കാസർകോട്: സ്ഥാനാർഥിയുടെ ജനകീയതയിൽ വിജയ പ്രതീക്ഷവച്ച് യുഡിഎഫ്; സംഘടനാശക്തിയിൽ ആശ്രയിച്ച് എൽഡിഎഫ്

Mail This Article
കാസർകോട്ട് ജയം രാജ്മോഹൻ ഉണ്ണിത്താന്റെ ജനകീയതയ്ക്കോ സിപിഎമ്മിന്റെ സംഘടനാശേഷിക്കോ ? എൽഡിഎഫ് എല്ലാ സംഘടനാസംവിധാനവും വിനിയോഗിക്കുന്ന മണ്ഡലത്തിൽ ‘ഉണ്ണിത്താൻ ഫാക്ടർ’ എന്ന ഒറ്റഘടകം ഉപയോഗിച്ചാണു യുഡിഎഫ് എതിരിടുന്നത്.
5 വർഷത്തെ പ്രവർത്തനങ്ങളിലും നേടിയെടുത്ത വ്യക്തിബന്ധങ്ങളിലുമാണ് ഉണ്ണിത്താന്റെ പ്രതീക്ഷ. ജനകീയ എംപിയെന്ന പേരും സംസ്ഥാന സർക്കാരിനെതിരായ വികാരവും ചേരുമ്പോൾ ജയിക്കാനാകുമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു.
പൗരത്വ നിയമത്തിനെതിരെ സിപിഎമ്മാണു സജീവമായി ഇടപെട്ടതെന്ന് ഊന്നിപ്പറഞ്ഞാണു ന്യൂനപക്ഷ വോട്ട് നിർണായകമായ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ പ്രചാരണം. മഞ്ചേശ്വരത്തും കാസർകോട്ടുമുള്ള പരമ്പരാഗത വോട്ടുകളിലും എം.എൽ.അശ്വിനിയെന്ന പുതുമുഖ സ്ഥാനാർഥിയുടെ ഊർജസ്വലതയിലുമാണ് ബിജെപിയുടെ പ്രതീക്ഷ.

കണക്കുകൂട്ടലുകൾ
ഇന്നത്തെ മട്ടിലുള്ള മുന്നണി സമവാക്യങ്ങൾ രൂപംകൊണ്ട 1980 മുതലുള്ള കണക്കെടുത്താൽ 1984 ലും 2019 ലും മാത്രമാണു യുഡിഎഫ് കാസർകോട്ട് ജയിച്ചിട്ടുള്ളത്. എന്നാൽ 2014 ൽ ടി.സിദ്ദിഖിനെ ഇറക്കിയപ്പോൾ പി.കരുണാകരന്റെ ഭൂരിപക്ഷം 6921 ആയി കുറയ്ക്കാനായി. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ തവണത്തെ ജയമെന്നും കാസർകോടിന്റെ രാഷ്ട്രീയ മനസ്സ് മാറുകയാണെന്നുമാണ് അവരുടെ അവകാശവാദം.
7 നിയമസഭാ മണ്ഡലങ്ങളിൽ കാസർകോട് ജില്ലയിലെ മഞ്ചേശ്വരവും കാസർകോടുമാണ് യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങൾ. അതുപോലെ കണ്ണൂർ ജില്ലയിലെ കല്ല്യാശേരി, പയ്യന്നൂർ മണ്ഡലങ്ങൾ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളാണ്. ശേഷിക്കുന്ന ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ നിന്ന് 25,000 വോട്ട് ലീഡ് നേടിയാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. 2021 ൽ 7 നിയമസഭാ സീറ്റുകളും ചേർത്തുള്ള കണക്കിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതും എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
മഞ്ചേശ്വരത്തും കാസർകോട്ടും രണ്ടാം സ്ഥാനത്തുള്ള ബിജെപി നേടുന്ന വോട്ടുകളും ജയപരാജയങ്ങളെ സ്വാധീനിക്കും. കഴിഞ്ഞ തവണയായിരുന്നു ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനം – 1,76,049 വോട്ട്.
എം.എൽ.അശ്വിനിയെ ബിജെപി ഇവിടെ സ്ഥാനാർഥിയാക്കിയതു തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും വിലയിരുത്തലുണ്ട്.
രാജ്മോഹൻ ഉണ്ണിത്താൻ (70) - കോൺഗ്രസ്
∙ സിറ്റിങ് എംപി, കെപിസിസി അംഗം, കെപിസിസി ഔദ്യോഗിക വക്താവ്.
∙ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ മുൻ ചെയർമാൻ. സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
∙ 2 തവണ നിയമസഭയിലേക്കു മത്സരിച്ചു.
അനുകൂലം
∙ ജനകീയ ഇടപെടലുകളിലൂടെ നല്ല സ്വാധീനം; പൊതുസമ്മതൻ.
∙ എംപിയെന്ന നിലയിലെ മെച്ചപ്പെട്ട പ്രകടനം.
പ്രതികൂലം
∙ പുതിയ വോട്ടർമാരെ ചേർക്കാൻ ഊർജിത ശ്രമങ്ങളില്ല.
∙ 2019ലേതു പോലെ രാഹുൽ തരംഗം പ്രതീക്ഷിക്കാനില്ല.
എം.വി.ബാലകൃഷ്ണൻ (74) - സിപിഎം
∙ സിപിഎം കാസർകോട് മുൻ ജില്ലാ സെക്രട്ടറി.
∙ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകജോലി വിട്ട് മുഴുവൻ സമയ രാഷ്ട്രീയത്തിലെത്തി.
∙ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് മുൻ വൈസ് ചെയർമാൻ.
അനുകൂലം
∙ ഒരു വർഷത്തോളമായി നടത്തുന്ന തയാറെടുപ്പ്.
∙ പുതിയ വോട്ടർമാരെ ചേർക്കുന്നതിലെ കാര്യക്ഷമത.
പ്രതികൂലം
∙ എംപിയുടെ പുതിയ പ്രവർത്തനശൈലി കൊണ്ടുവന്ന മാറ്റം.
∙ മണ്ഡലത്തിൽ കുറഞ്ഞുവരുന്ന ഇടതു വോട്ട്.
എം.എൽ.അശ്വിനി (38) - ബിജെപി
∙ മഹിളാ മോർച്ച ദേശീയ നിർവാഹകസമിതി അംഗം, കർണാടക മഹിളാ മോർച്ച സഹ പ്രഭാരി.
∙ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ഡിവിഷൻ അംഗം.
∙ 2020 ൽ അധ്യാപക ജോലി വിട്ട് മുഴുവൻ സമയ പൊതുപ്രവർത്തകയായി.
അനുകൂലം
∙ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാമെന്ന പ്രതീക്ഷ
∙ അശ്വിനിയുടെ ബഹുഭാഷാ വൈഭവം.
പ്രതികൂലം
∙ മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് അനുപാതം അനുസരിച്ച് വിജയസാധ്യത അകലെ.