ADVERTISEMENT

കോട്ടയം ∙ വെള്ളമുണ്ടും വെള്ള ഷർട്ടും ഷാളും ധരിച്ച് ‘സംസ്ഥാന നേതാവാ’യി റോഡ് ഷോയിൽ നിറഞ്ഞുനിന്നു ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ. മുഖമാകെ നിറയുന്ന പുഞ്ചിരിയാണ് നഡ്ഡയുടെ അഭിവാദ്യം. പൊതുസമ്മേളനത്തിലും നേതാക്കളുമായുള്ള ചർച്ചയിലും പക്ഷേ, ദേശീയ നേതാവിന്റെ തനി ഗൗരവം കാണാം. വയനാട്ടിൽ തുടങ്ങി ഷൊർണൂർ– കോട്ടയം വഴി തിരുവനന്തപുരം ബാലരാമപുരം വരെ നീണ്ടു ഇന്നലെ അദ്ദേഹത്തിന്റെ തിര‍ഞ്ഞെടുപ്പ് പര്യടനം. 3 റോഡ് ഷോയും ഒരു സമ്മേളനവുമായിരുന്നു പര്യടനത്തിലെ കാര്യപരിപാടി.

ഇന്ത്യ മുന്നണിയെ കടന്നാക്രമിച്ചുള്ള പ്രസംഗം. എൽഡിഎഫും യുഡിഎഫും കേരളീയരെ പറ്റിക്കുന്ന പ്രചാരണമാണു നടത്തുന്നതെന്നു വിമർശനം. മറ്റു സംസ്ഥാനങ്ങളിൽ ഒന്നിച്ചു മത്സരിക്കുന്നവർ കേരളത്തിൽ രണ്ടായി മത്സരിക്കുന്നു. യുഡിഎഫും എൽഡിഎഫും അഴിമതിയിൽ മുങ്ങിയെന്നും വിമർശനം. ആക്രമണം മാത്രമല്ല, മോദി സർക്കാരിന്റെ നേട്ടങ്ങളും പ്രസംഗത്തിൽ  ഇടംപിടിക്കുന്നു. വയനാട്ടിൽ റോഡ് ഷോയിൽ സ്ഥാനാർഥി കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കൾ അകമ്പടിയായി. 

ഷൊർണൂരിലെ പൊതുയോഗവേദിയിൽ പി.സി.ജോർജും മേജർ രവിയും സ്ഥാനാർഥി സി.കൃഷ്ണകുമാറും അടക്കമുള്ളവർ. പര്യടനം ഓരോ പോയിന്റ് കടക്കുമ്പോഴും വൈകിയതിനാൽ കോട്ടയത്തേക്ക് ഓടിപ്പിടിച്ചാണ് എത്തിയത്. നാഗമ്പടത്ത് ഹെലികോപ്റ്ററിൽ ഇറങ്ങിയ നഡ്ഡയെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും മറ്റു നേതാക്കളും സ്വീകരിച്ചു. ഷർട്ടും മുണ്ടും ഒപ്പം കസവ് രണ്ടാം മുണ്ടും ധരിച്ച് കാരണവരെപ്പോലെ നഡ്ഡ കോട്ടയത്തിന്റെ മണ്ണിലേക്ക്. 

തുഷാറിന്റെ കാറിൽ സ്റ്റേഡിയത്തിനു തൊട്ടടുത്തുള്ള ഹോട്ടലിൽ ഉച്ചഭക്ഷണത്തിനായി പോയി. ചെറുതെങ്കിലും ഒരു കേരള കോൺഗ്രസിനെ എൻഡിഎയിൽ എത്തിച്ച സന്തോഷത്തിലാണ് കോട്ടയത്തെ ബിജെപി – എൻഡിഎ നേതൃത്വം ദേശീയ പ്രസിഡന്റിനെ സ്വാഗതം ചെയ്തത്. കേരള കോൺഗ്രസ് വിട്ടിറങ്ങി വന്നു പുതിയ പാർട്ടി രൂപീകരിച്ച മുൻ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ഹോട്ടലിൽ എത്തി നഡ്ഡയെ കണ്ടു. 

വളരെ വേഗം റോഡ് ഷോയിലേക്ക് എത്തിയ നഡ്ഡയെ പുഷ്പവൃഷ്ടി നടത്തി പ്രവർത്തകർ സ്വീകരിച്ചു. റോഡ് ഷോയ്ക്കിടെ, തുറന്ന വാഹനത്തിന്റെ മുന്നിൽ സ്ഥാപിച്ച സ്ഥാനാർഥിയുടെ ചിഹ്നമായ കുടത്തിനു കാറ്റത്തു സ്ഥാനചലനം വന്നപ്പോൾ നഡ്ഡതന്നെ പിടിച്ചെടുത്ത് നേരെവച്ചു – കൈവിടില്ലെന്ന ഉറപ്പുപോലെ.

കാവിയും പച്ചയും നിറഞ്ഞ ബിജെപി കൊടികൾക്കൊപ്പം വെള്ളയും മെറൂണും നിറമുള്ള ബിഡിജെഎസ് കൊടികളും നിറഞ്ഞ വഴികളിൽ തുറന്ന വാഹനം പതുക്കെ നീങ്ങിയപ്പോൾ ഒപ്പമുള്ളവർ തിടുക്കം കൂട്ടി. ഇപ്പോൾത്തന്നെ ഒരു മണിക്കൂറിലേറെ വൈകി. തിരുവനന്തപുരത്ത് എത്തണം. വാഹനത്തിനു കുറച്ചു വേഗം കൂട്ടാം. കോട്ടയത്തെ ഗാന്ധി പ്രതിമയ്ക്കു സമീപം വാഹനമെത്തിയപ്പോൾ കൂടെയുള്ളവർ പറഞ്ഞു; നിർത്താം. മടങ്ങാൻ സമയമായി. പ്രസംഗിക്കാതെ പെട്ടെന്നു മടക്കം.

English Summary:

BJP president JP Nadda campaign in Kerala for Loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com