ADVERTISEMENT

തിരുവനന്തപുരം∙ നിശബ്ദ പ്രചാരണ ദിവസങ്ങളിൽ സമുഹ മാധ്യമം വഴി പ്രചാരണത്തിനും കുപ്രചാരണത്തിനും തയാറായി ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ആ ദിവസങ്ങളിൽ പൂർണമായും സമുഹ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനും എതിർസ്ഥാനാർഥികൾക്കെതിരെ മോശപ്പെട്ട പോസ്റ്റിടുന്നവരെയും വോട്ടർമാരെ സ്വാധീനിക്കാൻ തെറ്റായ പ്രചാരണം നടത്തുന്നവരെയും അപ്പോൾ തന്നെ കസ്റ്റഡിയിലൈടുക്കുന്നതിനും നിർദേശം. പോസ്റ്റുകൾ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യും. ഇതിനായി നാളെയും മറ്റന്നാളും തിരഞ്ഞെടുപ്പ് ദിവസവും തിരഞ്ഞെടുപ്പ് ദിവസവും പ്രത്യേക സമൂഹമാധ്യമ പട്രോളിങ് നടത്താൻ പൊലീസ് നോഡൽ ഓഫിസർമാർക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമുഹ മാധ്യമ പോസ്റ്റുകളുടെ പേരിൽ കേരളത്തിൽ നിലവിൽ 42 കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തത്. ഇതിൽ 12 കേസുകൾ തിരഞ്ഞെടുപ്പു കമ്മീഷനെതിരെയും വോട്ടിങ് യന്ത്രത്തിനെതിരെയും നടത്തിയ പ്രചാരണത്തിനാണ്. സ്ഥാനാർഥികൾക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് മറ്റു കേസുകൾ. സ്ഥാനാർഥിയായ കെ.കെ. ശൈലജയ്ക്കൊപ്പം പാനൂർ ബോംബ് കേസിലെ പ്രതിയുടെ ഫോട്ടോ പ്രചരിപ്പതിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്തിരുന്നു. രാഹുൽഗാന്ധി തോൽക്കുമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞതായി ഫോട്ടോ ഉൾപ്പെടുത്തി വ്യാജമായി പ്രചരിപ്പിച്ചതും കേസെടുത്തു. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യ കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ രാജീവ് ചന്ദ്രശേഖറും ഇ.പി. ജയരാജനും വെവ്വേറെ പരാതി നൽകിയിരുന്നു. വ്യാജഫോട്ടോയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇതിലും കേസെടുത്തു. സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്നതിന് പല തന്ത്രങ്ങളും  ഒരുങ്ങുന്നുവെന്നും പ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി വലിയതോതിൽ പ്രചരിപ്പിക്കുമെന്നും പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് വന്നിട്ടുമുണ്ട്. എല്ലാ റേഞ്ച് ഡിഐജിമാരുടെ കീഴിലും ജില്ലാ പൊലീസ് ആസ്ഥാനത്തും ഉൾപ്പെടെ പ്രത്യേക സംഘത്തെയാണ് ഇൗ ദിവസങ്ങളിലേക്ക് നിയോഗിച്ചത്.

English Summary:

Kerala Police on High Alert for Misinformation and Negative Campaigning During Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com