ADVERTISEMENT

കൽപറ്റ ∙ വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ പ്രകടനം നയിച്ചു മുന്നിൽ നടക്കുമ്പോൾ പിൻനിരയിൽ ഒരു കൂട്ടം ചെറുപ്പക്കാർ ഹിന്ദിയിൽ ശബ്ദമുയർത്തി മുദ്രാവാക്യം വിളിക്കുന്നതു കേൾക്കാം. അവർക്കിടയിൽ ഒരാളായി ഡൽഹിയിലെ തീപ്പൊരി വിദ്യാർഥിനേതാവ് അപരാജിതയുമുണ്ട്–ആനി രാജയുടെയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുടെയും മകൾ അപരാജിത രാജ. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം മാർച്ച് ഒന്നിന് അമ്മയ്ക്കൊപ്പം വയനാട്ടിലേക്കു തിരിച്ചതാണ് അപരാജിത. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥി സഖാക്കളും എഐവൈഎഫ് നേതാക്കളും സ്ക്വാഡ് പ്രവർത്തനത്തിൽ കൂട്ടിനുണ്ട്.

പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കപ്പെടാൻ ഇടതുപക്ഷ പ്രതിനിധി ലോക്സഭയിലുണ്ടാകേണ്ട ആവശ്യവും വിശദീകരിക്കുന്നു. വയനാട് നേരിടുന്ന വലിയ പ്രശ്നമാണ് വന്യജീവിശല്യം. വയനാടിനൊരു മുഴുവൻ സമയ എംപിയുണ്ടായാൽ മാത്രമേ ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയൂ- അപരാജിത പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം പാർട്ടി പ്രവർത്തനത്തിന്റെ തിരക്കുകളിൽ ചെറുപ്പം മുതലേ ഉണ്ടായിരുന്ന ആളാണ് അപരാജിത. ഡൽഹി സർവകലാശാലയിൽ നിന്നു ഡിഗ്രിയും ജവാഹർലാൽ നെഹ്റു സർവകലാശാലയിൽനിന്നു പിജിയും എംഫിലും നേടി. നിലവിൽ ജെഎൻയു സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷക.

കേന്ദ്ര സർക്കാർ ജെഎൻയുവിനെ രാഷ്ട്രീയമായി ഉന്നംവച്ചു തുടങ്ങുകയും ഡൽഹി പൊലീസ് വിദ്യാർഥി പ്രക്ഷോഭങ്ങളെ ഉരുക്കുമുഷ്ടികൊണ്ടു നേരിടുകയും ചെയ്ത സമയത്ത് അപരാജിത സംഘടനാരംഗത്തു കൂടുതൽ സജീവമായി. ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് കനയ്യ കുമാർ അറസ്റ്റിലാകുകയും എസ്എഫ്ഐ, ഐസ നേതാക്കൾക്ക് ഒളിവിൽ പോകേണ്ടിവരികയും ചെയ്തപ്പോൾ വിദ്യാർഥികളെ ഒരുമിച്ചു നിർത്താൻ നേതൃത്വം നൽകി. ഇപ്പോൾ എഐവൈഎഫ് ദേശീയ കൗൺസിൽ അംഗമാണ് അപരാജിത രാജ.

English Summary:

Daughter Aparajita and friends seeking vote for Annie Raja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com