ADVERTISEMENT

കോഴിക്കോട്∙ പത്തു പേരുടെ അറസ്റ്റിനും നാലു വനം വകുപ്പ് ജീവനക്കാരുടെ സസ്പെൻഷനും വഴിവച്ച വയനാട് സുഗന്ധഗിരി വനം കൊള്ളയിൽ ഉന്നത സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. വനം ജീവനക്കാരനെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സ്വകാര്യ തടി ഡിപ്പോകൾക്ക് ഫോം–4 പാസുകൾ നൽകുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നതും ഉൾപ്പെടെ ശുപാർശകളോടെയാണ് റിപ്പോർട്ട് വിജിലൻസ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എൽ.ചന്ദ്രശേഖരനു നൽകിയത്. 

ഉന്നതതല ചർച്ചകൾക്കു ശേഷം കൂടുതൽ നടപടികൾ തീരുമാനിക്കും.

മൂന്നു ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘം 10 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കിയത്. കരാറുകാരിൽ നിന്നുള്ള മൊഴിയിലാണ് സസ്പെൻഷനിലായ ഒരു വനം ജീവനക്കാരൻ അര ലക്ഷം രൂപ പണമായി കൈപ്പറ്റിയിട്ടുണ്ടെന്നും മരം മുറിക്കാൻ കൂട്ടുനിന്നിട്ടുണ്ടെന്നും വ്യക്തമായത്. ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് കൽപറ്റ റേഞ്ച് ഓഫിസർ നിയമോപദേശം തേടിക്കഴിഞ്ഞു. 

ഇതിനിടെ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു ലഭിച്ച പരാതിയിൽ റിപ്പോർട്ട് നൽകാനും സംസ്ഥാന വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി നൽകിയ എൻവയൺമെന്റൽ പ്രൊട്ടക്‌ഷൻ ആൻഡ് റിസർച് കൗൺസിൽ പ്രസിഡന്റ് എസ്.ജെ.സഞ്ജീവിനോട് കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ ആവശ്യപ്പെട്ടു.

ആദിവാസികൾക്ക് പതിച്ചുനൽകിയ വനഭൂമിയിൽ വീടിനു ഭീഷണി ഉയർത്തിയ 20 മരങ്ങൾ വെട്ടാനായി നൽകിയ പാസിന്റെ മറവിലാണ് 106 മരങ്ങൾ വെട്ടിക്കടത്തിയത്. യൂണിഫോമിട്ട ഉദ്യോഗസ്ഥർ തന്നെയാണ് മരംവെട്ടിനു കാവൽ നിന്നത്. സ്വകാര്യ തടി ഡിപ്പോകൾക്ക് ആവശ്യാനുസരണം തടി കൊണ്ടുപോകാനായി മുൻകൂർ നൽകുന്ന ഫോം–4 പാസ് ദുരുപയോഗം ചെയ്താണ് കള്ളത്തടി ചെക്പോസ്റ്റ് കടത്തിയത്.

English Summary:

Investigation report submitted on sugandhagiri case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com