ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ആശങ്കകൾക്കു താൽക്കാലിക വിരാമമിട്ട് 3,000 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 5,000 കോടി രൂപയാണു കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഇൗ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്നു കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും കടമെടുപ്പിനുള്ള അനുമതി ഒരു സംസ്ഥാനത്തിനും നൽകിയിരുന്നില്ല.

ഇതോടെയാണ് അനുമതി തരും വരെ ഇടക്കാല വായ്പയ്ക്കുള്ള അനുമതി കേരളം ആവശ്യപ്പെട്ടത്. 3,000 കോടി രൂപ അടുത്തയാഴ്ച തന്നെ കടമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും കഴിഞ്ഞ വർ‌ഷം പാസാക്കാൻ കഴിയാത്ത ബില്ലുകൾ പാസാക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മെയിന്റനൻസ്‌ ഗ്രാന്റിന്റെ ആദ്യ ഗഡുവായി 1,377 കോടി രൂപ ഇന്നലെ ധനവകുപ്പ് അനുവദിച്ചു. ഇതിൽ 847.42 കോടി റോഡുകളുടെ അറ്റകുറ്റപ്പണികൾക്കാണ്‌. മറ്റുള്ള അറ്റകുറ്റപ്പണികൾക്കായി 529.64 കോടിയും നീക്കിവച്ചു. പഞ്ചായത്തുകൾക്ക്‌ 928.27 കോടി രൂപ ലഭിക്കും.

ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 74.82 കോടി, ജില്ലാ പഞ്ചായത്തുകൾക്ക്‌ 130.19 കോടി, മുനിസിപ്പാലിറ്റികൾക്ക്‌ 184.13 കോടി, കോർപറേഷനുകൾക്ക്‌ 59.45 കോടി എന്നിങ്ങനെയാണ്‌ വിഹിതമുള്ളത്‌. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ആദ്യമാസം തന്നെ മെയിന്റനൻസ് ഗ്രാന്റ് നൽകുന്നത്. ഗ്രാമീണ റോഡുകൾ നന്നാക്കുന്നില്ലെന്ന പരാതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നവർ പതിവായി കേൾക്കുന്നുണ്ട്. 

ക്ഷേമ പെൻഷനിലെ കേന്ദ്രവിഹിതം എത്തിയില്ല

തിരുവനന്തപുരം ∙ വിഷുവും ഇൗസ്റ്ററും റമസാനും പ്രമാണിച്ച് സംസ്ഥാന സർക്കാർ വിതരണം തുടങ്ങിയ 2 മാസത്തെ ക്ഷേമ പെൻഷന്റെ കേന്ദ്ര വിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിയില്ല. അതിനു മുൻപു വിതരണം ചെയ്ത ഒരു മാസത്തെ പെൻഷനിലും ഇതേ തടസ്സം നേരിട്ടിരുന്നു. 3,200 രൂപയാണ് 2 മാസത്തെ പെൻഷനായി ലഭിക്കേണ്ടത്. എന്നാൽ, കേന്ദ്ര വിഹിതം കൂടി ഉൾപ്പെടുത്തി പെൻഷൻ ലഭിക്കുന്ന 6.88 ലക്ഷം പേർക്ക് സംസ്ഥാന വിഹിതം മാത്രമാണു ലഭിച്ചത്. കേന്ദ്ര വിഹിതമായി കിട്ടേണ്ട 400 മുതൽ 1000 രൂപവരെ ഇതുവരെ ലഭിച്ചിട്ടില്ല. പിന്നീട് തിരികെ ലഭിക്കുമെന്ന ഉറപ്പിൽ ഇൗ തുക കൂടി സംസ്ഥാന സർക്കാർ കൈമാറിയിരുന്നു. എന്നിട്ടും തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയിട്ടില്ലെന്നാണു പരാതി. 

സാങ്കേതിക തകരാറാണു കാരണമെന്നാണ് കേന്ദ്രം സംസ്ഥാനത്തിനു നൽകിയ വിശദീകരണം. വാർധക്യകാല , വിധവാ , വികലാംഗ പെൻഷനുകൾക്ക് യഥാക്രമം 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ നിരക്കുകളിലാണ്‌ 6.88 ലക്ഷം പേർക്ക് കേന്ദ്ര സഹായം . തുടർന്നുള്ള മാസങ്ങളിലെ ക്ഷേമ പെൻഷൻ വിതരണത്തിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 2,000 കോടി രൂപ വായ്പയെടുക്കാൻ തീരുമാനിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി. 9.1% ആണു പലിശ.

English Summary:

Central government give permission to Kerala government to borrow three thousand crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com