ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്നു വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ ക്യാരി ബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടുപോകുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാൻ ബാലറ്റുകൾ സീൽ ചെയ്ത പെട്ടികളിൽ സൂക്ഷിക്കുന്നുവെന്ന് കമ്മിഷൻ ഉറപ്പാക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എന്നാൽ, വീട്ടിൽ വോട്ട് ചെയ്തവരുടെ ബാലറ്റുകൾ തുറന്ന സഞ്ചികളിൽ കൊണ്ടുപോയെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു. അത്തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ തുറന്ന സഞ്ചികളിൽ ബാലറ്റ് കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടുവണ്ണൂരിൽ ബാലറ്റുകൾ നിക്ഷേപിച്ച പെട്ടി സീൽ ചെയ്യാതെ പൂട്ടുക മാത്രം ചെയ്തതിൽ തർക്കമുണ്ടായി. തർക്കം സംഘർഷത്തിലേക്കു നീങ്ങുമെന്ന് ആശങ്ക ഉയർ‌ന്നതോടെ പോളിങ് ഉദ്യോഗസ്ഥ സംഘത്തെ എആർഒ തിരിച്ചുവിളിച്ചു.

കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിൽ കണ്ണങ്കോട് 155-ാം നമ്പർ ബൂത്തിൽ പ്രിസൈഡിങ് ഓഫിസർ സ്ഥലത്തുള്ള സിപിഎം പ്രതിനിധിയുമായി എത്തി വോട്ട് ചെയ്യിച്ചെന്നു യുഡിഎഫ് പരാതിപ്പെട്ടു. കൊല്ലത്ത് ബാലറ്റ് പേപ്പറിൽ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ചിഹ്നമായ ‘മൺവെട്ടിയും മൺകോരികയും’ തെളിച്ചമില്ലാതെയാണ് അച്ചടിച്ചതെന്ന് യുഡിഎഫ് കമ്മിഷനു പരാതി നൽകി. എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ വ്യക്തമാണെന്നാണ് ആരോപണം.

English Summary:

Election Commission rejects UDF complaint on ballot in bag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com