ADVERTISEMENT

തിരുവനന്തപുരം ∙ മാനേജ്മെന്റ് സീറ്റിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ഇല്ലാതാകുകയും ഓരോ കോളജിലും വെവ്വേറെ അപേക്ഷിക്കേണ്ട സ്ഥിതിയാവുകയും ചെയ്തതോടെ ബിഎസ്‌സി നഴ്സിങ് പ്രവേശനം കടുത്ത പ്രതിസന്ധിയിൽ. വിദേശരാജ്യങ്ങളിൽ തൊഴിലവസരമുള്ളതിനാൽ സാധാരണക്കാരായ കുട്ടികളുടെ പ്രതീക്ഷയായ നഴ്സിങ് കോഴ്സ് പ്രവേശനത്തിന്റെ കുരുക്കഴിക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഓഗസ്റ്റ് ഒന്നിനു പ്രവേശനം ആരംഭിക്കണമെന്നും സെപ്റ്റംബർ 30ന് അവസാനിപ്പിക്കണമെന്നുമാണ് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശം. സംസ്ഥാനത്ത് ആകെയുള്ളത് 9355 സീറ്റുകൾ. ഇതിൽ 7105 എണ്ണം സ്വകാര്യമേഖലയിലാണ്. മാനേജ്മെന്റ് സീറ്റിലും മെറിറ്റ് മാനദണ്ഡമാക്കണമെന്നാണു 2001 മുതൽ സിപിഎം നയം. അതേ പാർട്ടി നയിക്കുന്ന സർക്കാർ തന്നെ ഇപ്പോൾ മാനേജ്മെന്റ് സീറ്റിൽ മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം ഇല്ലാതാക്കുകയാണ്. 

ജിഎസ്ടിയിൽ കുരുക്കി; അസോസിയേഷൻ പിൻവാങ്ങി

സ്വകാര്യ കോളജുകളിലെ സീറ്റുകളിൽ 50% മാനേജ്മെന്റിനാണ്. സംസ്ഥാനത്തെ 119 സ്വകാര്യ കോളജുകളിൽ 82 കോളജുകൾ 2 മാനേജ്മെന്റ് അസോസിയേഷനുകൾക്കു കീഴിലാണ്. ഈ അസോസിയേഷനുകൾ അപേക്ഷ ക്ഷണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തിവരികയായിരുന്നു. ഓരോ അസോസിയേഷനും അപേക്ഷാ ഫീസ് 1,000 രൂപ. 2000 രൂപ അപേക്ഷാ ഫീസിനു മുടക്കിയാൽ 82 കോളജുകളിൽ എവിടെയെങ്കിലും അവസരം ഉണ്ടെങ്കിൽ ലഭിക്കുമായിരുന്നു കഴിഞ്ഞവർഷം വരെ. മെറിറ്റിൽ ആയതിനാൽ തലവരിയില്ല. 

എന്നാൽ, 2017 മുതലുള്ള ഓരോ അപേക്ഷാഫോമിനും 18% ജിഎസ്ടി കൊടുക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടു. വൻ തുക നികുതി ബാധ്യത വന്നതിനാൽ പ്രവേശനത്തിന് ഇനി ഏകജാലകമില്ലെന്ന് അസോസിയേഷനുകൾ പ്രഖ്യാപിച്ചു. പുതിയ സാഹചര്യത്തിൽ വിദ്യാർഥികൾ ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാ ഫീസ് നൽകണം. ഓരോ മാനേജ്മെന്റും സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുമ്പോൾ തലവരി ഈടാക്കാനും സാധ്യതയുണ്ട്. 

അസോസിയേഷനുകളിൽ അംഗമല്ലാത്ത 37 കോളജുകൾ നിലവിൽ സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുന്നുണ്ട്. ഇവിടങ്ങളിൽ 7 ലക്ഷം രൂപയ്ക്കു മുകളിലാണു തലവരിയെന്ന് ഹൈക്കോടതിയിലെ ഹർജിയിൽ വിദ്യാർഥികൾ വ്യക്തമാക്കുന്നു. മെറിറ്റ് അട്ടിമറിക്കുന്നതിനൊപ്പം 82 കോളജുകളിൽ കൂടി തലവരി മടങ്ങിയെത്താനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. 

പ്രവേശനപരീക്ഷയിൽ ഒളിച്ചുകളി

പ്രവേശനപരീക്ഷ വേണമെന്നു 3 വർഷമായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ഈ വർഷം പ്രവേശനപരീക്ഷ ഉണ്ടാകുമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നീടു പിൻവലിച്ചു. പ്രവേശനപരീക്ഷ വേണമെന്നു മാനേജ്മെന്റ് അസോസിയേഷനുകളും വാദിക്കുമ്പോഴാണു സർക്കാർ ഒളിച്ചോടുന്നത്. സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുന്ന കോളജുകളാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. 

പരിശോധന മുടങ്ങി 

കേരള നഴ്സിങ് കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും അഫിലിയേഷനുള്ള കോളജുകളിൽ മാത്രമേ പ്രവേശനം നടത്താൻ പാടുള്ളൂ. അഫിലിയേഷൻ നൽകുന്നതിനു മുന്നോടിയായി സർവകലാശാലയുടെ പരിശോധനകൾ ഏതാണ്ടു പൂർത്തിയായി. കൗൺസിലിന്റെ പരിശോധന നടന്നിട്ടില്ല. ഈ പരിശോധനാ സമിതിയിൽ കഴിഞ്ഞ വർഷം മുതൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളെയും ഉൾപ്പെടുത്തി. കോളജുകൾ സന്ദർശിച്ച അവർ കുറ്റങ്ങളും കുറവുകളും കണ്ടെത്തിയതിനൊപ്പം ആനുപാതികമായി സീറ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഇതിനെതിരെ മാനേജ്മെന്റുകൾ പരാതിയുമായി എത്തിയപ്പോൾ കൗൺസിലിന്റെ പരിശോധനയേ വേണ്ടെന്നു സർക്കാർ ഉത്തരവിറക്കി. ഈ ഉത്തരവു നിൽക്കുന്നതിനാൽ കൗൺസിൽ അംഗങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള പരിശോധന പോലും നടത്താനാവാത്ത സ്ഥിതിയാണുള്ളത്. ഇത് കോഴ്സിന്റെ അംഗീകാരത്തെ ബാധിക്കും. 

English Summary:

BSC Nursing Recruitment Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com