്രത്യേകതകൾ, ഉയരം, വീതി, ഡാമിന്റെ പ്രവർത്തനം തുടങ്ങിയവയാണ് ഡിപിആറിൽ ഉണ്ടാകുക.

ഐഎസ്ഡബ്ല്യു ചീഫ് എൻജിനീയർ ചെയർമാനും ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡ് ചീഫ് എൻജിനീയർ വൈസ് ചെയർമാനും 10 അംഗങ്ങളും ഉൾപ്പെടുന്ന സമിതിയാണ് ഡിപിആർ തയാറാക്കുന്നത്. ഐഡിആർബി ഡയറക്ടർ, ഹൈഡ്രോളജി വിഭാഗം ജോയിന്റ് ഡയറക്ടർ, മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ(എറണാകുളം) സൂപ്രണ്ടിങ് എൻജിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ(കട്ടപ്പന) എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയവരും അംഗങ്ങളാണ്.

ഡിപിആർ തയാറാക്കുന്നതിന് 2021ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും തുടർനടപടികൾ വൈകി. പുതിയ ഡിപിആർ തയാറാക്കിയ ശേഷം കേന്ദ്ര ജലകമ്മി‍ഷന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതിക്കായി കേരളം സമർപ്പിക്കും. ജനുവരിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 

തമിഴ്നാട് കനിഞ്ഞാൽ പുതിയ ഡാം 

തമിഴ്നാടും കേരളവും സമവായത്തി‍ലെത്തിയാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അനുരഞ്ജന പാതയിലൂടെ പുതിയ അണക്കെട്ട് യാഥാർഥ്യമാ‍ക്കാമെന്നാണ് കേരളം കരുതുന്നതെങ്കിലും തമിഴ്നാട് കേരളത്തിന്റെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഡാം സുരക്ഷിതമാണെന്നാണ് തമിഴ്നാടിന്റെ വാദം. ഏതെങ്കിലും സാഹചര്യത്തിൽ പുതിയ ഡാം നിർമിക്കാൻ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടലുണ്ടായാൽ നടപടികൾ വേഗത്തിലാക്കാനാണ് ഡിപിആർ തയാറാക്കുന്നതെന്നു കേരളം വാദിക്കുന്നു. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നു 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

പുതിയ അണക്കെട്ടു നിർമിക്കാനുള്ള സ്ഥലം 1979ൽ തന്നെ കേരളം കണ്ടെത്തിയിരുന്നു. ഡിപിആറുമായി മുന്നോട്ടു പോകാൻ 2011ൽ കേരളം തീരുമാനിച്ചു. 600 കോടി രൂപയായിരുന്നു 2011ലെ എസ്റ്റിമേറ്റ്. മണ്ണു പരിശോധന ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി, അണക്കെട്ടിന്റെ രൂപരേഖയും തയാറാക്കിയെങ്കിലും തമിഴ്നാട് എതിർത്തതോടെ നടപടി മുടങ്ങി.

English Summary:

New dam at Mullaperiyar: DPR in final stage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com