ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി.ചിദംബരം. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ശശി തരൂരും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളല്ലാവരും പൗരത്വ നിയമത്തിനെതിരെ പോരാട്ടം നടത്തുന്നതിന്റെ ഒട്ടേറെ തെളിവുകൾ ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ നല്ല ഭൂരിപക്ഷത്തോടെ ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് വ്യക്തമായി. കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും വിമർശിക്കുന്ന സിപിഎമ്മിന് അധികാരത്തിലെത്താൻ കഴിയില്ലെന്നിരിക്കെ, ഇടതുപക്ഷത്തിന് വോട്ട് നൽകുന്നതുകൊണ്ട് എന്തുഗുണം എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. കേരളത്തിൽ 10 വർഷം കൊണ്ട് യുപിഎ സർക്കാർ നടപ്പാക്കിയത് 50,414 കോടിയുടെ പദ്ധതികളാണ്. ബിജെപി സർക്കാർ സംസ്ഥാനത്തിന് എന്തു നൽകിയെന്ന് വ്യക്തമാക്കണം.

നിലവിൽ ഭരണഘടനാ സ്ഥാപനങ്ങൾ പോലും ബിജെപിയുടെ നിയന്ത്രണത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ, വിവരാവകാശ കമ്മിഷൻ, പട്ടികജാതി, വർഗ കമ്മിഷൻ തുടങ്ങി സിഎജിക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നില്ല. ജുഡീഷ്യറിയും അത്തരമൊരു ആരോപണത്തിന്റെ നിഴലിലാണ് –ചിദംബരം പറഞ്ഞു.

കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ, മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി ജി.എസ്.ബാബു, എഐസിസി മാധ്യമ നിരീക്ഷകരായ ഗൗതം സേത്ത്, അവനി ബൻസാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

English Summary:

India Front will form government, repeal Citizenship Amendment Act: P.Chidambaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com