സേർച് കമ്മിറ്റി ഉത്തരവ് നിയമവിരുദ്ധം: ഗവർണർ കടുപ്പിച്ചാൽ സർക്കാർ കുഴങ്ങും

Mail This Article
തിരുവനന്തപുരം ∙ രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിനു സേർച് കമ്മിറ്റി രൂപീകരിച്ച സർക്കാർ നടപടി നിയമ വിരുദ്ധമെന്നു രാജ്ഭവന്റെ വിലയിരുത്തൽ. ഗവർണറുടെ അധികാരം കവർന്നെടുക്കുന്ന ഈ ഉത്തരവ് ‘ബൈ ഓർഡർ ഓഫ് ഗവർണർ’ എന്ന പേരിലാണ് ഇറക്കിയത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കു പകരം അഡീഷനൽ സെക്രട്ടറി ഉത്തരവ് ഇറക്കിയതും ശ്രദ്ധേയമായി.
തന്റെ അധികാരം കവരുന്ന ഉത്തരവ് ‘ബൈ ഓർഡർ ഓഫ് ഗവർണർ’ എന്ന പേരിൽ ഇറക്കിയതിൽ ഗവർണർ വിശദീകരണം തേടിയാൽ സർക്കാർ പ്രതിസന്ധിയിലാകും. രാഷ്ട്രപതിയുടെ തീരുമാനവും യുജിസി ചട്ടങ്ങളും കീഴ്‌വഴക്കവും ലംഘിച്ച് ഉത്തരവ് ഇറക്കുന്നതിൽ നിന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഒഴിവായതാണ് ശ്രദ്ധേയം. എല്ലാ സർക്കാർ ഉത്തരവുകളും ‘ബൈ ഓർഡർ ഓഫ് ഗവർണർ’ എന്നാണ് ഇറക്കുന്നതെങ്കിലും ഈ ഉത്തരവ് ഗവർണറുടെ അധികാരം കവരുന്നതാണ് എന്നതാണ് പ്രശ്നം സങ്കീർണമാക്കുന്നത്.
ഗവർണറുടെ ഓഫിസാണ് ഇതുവരെ സേർച് കമ്മിറ്റി രൂപീകരിച്ചു വിജ്ഞാപനം ഇറക്കിയിരുന്നത്. ഇതു സംബന്ധിച്ച പത്രപ്പരസ്യം ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നൽകും. അപേക്ഷകൾ ക്രോഡീകരിച്ച് കമ്മിറ്റി വിളിച്ചു കൂട്ടുന്നതു കൺവീനർ കൂടിയായ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോ ചീഫ് സെക്രട്ടറിയോ ആയിരിക്കും. എന്നാൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിസി നിയമനത്തിൽ സർക്കാർ ഇടപെടാൻ പാടില്ല. ഈ സാഹചര്യത്തിൽ ഗവർണറും രാജ്ഭവനും വിസി നിയമനത്തിനു നടപടി സ്വീകരിക്കാൻ ഒരുങ്ങുകയായിരുന്നു.
അതിനിടെ നിയമക്കുരുക്കിൽപ്പെടുത്തി വിസി നിയമനം നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് നടപടിയെന്ന് ആക്ഷേപം ഉണ്ട്. സേർച് കമ്മിറ്റിയിലേക്കുള്ള യുജിസി പ്രതിനിധിയുടെ പേര് ചാൻസലറുടെ ഓഫിസിനെ യുജിസി അറിയിച്ചതായി സർക്കാർ ഉത്തരവിലുണ്ട്. സേർച് കമ്മിറ്റി രൂപീകരിക്കുന്നതു ചാൻസലർ ആണെന്ന ധാരണയിലാണ് യുജിസി നടപടിയെന്നു വ്യക്തം. യുജിസി ചട്ടം അനുസരിച്ചു സേർച് കമ്മിറ്റിയിൽ സർവകലാശാലാ പ്രതിനിധി നിർബന്ധമല്ല. അക്കാദമിക് വിദഗ്ധർക്ക് ഒപ്പം യുജിസി പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാനാണ് ഗവർണർ തീരുമാനിച്ചിരുന്നത്. ഗവർണറുടെ ഈ നീക്കത്തെക്കുറിച്ച് അറിവു ലഭിച്ച സർക്കാർ സ്വന്തം നിലയിൽ സേർച് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.
കേരള സർവകലാശാലയിൽ മന്ത്രി ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ കൂടിയ സെനറ്റിന്റെ തീരുമാനം ചട്ടവിരുദ്ധമാണെങ്കിലും വീണ്ടും സെനറ്റ് വിളിച്ചു പ്രതിനിധിയെ നിശ്ചയിക്കേണ്ട എന്നാണ് വിസിയുടെ നിലപാട്. അങ്ങനെയൊരു നടപടി ഗവർണർ നിർദേശിച്ചിട്ടുമില്ല.