ADVERTISEMENT

ന്യൂഡൽഹി/തിരുവനന്തപുരം ∙ കേരളം ഉൾപ്പെടെ ഇന്ത്യയുടെ 80 ശതമാനത്തോളം പ്രദേശങ്ങളിലും ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലേറെ മഴ ലഭിക്കാൻ സാധ്യതയെന്നു പ്രവചനം. ജൂൺ– സെപ്റ്റംബർ കാലയളവിലെ മഴ സംബന്ധിച്ചു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ആദ്യ പ്രവചനത്തിലാണ് ഈ അനുമാനം. മേയ് അവസാനം പുറത്തിറക്കുന്ന അന്തിമ പ്രവചനത്തിൽ ഇതിൽ മാറ്റം വരാം. കാലവർഷം എന്നാണ് ആരംഭിക്കുകയെന്നും മേയ് അവസാനത്തിലെ പ്രവചനത്തിലാണു പറയുക. 

സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമായ എൽ നിനോ നിലവിലുണ്ടെങ്കിലും ഇത് കാലവർഷം തുടങ്ങുന്നതോടെ തീർത്തും ഇല്ലാതാകുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ 201.86 സെന്റിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം ഇത് 132.7 സെന്റിമീറ്റർ മാത്രമായിരുന്നു (34% കുറവ്). 

തെക്കൻ ജില്ലകളിൽ ചൂടിനു ശമനം; വേനൽമഴ

തിരുവനന്തപുരം ∙ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചതോടെ കേരളത്തിലെ തെക്കൻ ജില്ലകളിലെ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. തുടർച്ചയായി 38 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തിയിരുന്ന പുനലൂരിൽ ഇന്നലെ 35.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം (35), കോട്ടയം (37.6), കൊച്ചി വിമാനത്താവളം (37.9) എന്നിവിടങ്ങളിലും താപനില കുറഞ്ഞു. എന്നാൽ, വേനൽമഴ ലഭിക്കാത്ത വടക്കൻ ജില്ലകളിൽ താപനില ഉയർന്നു തന്നെയാണ്. കണ്ണൂർ വിമാനത്താവളം, തൃശൂർ വെള്ളാനിക്കര (39.7) എന്നിവിടങ്ങളിലാണ് ഇന്നലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. പാലക്കാട് 39.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് 18, 19 തീയതികളിൽ വടക്കൻ ജില്ലകളിൽ ഉൾ‌പ്പെടെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 2 ദിവസങ്ങളിലും കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരപ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കൽക്കരി വൈദ്യുതി പൂർണതോതി‍ലേക്ക്

ന്യൂഡൽഹി ∙ ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ താപവൈദ്യുതി നിലയങ്ങളും ഒക്ടോബർ 15 വരെ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ കേന്ദ്ര ഊർജമന്ത്രാലയം ഉത്തരവിട്ടു. വേനൽക്കാലത്ത് കുതിച്ചുയരുന്ന വൈദ്യുതി ആവശ്യം നിറവേറ്റാനാണിത്. 

ഏപ്രിൽ – ജൂൺ കാലയളവിൽ വൈദ്യുതി ആവശ്യം 260 ഗിഗാവാട്ട് വരെ പോയേക്കാം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഏറ്റവും ഉയർന്ന ആവശ്യകതയുണ്ടായത– 243 ഗിഗാവാട്ട്. അദാനി പവർ, ടാറ്റ പവർ അടക്കമുള്ള കമ്പനികളുടെ 15 നിലയങ്ങളാണ് ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്നത്. 

English Summary:

This time monsoon will be heavy in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com