ADVERTISEMENT

തൃശൂർ ∙ സുരേഷ് ഗോപി മിടുക്കനാണെന്നും തൃശൂരിന്റെ എംപി ആകാൻ ഫിറ്റ് (യോഗ്യൻ) ആണെന്നും എൽഡിഎഫ് മേയർ എം.കെ.വർഗീസ് ചാനലുകൾക്കു മുന്നിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ രാഷ്ട്രീയ പൊട്ടിത്തെറി. സുരേഷ് ഗോപിയെ രാഷ്ട്രീയമായി പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം വോട്ടഭ്യർഥിച്ചു വന്നപ്പോൾ ആതിഥ്യമര്യാദയുടെ പേരിൽ ചായ കൊടുക്കുകയാണു ചെയ്തതെന്നും പിന്നീടു മേയർ വിശദീകരിച്ചു.

സുരേഷ് ഗോപി വന്നപ്പോൾ അവിടെയില്ലാതിരുന്ന ഒരു ചാനൽ നൽകിയ തെറ്റായ വാർത്തയാണ് അനാവശ്യ വിവാദമായതെന്നു പറഞ്ഞെങ്കിലും വിഡിയോ വ്യാജമെന്ന് മേയർ പറഞ്ഞില്ല. കോൺഗ്രസ് വിമതൻ ആയി മത്സരിച്ചു ജയിച്ച് എൽഡിഎഫ് പിന്തുണയോടെ മേയറായ ആളാണ് എം.കെ.വർഗീസ്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മേയറുടെ ചേംബറിൽ വോട്ടഭ്യർഥനയുമായി എത്തിയതിനു പിന്നാലെയാണു വിവാദത്തിന്റെ തുടക്കം.

സുരേഷ് ഗോപിയെ ഹസ്തദാനം ചെയ്തു സ്വീകരിക്കുകയും ചായ നൽകുകയും ചെയ്തു. മേയറോട് വോട്ടഭ്യർഥിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘വോട്ടഭ്യർഥിക്കാതെ തന്നെ അദ്ദേഹം ചെയ്യുമല്ലോ’ എന്ന‍ു സുരേഷ് ഗോപി മറുപടി നൽകി. തുടർന്ന്, തൃശൂരിന്റെ എംപി ആകാൻ സുരേഷ് ഗോപി ഫിറ്റ് ആണോ എന്നു മാധ്യമപ്രവർത്തകർ മേയറോടു ചോദിച്ചപ്പോൾ ‘എന്തുകൊണ്ടല്ല’ എന്നു മേയറുടെ മറുപടി.

‘താൻ ഫിറ്റാണെന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ അദ്ദേഹം ഇവിടെ മത്സരിക്കുന്നത്. അദ്ദേഹം ഫിറ്റാണ്. എംപി ആകാൻ എല്ലാവർക്കും പറ്റില്ല. അതിനു ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലണം. ജനത്തിനിടയിൽ നിൽക്കുന്നയാളാണു സുരേഷ് ഗോപി. കോർപറേഷനു വേണ്ടി അദ്ദേഹം പണം നൽകി. മറ്റു ചിലർ വാഗ്ദാനമാണു നൽകിയത്– മേയർ പറഞ്ഞു. സുരേഷ് ഗോപിക്കു 

പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. നാടിന്റെ വികസനത്തിന് ആരു സഹായിച്ചാലും സ്വീകരിക്കുന്നതാണെന്റെ രീതി. എംപി ആകാൻ സുരേഷ് ഗോപി ഫിറ്റ് ആണെന്നല്ല, ശാരീരികമായി ഫിറ്റ് ആണെന്നാണ് ഉദ്ദേശിച്ചത്. 3 സ്ഥാനാർഥികളും ഫിറ്റ് ആണ്. കുപ്പത്തൊട്ടിയായിരുന്ന ലാലൂരിൽ സ്റ്റേഡിയം നിർമിക്കാൻ സഹായിച്ചത് എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽ കുമാർ ഉൾപ്പെടെയുള്ളവരാണെന്നും മേയർ പറഞ്ഞു. 

അന്തർധാര വ്യക്തമായെന്ന് കെ. മുരളീധരൻ

തൃശൂർ ∙ എംപി ആകാൻ സുരേഷ് ഗോപി ഫിറ്റ് ആണെന്ന മേയറുടെ വാക്കുകളിലൂടെ സിപിഎം – ബിജെപി അന്തർധാര വ്യക്തമായെന്ന് യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ ശബ്ദമാണു മേയറുടെ വാക്കുകളിലൂടെ വന്നത്. മുരളീധരൻ മാത്രം തോൽക്കണമെന്നല്ല, എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ കൂടി തോൽക്കണമെന്നാണു മേയറുടെ വാക്കുകളിൽ. ഇപ്പോൾ ചിത്രം വ്യക്തമായി. ഇടതുപക്ഷം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഇടതുപക്ഷക്കാർ യുഡിഎഫിനു വോട്ട് ചെയ്യണം.

അവർ എൽഡിഎഫിനു വോട്ട് ചെയ്താലും പിണറായി വിജയന്റെ ഒരു വിഭാഗം ആൾക്കാർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യും. അങ്ങനെ സംഭവിച്ചാൽ ബിജെപി ജയിക്കുന്ന അന്തരീക്ഷമുണ്ടാകും. അതിനെ ചെറുക്കാൻ എല്ലാവരും യുഡിഎഫിനെ സഹായിക്കണം. സുനിൽ കുമാർ ഇനി എന്തിനാണു മത്സരിക്കുന്നതെന്നും മുരളി ചോദിച്ചു. സിപിഎം – ബിജെപി ഡീൽ പുറത്തുവന്നെന്നും അങ്ങനെയൊരു ഡീൽ നിലവിലില്ലെങ്കിൽ മേയറെ പുറത്താക്കാൻ സിപിഎം തയാറാകണമെന്നും കോൺഗ്രസ് നേതാവ് അനിൽ അക്കര ആവശ്യപ്പെട്ടു.

English Summary:

LDF Mayor says Suresh Gopi is fit to become MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com